പാലക്കാട്: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആണ് വാളയാർ പീഡനക്കേസ്. അയൽവാസികളുടെ പീഡനത്തെ തുടർന്ന് സഹോദരിമാരായ പെൺകുട്ടികൾ ജീവനൊടുക്കിയെന്ന വാർത്ത വളരെ ഞെട്ടലോടെ ആയിരുന്നു കേരളം കേട്ടത്. കുട്ടികളുടെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും ആരോപണം ഉയർന്നിരുന്നു. പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്നാണ് അന്വേഷണ സംഘങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണം പൂർത്തിയാക്കി സിബിഐ കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങളാണ് ഇപ്പോൾ കേരളത്തിൽ ചർച്ചാവിഷയം ആകുന്നത്. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സിബിഐ കുറ്റപത്രത്തിൽ ഉള്ളത്.
രണ്ടാഴ്ച മുൻപാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഒരു പ്രമുഖ ദേശീയ മാദ്ധ്യമം ആണ് ഈ വിവരങ്ങൾ എല്ലാം തന്നെ പുറത്തുവിട്ടിരിക്കുന്നത്. പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ പ്രതിയുമായി അമ്മ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഒന്നാം പ്രതിയുമായിട്ടായിരുന്നു അമ്മ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും മാദ്ധ്യമം കുറ്റപത്രത്തെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
മൂത്ത മകളെ ഒന്നാം പ്രതി ലൈംഗികമായി ചൂഷണം ചെയ്യുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും ഇതേ പ്രതിയുമായി ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇളയ കുട്ടിയുടെ മുൻപിൽ വച്ചായിരുന്നു ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. ഇളയ പെൺകുട്ടിയോട് പ്രതിയ്ക്ക് വഴങ്ങിക്കൊടുക്കാൻ അമ്മ നിർബന്ധിച്ചു.
പ്രതി മദ്യവുമായിട്ടാണ് ഇവരുടെ വീട്ടിൽ എത്തുക. ഇത് ദമ്പതികൾ പ്രോത്സാഹിപ്പിച്ചു. 2016 ഏപ്രിലിൽ ആയിരുന്നു ഇളയ മകളെ ഒന്നാം പ്രതി ചൂഷണം ചെയ്യുന്നത് അമ്മ കണ്ടിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം അച്ഛനും ഇതേ കാഴ്ച കണ്ടു. മൂത്ത മകളെ പീഡിപ്പിച്ചിരുന്ന കാര്യവും ഇവർക്ക് അറിയാമായിരുന്നു. എന്നാൽ ഇളയമകളോട് പ്രതി സമാന സമീപനം തുടരുന്നത് കണ്ടിട്ടും ഇരുവരും മൗനം പാലിച്ചു. മാത്രവുമല്ല പ്രതിയുമായി സൗഹൃദം തുടരുകയും ചെയ്തു.
മൂത്ത മകൾ മരിച്ചിട്ടും ഇളയ മകളെ ചൂഷണം ചെയ്യാൻ ദമ്പതികൾ കൂട്ടുനിന്നു. പ്രതിയുടെ വീട്ടിലേക്ക് മകളെ പറഞ്ഞയച്ചു. ചേച്ചിയ്ക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഇളയകുട്ടിയ്ക്കും അറിയാമായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
2017 ജനുവരി 13 ന് ആയിരുന്നു വാളയാറിൽ മൂത്ത പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രണ്ട് മാസങ്ങൾക്ക് ശേഷം മാർച്ചിൽ രണ്ടാമത്തെ പെൺകുട്ടിയെയും സമാന സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിക്കുമ്പോൾ മൂത്ത കുട്ടിയ്ക്ക് 13 ഉം ഇളയ കുട്ടിയ്ക്ക് ഒൻപതും വയസായിരുന്നു.
ക്രൈംബ്രാഞ്ചിനായിരുന്നു ആദ്യം അന്വേഷണ ചുമതല ഉണ്ടായിരുന്നത്. പെൺകുട്ടികളുടെ മരണം ആത്മഹത്യ ആണെന്ന് ആയിരുന്നു ഇവരുടെ കണ്ടെത്തൽ. 2019 ൽ പ്രതികളെ വിചാരണ കോടതി വെറുതെ വിടുകയും ചെയ്തു. ഇതിന് ശേഷം ആയിരുന്നു സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിവയ്ക്കുന്നത് ആയിരുന്നു സിബിഐയുടെ അന്വേഷണം. പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി ചേർത്ത് ആയിരുന്നു സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ രംഗത്ത് എത്തിയിരുന്നു. നീതി വൈകുന്നതിൽ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത് ആയിരുന്നു അമ്മയുടെ പ്രതിഷേധം. തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇവർ മത്സരിച്ചിരുന്നു.
Discussion about this post