പ്രണയദിനം എന്നാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ചോക്ലേറ്റ് ദിനം എന്നാണെന്ന് അറിയാമോ? വർഷത്തിൽ രണ്ട് തവണയാണ് ലോകരാജ്യങ്ങൾ ചോക്ലേറ്റ് ദിനം ആഘോഷിക്കാറുള്ളത്. ഒന്ന് ഔദ്യോഗികമായി ലോക ചോക്ലേറ്റ് ദിനമായ ജൂലൈ 7 ആണ്. എന്നാൽ പ്രണയദിനത്തോട് അനുബന്ധിച്ചും ഒരു ദിവസം ചോക്ലേറ്റ് ദിനമായി ആഘോഷിക്കാറുണ്ട്. പ്രണയം തന്നെ മധുരതരം ആണെങ്കിലും ആ മധുരം ഇരട്ടിയാക്കാനായി അല്പം ചോക്ലേറ്റിന്റെ മധുരവും കൂടി പങ്കുവയ്ക്കുന്ന ദിവസമാണിത്. കമിതാക്കൾ പരസ്പരം ചോക്ലേറ്റുകൾ കൈമാറിയും പങ്കിട്ട് കഴിച്ചും ഈ ദിനം ആഘോഷിക്കുന്നു. വാലന്റൈൻസ് ആഴ്ചയിലെ മൂന്നാം ദിവസമാണ് ചോക്ലേറ്റ് ദിനം ആയി ആഘോഷിക്കുന്നത്. ഫെബ്രുവരി 14ന് പ്രണയദിനം ആഘോഷിക്കുമ്പോൾ ഫെബ്രുവരി 9നാണ് ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണെങ്കിലും ഇന്ന് ലോകം മുഴുവനുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും പ്രണയദിനവും ചോക്ലേറ്റ് ദിനവും എല്ലാം ആഘോഷിക്കപ്പെടാറുണ്ട്. എല്ലാ രാജ്യങ്ങളിലും വർഷത്തിൽ രണ്ട് തവണയാണ് ചോക്ലേറ്റ് ദിനമായി ആഘോഷിക്കാറുള്ളത് എങ്കിൽ ഈ കാര്യത്തിൽ ഒരു ഏഷ്യൻ രാജ്യം അല്പം വ്യത്യസ്തമാണ്. ജപ്പാനാണ് ചോക്ലേറ്റ് ദിന ആഘോഷങ്ങളിൽ വൈവിധ്യത നിറഞ്ഞ ആ രാജ്യം.
ജപ്പാനിൽ ഒരു വർഷത്തിൽ തന്നെ 10 തവണയാണ് ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നത്. ഫെബ്രുവരി ഒമ്പതും ജൂലൈ ഏഴും കൂടാതെ വർഷത്തിൽ മറ്റ് എട്ടു ദിവസങ്ങൾ കൂടി ജപ്പാനിൽ ചോക്ലേറ്റ് ദിനമാണ്. ജപ്പാന്റെ പാരമ്പര്യവും സംസ്കാരവും ആയി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഈ ചോക്ലേറ്റ് ദിന ആഘോഷങ്ങൾ. ജപ്പാനിലെ ആദ്യ ചോക്ലേറ്റ് ദിനം ജനുവരി 10നാണ് വരുന്നത്. ഇത് ഡാർക്ക് ചോക്ലേറ്റ് ദിനമാണ്. പിന്നീട് ഫെബ്രുവരി 9 ലെ പ്രണയദിനവുമായി ബന്ധപ്പെട്ടുള്ള ചോക്ലേറ്റ് ദിനം കഴിഞ്ഞാൽ മൂന്നാമതായി വരുന്ന ചോക്ലേറ്റ് ദിനം മാർച്ച് 14 ന് ആണ്. വൈറ്റ് ഡേ എന്നാണ് ജപ്പാനിൽ ഈ ദിനം അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വൈറ്റ് ചോക്ലേറ്റിന് ആയാണ് ഈ ദിവസം സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ ദിവസത്തിൽ പുരുഷന്മാർ സ്ത്രീകൾക്ക് വൈറ്റ് ചോക്ലേറ്റും അമൂല്യമായ സമ്മാനങ്ങളും നൽകി വരാറുണ്ട്.
ജപ്പാനിലെ നാലാമത്തെ ചോക്ലേറ്റ് ദിനം ഏപ്രിൽ 14നാണ് വരുന്നത്. ബ്ലാക്ക് ഡേ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഈ ദിവസം അവിവാഹിതർ കറുത്ത നിറത്തിലുള്ള മധുരപലഹാരങ്ങളും ചോക്ലേറ്റുകളും കറുത്ത പയർ കൊണ്ട് ഉണ്ടാക്കുന്ന പ്രത്യേക ന്യൂഡിൽസുകളും ഒക്കെ കഴിക്കാനായി വിനിയോഗിക്കുന്ന ദിവസമാണ്. ജപ്പാനിൽ കൂടാതെ കൊറിയയിലും ബ്ലാക്ക് ഡേ ഇതേ രീതിയിലാണ് ആഘോഷിക്കാറുള്ളത്.
ബ്ലാക്ക് ഡേയ്ക്ക് ശേഷം അഞ്ചാമത്തെ ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നത് മെയ് 15നാണ്. ഇത് ചോക്ലേറ്റ് ചിപ് ദിനമാണ്. ചോക്ലേറ്റ് കൊണ്ടുള്ള ചെറിയ ചിപ്സ് കഴിക്കുന്നതിനാണ് ഈ ദിവസത്തിൽ പ്രാധാന്യം. ആറാമത്തെ ചോക്ലേറ്റ് ദിനം വരുന്നത് ജൂൺ ഏഴിനാണ്. ചോക്ലേറ്റ് ഐസ്ക്രീം ദിനമായാണ് ജപ്പാനിൽ ഈ ദിവസം ആഘോഷിക്കുന്നത്. കമിതാക്കളും ദമ്പതികളും മറ്റുള്ളവരും ചോക്ലേറ്റ് ഐസ്ക്രീം കഴിക്കാൻ ഈ ദിവസം മാറ്റിവയ്ക്കുന്നു. ഏഴാം ചോക്ലേറ്റ് ദിനം ലോക ചോക്ലേറ്റ് ദിനമായ ജൂലൈ ഏഴിനാണ് വരുന്നത്. മറ്റു ലോകരാജ്യങ്ങൾക്ക് സമാനമായി ഈ ദിനം ജപ്പാനിലും ആഘോഷിക്കുന്നു.
ജപ്പാനിലെ എട്ടാമത്തെ ചോക്ലേറ്റ് ദിനം ജൂലൈ 28നാണ്. ഇത് മിൽക്ക് ചോക്ലേറ്റ് ദിനമായാണ് അറിയപ്പെടുന്നത്. അടുത്തതായി സെപ്റ്റംബർ 12 ആണ് ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നത്. വർഷത്തിലെ ഈ ഒമ്പതാം ചോക്ലേറ്റ് ദിനം ചോക്ലേറ്റ് മിൽക്ക് ഷേക്ക് ദിനമാണ്. പ്രത്യേക ചോക്ലേറ്റ് മിൽക്ക് ഷേക്ക് കുടിച്ചു കൊണ്ടാണ് ഈ ദിവസം ജപ്പാനിൽ ഉള്ളവർ ആഘോഷിക്കുന്നത്. പത്താം ചോക്ലേറ്റ് ദിനം ഡിസംബർ 16നാണ് ആഘോഷിക്കുന്നത്. ചോക്ലേറ്റിൽ പൊതിഞ്ഞ എന്തും കഴിക്കുന്ന ദിവസമാണിത്. ഈ ദിവസത്തിൽ ചോക്ലേറ്റ് കേക്കുകൾ മുതൽ ചോക്ലേറ്റ് ബിസ്ക്കറ്റുകൾ വരെയുള്ള വിഭവങ്ങൾ കഴിച്ചു കൊണ്ടാണ് വർഷത്തിലെ ഈ അവസാന ചോക്ലേറ്റ് ദിനം ജാപ്പനീസ് ജനത ആഘോഷിക്കുന്നത്.
Discussion about this post