തിരുവനന്തപുരം: ഇടത് സർക്കാരിനെ പ്രശംസിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ ചാക്കിട്ട് പിടിക്കാൻ ഡിവൈഎഫ്‌ഐ. സംഘനട സംഘടിപ്പിക്കുന്ന സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് തരൂരിനെ ക്ഷണം. ഡിവൈഎഫ്‌ഐ അഖിലേന്ത്യ അദ്ധ്യക്ഷൻ എ.എ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു തരൂരിനെ നേരിട്ട് കണ്ട് ക്ഷണം അറിയിച്ചത്.
അടുത്ത മാസം ഒന്ന്, രണ്ട് തിയതികളിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി മാവോസോയി എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ആണ് പരിപാടി. ഇതിലേക്ക് തരൂരിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയായിരുന്നു ഡിവൈഎഫ്‌ഐ നേതാക്കൾ ക്ഷണിച്ചത്. തരൂരിനൊപ്പമുള്ള ചിത്രം സഹിതം ഇക്കാര്യം എഎ റഹീം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
എന്നാൽ പരിപാടിയിൽ തരൂർ പങ്കെടുക്കില്ല. ഇക്കാര്യം അപ്പോൾ തന്നെ നേതാക്കളെ തരൂർ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം യാത്രകൾ ഉണ്ടെന്നും, അതിനാൽ പരിപാടിയ്ക്ക് എത്താൻ അസൗകര്യം ഉണ്ടെന്നും തരൂർ ഇവരെ അറിയിക്കുകയായിരുന്നു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ എന്നിവർക്കൊപ്പം ആയിരുന്നു റഹീം തരൂരിന്റെ വീട്ടിൽ എത്തിയത്.
കോൺഗ്രസുമായി അസ്വാരസ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ എങ്ങനെയെങ്കിലും തരൂരിനെ ഇടത് പാളയത്തിലേക്ക് എത്തിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഇക്കാര്യം ഒളിഞ്ഞും തെളിഞ്ഞും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. തരൂർ വരികയാണെങ്കിൽ പാർട്ടിയിലേക്ക് ഇരുകൈകളും നീട്ടി സ്വീകരിക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉൾപ്പെടെ നിലപാട്. ഇതിന്റെ ആദ്യപടി എന്നോണമാണ് ഡിവൈഎഫ്‌ഐ പരിപാടിയ്ക്കായി തരൂരിനെ ക്ഷണിച്ചിരിക്കുന്നത്. എന്നാൽ വരാൻ കഴിയില്ലെന്ന് അദ്ദേഹം അറിയച്ചതോടെ ഈ ശ്രമം പാളി.
എങ്കിലും തരൂർ ഡിവൈഎഫ്‌ഐയെ പ്രശംസിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു എന്നാണ് റഹീം പറയുന്നത്. ഡി വൈ എഫ് ഐ യുടെ ഈ ഇടപെടലിനെയും തന്നെ ക്ഷണിക്കാൻ കാണിച്ച മനസ്സിനെയും അദ്ദേഹം അഭിനന്ദിച്ചു. വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കാറില്ല. പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും അസൗകര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് റഹീം ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മവാസോയിലേയ്ക്ക്
ശ്രീ ശശിതരൂർ എം പി യെ ക്ഷണിച്ചു.
ഡി വൈ എഫ് ഐ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശ്രീ ശശി തരൂരിനെ ക്ഷണിച്ചു.രാജ്യത്തു ആദ്യമായാണ് ഒരു യുവജന സംഘടന സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവൽ നടത്തുന്നത്.
മാർച്ച് 1,2തിയതികളിലാണ് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
ഡി വൈ എഫ് ഐ യുടെ ഈ ഇടപെടലിനെയും തന്നെ ക്ഷണിക്കാൻ കാണിച്ച മനസ്സിനെയും അദ്ദേഹം അഭിനന്ദിച്ചു. വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കാറില്ലെന്നും ശ്രീ ശശി തരൂർ പറഞ്ഞു.പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികൾക്കായി യാത്ര ഉള്ളതിനാൽ മാവാസോയിൽ എത്തിച്ചേരാൻ സാധിക്കില്ല എന്ന് അദ്ദേഹം അസൗകര്യം അറിയിച്ചു.
അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയാണ് ക്ഷണിച്ചത്.
Discussion about this post