കോലാലമ്പൂർ: മലേഷ്യയിൽ നോമ്പ് എടുക്കാത്ത യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. മാർച്ച് രണ്ട് മുതൽ പോലീസ് തുടരുന്ന പരിശോധനയിൽ ഇതുവരെ എട്ട് യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. നോമ്പെടുക്കാതെ പൊതുസ്ഥലത്തിരുന്ന് ഭക്ഷണം കഴിച്ചുവെന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
മലേഷ്യയിലെ മലാക്കയിലാണ് നോമ്പ് കാലത്ത് വ്യാപക പരിശോധന തുടരുന്നത്. മലാക്ക ഇസ്ലാമിക് റിലീജിയസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലാണ് പരിശോധന. മലാക്കയുടെ പ്രാന്തപ്രദേശങ്ങളായ പെരിൻഗിറ്റ്, ബുക്കിറ്റ് റാംബായ് തുടങ്ങി 11 പ്രദേശങ്ങളിൽ ആയിരുന്നു പരിശോധന. 127 ഭക്ഷണശാലകളിൽ സംഘം ഇതുവരെ പരിശോധന നടത്തി. ഇവിടങ്ങളിൽ നിന്നാണ് ആളുകൾ അറസ്റ്റിലായത്. റംസാൻ മാസത്തെ ബഹുമാനിക്കാത്ത ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും എന്നാണ് അധികൃതർ പറയുന്നത്.
അതേസമയം വിവിധ അനാരോഗ്യങ്ങൾ ഉള്ളവരാണ് അറസ്റ്റിലായത് എന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം ഇവർ പോലീസിനെ അറിയിച്ചിട്ടുണ്ട്. നോമ്പെടുക്കരുത് എന്ന് തങ്ങളോട് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും അതിനാലാണ് കൃത്യമായി ഭക്ഷണം കഴിക്കുന്നത് എന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്.
അതേസമയം മലാക്ക ഇസ്ലാമിക് റിലീജിയസ് ഡിപ്പാർട്ട്‌മെന്റിന്റെ നടപടിയിൽ വ്യാപക വിമർശനം ആണ് ഉയരുന്നത്. വാർത്തകൾ പുറത്തുവന്നതോടെ പ്രതിഷേധം രേഖപ്പെടുത്തി നിരവധി പേർ രംഗത്ത് എത്തി.
Discussion about this post