പത്തനംതിട്ട: കള്ളം പറഞ്ഞ് നാല് യുവതികളെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ ദീപു ഫിലിപ്പ് ( 36) ആണ് അറസ്റ്റിലായത്. നാലാം ഭാര്യയുടെ സമയോചിതമായ ഇടപെടലാണ് ദീപുവിനെ കുടുക്കിയത്.
അനാഥനാണെന്ന് നുണ പറഞ്ഞാണ് ദീപു യുവതികളുമായി അടുക്കാറുള്ളത്. തനിക്ക് ആരുമില്ലെന്നും ഒറ്റപ്പെട്ടുകൊണ്ടുള്ള ജീവിതം വലിയ വേദനയുണ്ടാക്കുന്നുണ്ടുവെന്നും ഇയാൾ യുവതികളോട് പറയും. തുടർന്ന് തനിയ്‌ക്കൊപ്പം ജീവിക്കാനായി ഇവരെ പ്രേരിപ്പിക്കും. ദീപുവിനോട് സഹതാപം തോന്നുന്ന യുവതികൾ ഇതിന് വഴങ്ങും. ഇതോടെയാണ് ഇയാൾ തന്റെ തട്ടിപ്പ് നടപ്പാക്കുന്നത്.
വിവാഹ ശേഷം യുവതികളെ ഇയാൾ ലൈംഗികമായി ഉപയോഗിക്കും. ഇവരുടെ വിശ്വാസം പിടിച്ചുപറ്റി കൈവശമുള്ള സ്വർണവും പണവും നേടിയെടുക്കും. ഇതിന് ശേഷം ഇയാൾ യുവതികളെ ഉപേക്ഷിച്ച് കടന്ന് കളയും. പിന്നീട് അന്വേഷിച്ചാലും ഇയാളെ കണ്ടെത്താൻ കഴിയില്ല. ഈ സ്വർണവും പണവും കഴിഞ്ഞാൽ അടുത്ത ഇരയെ തേടി ഇയാൾ പോകും.
കാസർകോട് സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തുകൊണ്ടായിരുന്നു ദീപു തട്ടിപ്പിന് തുടക്കമിട്ടത്. അനാഥനാണെന്ന് പറഞ്ഞ് 10 ദിവസം കൊണ്ടായിരുന്നു ഇയാൾ യുവതിയെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളും ഉണ്ട്. യുവതിയുടെ കൈവശമുള്ള പണവും സ്വർണവും കൈക്കലാക്കിയ ശേഷം ഇയാൾ ഇവരെ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം കാസർകോടുള്ള മറ്റൊരു യുവതിയുമായി സൗഹൃദത്തിലായി. പിന്നീട് ഈ യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.
ഇവിടെ കുറച്ചുകാലം താമസിച്ചു. യുവതിയുടെ സ്വർണവും പണവും കൈക്കലാക്കിയ ശേഷം ഇയാൾ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. പിന്നീട് എറണാകുളത്ത് എത്തിയ ഇയാൾ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. ഇതിനിടെയാണ് ആലപ്പുഴ സ്വദേശിനിയായ യുവതിയുമായി ഇയാൾ അടുപ്പത്തിലായത്.
ഇതോടെ എറണാകുളം സ്വദേശിനിയെ ഉപേക്ഷിച്ച് ആലപ്പുഴ സ്വദേശിയെ അർത്തുങ്കലിൽ വച്ച് വിവാഹം ചെയ്തു. ഇതിനിടെയാണ് ഈ യുവതിയും ദീപുവിന്റെ രണ്ടാം ഭാര്യയായ കാസർകോട് സ്വദേശിനിയും തമ്മിൽ ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായത്. ആലപ്പുഴ സ്വദേശിനിയുടെ ഫേസ്ബുക്കിൽ ഭർത്താവിന്റെ ചിത്രങ്ങൾ കണ്ടതോടെ കാസർകോട് സ്വദേശിനി നടന്ന സംഭവങ്ങൾ ആലപ്പുഴ സ്വദേശിനി വിശദീകരിക്കുകയായിരുന്നു.
അടുത്തിടെ മുൻപുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ഇൻഷൂറൻസ് തുകയായി മൂന്നര ലക്ഷം രൂപ കിട്ടിയിരുന്നു. ഇതിന് ശേഷം ഇയാളുടെ സ്വഭാവത്തിൽ വലിയ മാറ്റം വന്നതായി ആലപ്പുഴ സ്വദേശിനിയ്ക്ക് തോന്നിയിരുന്നു. ദീപുവിന് തന്നോടുള്ള താത്പര്യം കുറയുന്നുവെന്ന് മനസിലാക്കിയതോടെ ആലപ്പുഴ സ്വദേശിനി പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ കേസ് എടുത്ത പോലീസ് ഊർജ്ജിത അന്വേഷണത്തിനൊടുവിൽ ദീപുവിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത ദീപുവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Discussion about this post