ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതോടെ പരാജയം സമ്മതിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വീഡിയോ സന്ദേശത്തിലൂടെയാണ് കെജ്രിവാൾ ജനവിധി അംഗീകരിച്ചത്. തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ബിജെപിയെ കെജ്രിവാൾ അഭിനന്ദിക്കുകയും ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി പറയുകയും ചെയ്തു.
‘ജനവിധി സ്വീകരിക്കുന്നു. വിജയത്തിൽ ബിജെപിക്ക് അഭിനന്ദനങ്ങള്‍. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സഫലീകരിക്കാൻ അവർ തയ്യാറാകുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തലവികസനം എന്നീ മേഖലകളിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കും. അതോടൊപ്പം ജനങ്ങൾക്കിടയിൽ നിന്നുകൊണ്ട് ജനങ്ങളെ സേവിക്കുന്നത് തുടരുകയും ചെയ്യും’- കെജ്രിവാൾ പറഞ്ഞു.
അധികാരത്തിനുവേണ്ടിയല്ല തങ്ങൾ രാഷ്ട്രീയത്തിലിറങ്ങിയതെന്നും കെജ്രിവാൾ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തെ തങ്ങൾ കണ്ടിട്ടുള്ളത് ജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു മാർഗമായാണ് . അത് ഇനിയും തുടരും. എഎപിക്കുവേണ്ടി ഈ സുപ്രധാനമായ തിരഞ്ഞെടുപ്പിൽ കഠിനമായി അധ്വാനിക്കുകയും പോരാടുകയും ചെയ്ത പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ചെയർമാനും കൂടിയായ കെജ്രിവാൾ വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേശ് സാഹിബ് സിംഗാണ് കെജ്രിവാളിനെ മലർത്തിയടിച്ചത് . 1844 വോട്ടിനാണ് പർവേശ് സാഹിബ് സിംഗ് ജയിച്ചത്. കെജ്രിവാൾ 20190 വോട്ടും പർവേശ് 22034 വോട്ടുമാണ് നേടിയത്.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിയായിരുന്നു ആരംഭം. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ തന്നെ ബിജെപി മേൽക്കൈ നേടിയിരുന്നു. എങ്കിലും ഇവിഎമ്മുകൾ എണ്ണുമ്പോൾ ഫലം മറിച്ചാകുമെന്നായിരുന്നു ആംആദ്മി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആംആദ്മിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോൾ ബഹുദൂരം മുൻപിലായി ബിജെപി. ആദ്യ മണിക്കൂറുകളില്‍ തന്നെ കേവല ഭൂരിപക്ഷം കടന്ന് ബിജെപി വിജയം ഉറപ്പിച്ചു.
27 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഡൽഹിയിൽ ബജെപി അധികാരത്തിൽ തിരിച്ചെത്തുന്നത് .ദേശീയ, പ്രാദേശിക പാർട്ടികളെല്ലാം ക്ഷേമ രാഷ്ട്രീയത്തിൽ പരസ്പരം മത്സരിക്കുന്ന ഈ സമയത്ത്, ഡൽഹിയിലെ വിജയം ‘മോദിയുടെ ഉറപ്പുകളുടെ’ വിശ്വാസ്യതയെ വീണ്ടും സ്ഥിരീകരിക്കും. 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. 70 അംഗ നിയമസഭയിൽ 47 സീറ്റും ബിജെപി കരസ്ഥമാക്കി. രണ്ടാം സ്ഥാനത്താണ് എഎപി. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല. തുടർച്ചയായി മൂന്നാം തവണയാണ് കോൺഗ്രസിന് സീറ്റ് ലഭിക്കാതിരിക്കുന്നത്.
കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
Discussion about this post