2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തപ്പോൾ പരസ്യമായി സന്തോഷം പ്രകടിപ്പിച്ച ഒരേയൊരു രാജ്യം പാകിസ്താൻ ആയിരുന്നു. പാകിസ്താൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് അഫ്ഗാനിസ്ഥാനുമായുള്ള തോർഖാം അതിർത്തിയിൽ വെച്ച് അന്ന് താലിബാൻ ഭരണകൂടത്തിന് വിജയാശംസകൾ അറിയിക്കുന്ന ഒരു ഔദ്യോഗിക പരിപാടി പോലും നടത്തി. എക്കാലത്തെയും തങ്ങളുടെ ശത്രു ആയ ഇന്ത്യക്കെതിരായി കൂടെ നിൽക്കുന്ന ഒരു സൗഹൃദ സഖ്യകക്ഷിയായി ഇനി അഫ്ഗാനിസ്ഥാൻ മാറും എന്നായിരുന്നു പാകിസ്താന്റെ പ്രതീക്ഷ. എന്നാൽ ഏതാനും വർഷങ്ങൾക്കിപ്പുറം പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ ഉടലെടുത്തിരിക്കുന്ന കടുത്ത ശത്രുതയും പരസ്പര സംഘർഷങ്ങളുമാണ് കാണാൻ കഴിയുന്നത്. അഫ്ഗാനിസ്ഥാനുമായും താലിബാൻ ഭരണകൂടവും ആയും ഇന്ന് ഒരു യുദ്ധത്തിന്റെ വക്കിലാണ് പാകിസ്താൻ ഉള്ളത്. ഇതിന് പ്രധാന കാരണമായിരിക്കുന്നതാകട്ടെ തെഹ്‌രീക്-ഇ താലിബാൻ എന്ന ഭീകര സംഘടനയും. യഥാർത്ഥത്തിൽ എവിടെയാണ് പാകിസ്താന് പിഴച്ചത്?
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം നേടുന്നതിന് മുൻപുള്ള 20 വർഷത്തോളം കാലം പാകിസ്താനും അഫ്ഗാൻ താലിബാനും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യം അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ താലിബാൻ സൈന്യത്തിന്റെ ഭൂരിഭാഗവും പാകിസ്താനിൽ ആയിരുന്നു അഭയം പ്രാപിച്ചിരുന്നത്. ക്വെറ്റ, പെഷവാർ, കറാച്ചി തുടങ്ങിയ പല പാക് പ്രദേശങ്ങളും താലിബാന്റെ അഭയകേന്ദ്രമായിരുന്നു. ഏതാനും വർഷങ്ങൾ കൊണ്ട് ഇവിടെ താലിബാൻ ശക്തമായ സാന്നിധ്യമായി മാറി. നിലവിൽ അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാനിലെ പല യുവ നേതാക്കളും പാകിസ്താനിലെ ഇസ്ലാമിക മതപാഠശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരാണ്. പാകിസ്താൻ അഭയം നൽകുകയും ശക്തമായ പിന്തുണ നൽകുകയും ചെയ്തില്ലായിരുന്നുവെങ്കിൽ അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ നിയന്ത്രണം ഉണ്ടായിരുന്ന രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ താലിബാൻ നാമാവശേഷമായി പോയേനെ. ഇത്തരത്തിൽ വളരെ ശക്തമായിരുന്ന കൂട്ടുകെട്ടാണ് ഇപ്പോൾ കടുത്ത ശത്രുതയിലേക്ക് വളർന്നിരിക്കുന്നത്.
അമേരിക്കയുടെ സേനാ പിന്മാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്തപ്പോൾ അഫ്ഗാനികൾ അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചു എന്നായിരുന്നു പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ വിശേഷിപ്പിച്ചത്. എന്നാൽ അടുത്ത രണ്ടു വർഷങ്ങൾ കൊണ്ട് തന്നെ പാകിസ്താന് തങ്ങളുടെ ഈ അഭിപ്രായം മാറ്റി പറയേണ്ടി വന്നു. അടുത്ത സുഹൃത്തുക്കൾ ആയിരുന്ന താലിബാനും അഫ്ഗാനി അഭയാർത്ഥികളും വൈകാതെ തന്നെ പാകിസ്താന്റെ ശത്രുക്കളായി മാറി. 2023-ൽ ആണ് പാകിസ്താൻ രാജ്യത്ത് അഭയാർത്ഥികളായി കഴിയുന്ന എല്ലാ അഫ്ഗാനിസ്ഥാൻ പൗരന്മാരോടും രാജ്യം വിടണമെന്ന് കടുത്ത നിലപാട് സ്വീകരിച്ചത്. 2024-ൽ പാകിസ്താൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. കടുത്ത രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യം ആയതിനാൽ മാത്രമാണ് പാകിസ്താൻ അഫ്ഗാനിസ്ഥാനുമായി ഒരു തുറന്ന യുദ്ധത്തിലേക്ക് പോകാത്തത് എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
പാകിസ്താനും അഫ്ഗാനിസ്ഥാനിലെ താലിബാനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണം പാകിസ്താൻ താലിബാൻ എന്നറിയപ്പെടുന്ന ‘തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ’ അഥവാ ടിടിപി എന്ന സംഘടനയാണ്. 2007-ൽ ബൈത്തുള്ള മെഹ്‌സൂദ് രൂപീകരിച്ച ഈ സംഘടന അഫ്ഗാൻ-പാകിസ്താൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന സായുധ തീവ്രവാദ ഗ്രൂപ്പുകളുടെ ഒരു കൂട്ടമാണ്. 2014-ലെ പെഷവാർ സ്‌കൂൾ കൂട്ടക്കൊല , മലാല യൂസഫ്‌സായിക്കെതിരായ ആക്രമണം , 2016-ലെ ലാഹോർ ചാവേർ ബോംബാക്രമണം , ലാഹോർ പള്ളി ബോംബാക്രമണം എന്നിങ്ങനെ പാകിസ്താനിൽ ഉണ്ടായ നിരവധി ഭീകരാക്രമണങ്ങൾ തെഹ്രീക്-ഇ-താലിബാൻ ആയിരുന്നു നടത്തിയത്. പാകിസ്താൻ സൈന്യത്തിനും സർക്കാരിനും എതിരെ പ്രചാരണം നടത്തി പാകിസ്താൻ സർക്കാരിനെ അട്ടിമറിക്കുക എന്നതാണ് ടിടിപിയുടെ ആത്യന്തിക ലക്ഷ്യം. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഗോത്രമേഖലകളിലാണ് ഇവരുടെ പ്രധാന ക്യാമ്പുകളും അഭയകേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് 500 ൽ അധികം പാകിസ്താൻ സൈനികരെയാണ് തെഹ്രീക്-ഇ-താലിബാൻ കൊന്നു കളഞ്ഞത്. 2020 ൽ നൂർ വാലി മെഹ്സൂദിന്റെ നേതൃത്വത്തിൽ ടിടിപി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ മുതൽ സൈന്യത്തിനെതിരെ കടുത്ത ആക്രമണങ്ങൾ അഴിച്ചു വിട്ടിരിക്കുകയാണ് സംഘടന. ഖൈബർ പഖ്തൂൺഖ്വയിലെ സംഘർഷങ്ങൾക്ക് പിന്നിലും ടിടിപി സാന്നിധ്യമാണ് ഉള്ളത്. നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകളോട് പ്രതിപത്തി പുലർത്തിയിരുന്ന തെഹ്‌രീക്-ഇ താലിബാന് ഒരു പുതിയ ദിശാബോധം പകർന്നു നൽകിയത് നൂർ വാലി മെഹ്സൂദി നേതൃസ്ഥാനത്തിലേക്ക് വന്നതോടെയാണ്. പൊതുജനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കുകയും ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള മറ്റ് കടുത്ത ഭീകരവാദ സംഘടനകളോട് എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ടിടിപി തുടർന്നുള്ള കാലങ്ങളിൽ ശ്രമിച്ചു. തങ്ങളുടെ പ്രധാന ലക്ഷ്യം പാകിസ്താനും പാക് സൈന്യവും മാത്രമാണെന്നും ടിടിപി വ്യക്തമാക്കി.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനുശേഷം പാകിസ്താനും ടിടിപിയും തമ്മിലുള്ള ചർച്ചകൾക്ക് അഫ്ഗാൻ താലിബാൻ മധ്യസ്ഥത വഹിച്ചു. തുടർന്ന് പാകിസ്താനിലെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന ടിടിപി തടവുകാരെ സർക്കാർ മോചിപ്പിച്ചു. തുടർന്ന് അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള വിവിധ സ്ഥലങ്ങളിൽ അഭയം പ്രാപിച്ച തെഹ്‌രീക്-ഇ താലിബാൻ വൈകാതെ തന്നെ പാകിസ്താനെ തിരിച്ചടിക്കാൻ ആരംഭിച്ചു. 2021 ഡിസംബർ മുതൽ പാകിസ്താന് നേരെ കടുത്ത ആക്രമണങ്ങളാണ് ടിടിപി നടത്തിവരുന്നത്.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ആണ് അഫ്ഗാനിസ്ഥാനിലെ കോൺസുലേറ്റുകൾ വഴി ടിടിപി അംഗങ്ങൾക്ക് ധനസഹായവും പരിശീലനവും നൽകുന്നത് എന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ ( ടിടിപി ), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ( ബിഎൽഎ ) എന്നിവർക്ക് പിന്നിൽ ഇന്ത്യയുടെ കരങ്ങൾ ആണെന്ന് പാകിസ്താൻ ശക്തമായി വാദിക്കുന്നുണ്ട്. കാബൂളിലെ ഇന്ത്യൻ എംബസിയിൽ വെച്ച് ടിടിപി നേതാവ് മെഹ്സൂദ് ‘റോ’ ഏജന്റുമാരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതിന് അഫ്ഗാൻ സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നെന്നും പാകിസ്താൻ സർക്കാർ വാദിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ ഏതെങ്കിലും വിധത്തിലുള്ള തെളിവുകൾ കണ്ടെത്താൻ പാകിസ്താന് കഴിഞ്ഞിട്ടില്ല. എങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി പാകിസ്താന് വലിയ സുരക്ഷാ ഭീഷണിയായി ടിടിപി മാറിയിട്ടുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്.
അഫ്ഗാനിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിലെ ടിടിപി നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന പാകിസ്താന്റെ ആവശ്യത്തെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം നിരന്തരമായി അവഗണിച്ചതോടെയാണ് പാകിസ്ഥാനും താലിബാനും തമ്മിൽ ശത്രുക്കളായി മാറുന്നത്. ഇന്ത്യൻ രഹസ്യന്വേഷണ ഏജൻസികളുടെ സഹായത്തോടെ അഫ്ഗാൻ താലിബാൻ തെഹ്‌രീക്-ഇ താലിബാനെ പാകിസ്താനിൽ അസ്ഥിരത വളർത്താൻ ഉപയോഗിക്കുന്നു എന്നാണ് ഇപ്പോൾ പ്രധാനമായും പാകിസ്താന്റെ ആരോപണം. ഈ കാരണത്താൽ തന്നെ പരസ്പരം കടുത്ത ശത്രുക്കളായി മാറിയിരിക്കുകയാണ് നിലവിൽ പാകിസ്താനും അഫ്ഗാനിസ്ഥാനും.
Discussion about this post