വിശ്വപൗരനെന്ന വിശേഷണത്തോടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് അവതരിപ്പിച്ച നേതാവാണ് ശശി തരൂർ. മുൻ യു എൻ അണ്ടർ സെക്രട്ടറിയായിരുന്ന തരൂരിനു തിരഞ്ഞെടുപ്പിൽ ഈ വിശേഷണങ്ങളൊക്കെ തുണയാവുകയും ചെയ്തു. നാലുപ്രാവശ്യമാണ് തിരുവനന്തപുരത്ത് നിന്ന് ശശി തരൂർ തിരഞ്ഞെടുക്കപ്പെട്ടത്. മന്മോഹൻ സർക്കാരിന്റെ കാലത്ത് മന്ത്രിയാവുകയും ചെയ്തു.
എന്നാൽ തരൂർ ഇപ്പോൾ ഇടം തിരിഞ്ഞ് നിൽക്കുന്നതാണ് കോൺഗ്രസിനെ വെട്ടിലാക്കുന്നത്. നേരത്തെ കോൺഗ്രസ് ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ തന്നെ നെഹ്രു കുടുംബത്തിന്റെ നോട്ടപ്പുള്ളിയായി മാറിയിരുന്നു തരൂർ. തനിക്ക് അർഹമായ സ്ഥാനങ്ങളൊന്നും ലഭിക്കുന്നില്ലെന്ന പരാതി അദ്ദേഹത്തിന് നേരത്തെയുണ്ട്. കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടത് തന്റെ സ്ഥാനമോഹങ്ങളെ ബാധിക്കുമെന്ന ചിന്തയും അദ്ദേഹത്തിനുണ്ട്. ഇതൊക്കെ കൊണ്ടാണ് തരൂരിപ്പോൾ ഇടം തിരിയുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്. എന്തായാലും തരൂർ കോരിയിട്ട കനലുകൾ കോൺഗ്രസിൽ നന്നായി പുകയുകയാണ്.
അമേരിക്കൻ സന്ദർശനത്തിനിടെ മോദിയെ പുകഴ്ത്തിയ ട്രംപിന്റെ വാക്കുകൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വലിയ വാർത്തകളായി. ഇതിന് പിന്നാലെയായിരുന്നു മോദിയെ പിന്തുണച്ചും പ്രശംസിച്ചു തരൂർ മാദ്ധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്. അമേരിക്കയിൽ വലിയ പരിഷ്‌കാരങ്ങൾ നടക്കുന്നതിനിടെ മോദിയുടെ സന്ദർശനം യാതൊരു ഗുണവും ഉണ്ടാക്കില്ലെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. എന്നാൽ ഇതിന് വിപരീതമായുള്ള തരൂരിന്റെ പ്രതികരണം കോൺഗ്രസിനെ അൽപ്പം ഞെട്ടിച്ചു. ഇന്ത്യക്കാരെ അപമാനിക്കാൻ അനുവദിക്കില്ലെന്ന് മോദി ട്രംപിനോട് ഉറപ്പായിട്ടും പറഞ്ഞിട്ടുണ്ടാകും എന്നായിരുന്നു തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. മോദി- ട്രംപ് കൂടിക്കാഴ്ച രാജ്യത്തിന് ഉണ്ടാക്കുന്ന നേട്ടങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
എതിർപാർട്ടിയുടെ നേതാക്കളെ പ്രംശംസിക്കുന്നത് ഒറ്റപ്പെട്ട സംഭവം അല്ലെങ്കിലും തരൂരിന്റെ പ്രതികരണം കോൺഗ്രസിൽ അതൃപ്തിയുണ്ടാക്കി. ഇതിന് തൊട്ട് പിന്നാലെയായിരുന്നു സിപിഎമ്മിന് സ്തുതിപാടി തരൂർ ലേഖനവുമായി എത്തിയത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ ആയിരുന്നു തരൂരിന്റെ ലേഖനം പ്രത്യക്ഷപ്പെട്ടത്. ഇടത് സർക്കാരിന് കീഴിൽ കേരളം മാറ്റത്തിന്റെ പാതയിൽ ആണെന്നും വ്യവസായ രംഗം കുതിച്ച് മുന്നേറുകയാണെന്നും തരൂർ ലേഖനത്തിൽ പറഞ്ഞു. പിന്നാലെ തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും എത്തിയെങ്കിലും കോൺഗ്രസിന്റെ അമർഷം അണപൊട്ടി. പ്രവർത്തകരിൽ നിന്നും രൂക്ഷമായ വിമർശനം ആണ് തരൂരിനെതിരെ ഉയരുന്നത്. തരൂരിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തരൂരിന്റേത് അച്ചടക്ക ലംഘനം ആണെന്ന് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും അഭിപ്രായപ്പെടുമ്പോൾ നടപടി തീരുമാനിക്കേണ്ടത് എഐസിസി ആണെന്നാണ് കെപിസി നേതൃത്വം വ്യക്തമാക്കുന്നത്.
കേരളം വ്യവസായ സൗഹൃദം അല്ലെന്നും തരൂരിന് തെറ്റിദ്ധാരണ ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. എന്നാൽ ഈ വിമർശനങ്ങൾ ഒന്നും തരൂരിനെ ബാധിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങളിൽ തരൂർ ഉറച്ച് നിൽക്കുകയാണ്. കോൺഗ്രസിനുള്ളിലെ പുതിയ പ്രശ്നങ്ങളെ നേട്ടമാക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. മുഖ്യമന്ത്രി ഉൾപ്പെടെ വിഷയത്തിൽ വലിയ പിന്തുണ തരൂരിന് നൽകുന്നുണ്ട്. മറ്റൊരു കെ.വി തോമസിനെയാണ് സിപിഎം തരൂരിൽ കാണുന്നത്. 2022 ൽ 23ാമത്തെ പാർട്ടിൽ കോൺഗ്രസിൽ പങ്കെടുക്കാൻ കെ.വി തോമസിനൊപ്പം ക്ഷണം തരൂരിനും ലഭിച്ചിരുന്നു. എന്നാൽ തരൂർ ഈ ക്ഷണം നിരസിക്കുകയും തോമസ് പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. പാർട്ടിയിൽ കടുത്ത നടപടികൾ ആയിരുന്നു തോമസിന് നേരിടേണ്ടിവന്നത്. ഇതോടെ ഇടത് പാളയത്തിൽ തോമസ് അഭയം പ്രാപിച്ചു. സമാനരീതിയിൽ തരൂരിനെയും ഇടത് പാളയത്തിലേക്ക് എത്തിക്കാനുള്ള നീക്കം ശക്തമാക്കുകയാണ് സിപിഎം.
എന്നാൽ കേരളത്തിൽ മാത്രം അധികാരമുള്ള സിപിഎമ്മിൽ എത്തിയാൽ എന്ത് നേട്ടമാണുണ്ടാവുക എന്ന ചിന്തയും തരൂരിനുണ്ട്. ബിജെപിയാണെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ നല്ലൊരു സ്ഥാനം ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ പല നേതാക്കളേയും മാന്യമായ സ്ഥാനങ്ങൾ നൽകിയാണ് പാർട്ടിയിൽ ഉൾപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ബിജെപിയേയും തരൂർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post