ഡൽഹി പാലം എയർഫോഴ്സ് വിമാനത്താവളത്തിൽ നിന്ന് കോംഗോയിലേക്ക് പുറപ്പെടാനൊരുങ്ങി നിൽക്കുകയായിരുന്നു ഇന്ത്യയുടെ അഭിമാനമായ പാരാ സ്പെഷ്യൽ ഫോഴ്സിലെ കമാൻഡോകൾ. യുണൈറ്റഡ് നേഷൻസ് സമാധാന സേനയുടെ ഭാഗമായി സേവനം ചെയ്യാനായിരുന്നു ഈ കമാൻഡോകളെ കോംഗോയിലേക്ക് അയക്കുന്നത്. പെട്ടെന്നായിരുന്നു കമാൻഡിംഗ് ഓഫീസർക്ക് ഒരു രഹസ്യ ഫോൺ കോളെത്തിയത്. യാത്ര തത്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നു. അടുത്ത ഓർഡർ വരുന്നത് വരെ അവിടെത്തന്നെ തുടരുക. ഇന്ത്യൻ സൈന്യം ഒരു തീരുമാനമെടുത്താൽ അത് സാധാരണ ഗതിയിൽ അത് നടപ്പാക്കുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ എന്തോ അസാധാരണമായത് സംഭവിക്കാൻ പോകുന്നതായി കമാൻഡോകൾക്ക് മനസ്സിലായി. പെട്ടെന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ സി 130 ഹെർകുലീസ് തയ്യാറായി.. കമാൻഡോകളേയും കൊണ്ട് കഴുകനെപ്പോലെ സി 130 ഹെർകുലീസ് മണിപ്പൂരിലേക്ക് പറന്നു.
ഇന്ത്യൻ സൈന്യത്തിന്റെ മൗണ്ടൻ ഡിവിഷൻ ഹെഡ് ക്വാർട്ടേഴ്സിലിരുന്ന് ലെഫ്റ്റനന്റ് കേണൽ നെക്ടർ സഞ്ജൻ ബാം തീപാറുന്ന കണ്ണുകളോടെ പിറുപിറുത്തു.. “ 18 സൈനികരാണ് നഷ്ടമായത്.. 18 സൈനികർ “
2015 ജൂൺ 5 നായിരുന്നു ഇന്ത്യൻ സൈന്യത്തെ ഞെട്ടിച്ച ആ സംഭവം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടന വാദ പ്രവർത്തനങ്ങൾ നടത്തുന്ന തീവ്രവാദികൾ ഇന്ത്യൻ സൈനിക സംഘത്തിനു നേരേ നടത്തിയ ക്രൂരമായ ആക്രമണം. ദോഗ്ര റെജിമെന്റിലെ 18 സൈനികരാണ് ഈ അക്രമണത്തിൽ വീരമൃത്യു വരിച്ചത്. തങ്ങളുടെ സഹോദരങ്ങൾ ക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു റെജിമെന്റിലെ ഓരോ സൈനികനും. വിഘടനവാദി സംഘടനകളുടെ താവളത്തിൽ കടന്ന് പ്രതികാരം ചെയ്യണമെന്ന ചിന്ത എല്ലാവരിലും ഉടലെടുത്തിരുന്നു. പക്ഷേ നിർദ്ദേശമില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.
തീവ്രവാദ ആക്രമണങ്ങളെ കഠിനമായി അപലപിക്കുകയും പിന്നീട് ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു നയമായിരുന്നു ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിഘടനവാദ ശക്തികൾ പ്രതീക്ഷിച്ചത്. മണിപ്പൂരിൽ ആക്രമണം നടത്തിയതിനു ശേഷം അവർ മ്യാന്മറിനുള്ളിലേക്ക് പിൻവാങ്ങി. കൊടും കാടുകളിലുള്ള സങ്കേതങ്ങളിൽ തങ്ങൾ സുരക്ഷിതമായിരിക്കും എന്നായിരുന്നു അവരുടെ നിഗമനം. പ്രത്യേകിച്ചും മറ്റൊരു രാജ്യത്ത് കയറി ഒരാക്രമണം ഇന്ത്യൻ സൈന്യം നടത്തുകയില്ലെന്നും അവർ ധരിച്ചു.
പക്ഷേ ഇക്കുറി സൈനികരുടെ ഓരോ തുള്ളി ചോരക്കും പകരം ചോദിക്കുമെന്നായിരുന്നു ഇന്ത്യയുടെ മനോഭാവം. സംഭവം നടന്ന അന്ന് തന്നെ ഇന്ത്യൻ ആർമി ചീഫ് ജനറൽ ഡൽബീർ സിംഗ് സുഹാഗ് ജൂൺ 5 നു തന്നെ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെത്തി. ബ്രിട്ടനിലേക്കുള്ള ഔദ്യോഗിക സന്ദർശനം റദ്ദാക്കിയായിരുന്നു സുഹാഗ് മണിപ്പൂരിലെത്തിയത്. പ്രധാനമന്ത്രിക്കൊപ്പം ബംഗ്ലാദേശ് പോകാനിരുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യാത്ര റദ്ദാക്കി. ഇംഫാലിൽ നടന്ന രഹസ്യ യോഗത്തിൽ അന്ന് ലെഫ്റ്റനന്റ് ജനറലായിരുന്ന ബിപിൻ റാവത്ത് കാര്യങ്ങൾ വിശദീകരിച്ചു.മ്യാന്മർ അതിർത്തിക്കുള്ളിലെ ക്യാമ്പുകളുടെ വിവരങ്ങളും യോഗത്തിൽ വിശദീകരിക്കപ്പെട്ടു.
എല്ലാം കേട്ടു കഴിഞ്ഞതിനു ശേഷം ജനറൽ ദൽബീർ സിംഗ് സുഹാഗിന്റെ ശാന്തവും ദൃഢമായ ശബ്ദം മുഴങ്ങി. നമ്മൾ ഈ ഓപ്പറേഷൻ ചെയ്യാൻ പോകുന്നു. സർക്കാരിന്റെ പിന്തുണയുണ്ട്. പ്രതിരോധമന്ത്രി മനോഹർ പരീക്കർ നേരിട്ടായിരിക്കും ഓപ്പറേഷന്റെ ചുമതല നോക്കുന്നത്.
മ്യാന്മർ അതിർത്തിക്കകത്ത് കൊടും വനത്തിനുള്ളിലെ മൂന്ന് തീവ്രവാദ ക്യാമ്പുകൾ ആക്രമിക്കാനായിരുന്നു പദ്ധതി. ലെഫ്റ്റനന്റ് കേണൽ നെക്ടർ സഞ്ജൻബാമിനായിരുന്നു ഓപ്പറേഷന്റെ നേതൃത്വം. ജൂൺ 9 ആണ് ഓപ്പറേഷനായി തീരുമാനിക്കപ്പെട്ടത്.. ഇരുപത്തൊന്നാം പാരാ സ്പെഷ്യൽ ഫോഴ്സിലെ 64 കമാൻഡോകൾ ആക്രമണം നടത്തും. കൊടും വനത്തിലും പർവ്വത മേഖലകളിലും സ്പെഷ്യൽ ഓപ്പറേഷൻസ് നടത്താൻ പരിശീലനം ലഭിച്ചിട്ടുള്ള കമാൻഡോകളാണ്` 21 പാര എസ്.എഫ്.
കാൾ ഗുസ്താവ് റോക്കറ്റ് ലോഞ്ചറുകൾ, ഇസ്രയേൽ നിർമ്മിത ടവോർ 21 അസോൾട്ട് റൈഫിൾ, കോൾട്ട് എം 4, എകെ 47 , ഗ്രനേഡ് ലോഞ്ചറുകൾ , യുസി സബ് മഷീൻ ഗൺ, ഗലിൽ സ്നൈപ്പറുകൾ.. തുടങ്ങിയ ആയുധങ്ങളുമായി കമാൻഡോകൾ തയ്യാറായി. ഒപ്പം പ്രത്യേക തരത്തിലുള്ള ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളുമുൾപ്പെടെ ഓരോരുത്തർക്കും 40 കിലോ ഭാരമുള്ള ബാഗുമുണ്ടായിരുന്നു. ആയുധങ്ങളുടെ ഭാരത്തിനു പുറമേയായിരുന്നു ഇത്.
മ്യാന്മർ അതിർത്തിയിലേക്കെത്താനുള്ള ട്രക്കുകൾ തയ്യാറായി.. ട്രക്കിലേക്ക് കയറുന്നതിനു മുൻപ് ലെഫ്റ്റനന്റ് കേണൽ നെക്ടർ സഞ്ജൻബാം ഒരു നിമിഷം നിന്നു. കയ്യിലുള്ള എം 4 ഗൺ ബഡ്ഡിയുടെ കയ്യിലേക്ക് നൽകി. മുട്ടുകുത്തി മാതൃഭൂമിയെ ചുംബിച്ചു. ഏത് ഓപ്പറേഷനു പോകുന്നതിനു മുൻപും അദ്ദേഹം ഇത് ചെയ്യുമായിരുന്നു.
ഏഴാം തീയതി വൈകിട്ടോടെ മ്യാന്മർ അതിർത്തിയിലെത്തിയ ടീം അന്ന് രാത്രി ഇന്ത്യയുടെ മണ്ണിൽ കഴിഞ്ഞു. ഇനിയങ്ങോട്ട് കാൽ നടയായാണ് യാത്ര. എട്ടാം തീയതി അതിരാവിലെ അവർ മ്യാന്മർ അതിർത്തിക്കുള്ളിൽ പ്രവേശിച്ചു. ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ട്.. മണിപൂരിൽ നിന്ന് രണ്ട് പ്രാദേശിക ഗൈഡുകളെ കമാൻഡോകൾ കൂടെ കൂട്ടിയിരുന്നു. ഒരുതരത്തിലും മനുഷ്യവാസമില്ലാത്ത മേഖലയിലൂടെയായിരുന്നു യാത്ര.
പെട്ടെന്നാണ് അഞ്ച് പേർ കമാൻഡോകളുടെ മുന്നിൽ വന്നുപെട്ടത്. മ്യാന്മർ സ്വദേശികളായ അഞ്ച് ഉടുമ്പ് പിടുത്തക്കാരായിരുന്നു അവർ. കയ്യിൽ അവർ വേട്ടയാടി പിടിച്ച ഉടുമ്പുകളുമുണ്ട്.
കമാൻഡോകൾക്ക് ഇതൊരു പ്രശ്നമായി. ഏറ്റവും എളുപ്പമുള്ളത് ഇവരെ വെറുതെ വിടുക, പോകാൻ അനുവദിക്കുക എന്നതായിരുന്നു. എന്നാൽ അപ്പോഴത്തെ സാഹചര്യത്തിൽ അത് ഓപ്പറേഷനെ ബാധിക്കും. അടുത്തത് അഞ്ച് പേരേയും കൊല്ലുക എന്ന പ്ലാൻ. അതും ധാർമ്മികമായി ശരിയല്ല. ഒടുവിൽ ആ അഞ്ച് പേരേയും തങ്ങൾക്കൊപ്പം കൂട്ടാൻ ലെഫ്റ്റനന്റ് കേണൽ തീരുമാനിച്ചു. അങ്ങനെ ആ ഉടുമ്പ് പിടുത്തക്കാരെ ബന്ധനത്തിലാക്കി കമാൻഡോകൾ കൂടെ കൂട്ടി.
പറഞ്ഞുറപ്പിച്ച സമയത്ത് തന്നെ അവർ തീവ്രവാദ ക്യാമ്പുകളുടെ നാനൂറു മീറ്റർ അടുത്തെത്തി നിലയുറപ്പിച്ചു. അന്ന് രാത്രിയാണ് ഓപ്പറേഷൻ. നാല് ടീമായി കമാൻഡോ ടീമിനെ വിഭജിച്ചു. ആദ്യത്തെ ടീം ഡയറക്ട് ആക്ഷൻ നടത്തും. രണ്ട് ടീമുകൾ രക്ഷപ്പെടുന്നവരെ വെടിവെച്ച് വീഴ്ത്തും. നാലാമത്തെ ടീം പിന്നണി കാക്കും. ജൂൺ 9 ന് സൂര്യനുദിക്കുന്നതിനു മുൻപ് ആക്രമണം നടത്തി ക്യാമ്പുകൾ തകർത്ത് തീവ്രവാദികളെ ഇല്ലാതാക്കി മടങ്ങണം. അതായിരുന്നു തീരുമാനം.
പെട്ടെന്നാണ് അത് സംഭവിച്ചത്. രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് വെടിയൊച്ചകളുയർന്നു. കമാൻഡോകൾ തങ്ങളുടെ ആയുധങ്ങൾ സജ്ജമാക്കി അപ്രതീക്ഷിതമായ ഒരു ആക്രമണത്തെ പ്രതീക്ഷിച്ച് കാത്തിരുന്നു. ആരും അനങ്ങരുതെന്ന് ലെഫ്റ്റനന്റ് കേണൽ നിർദ്ദേശം കൊടുത്തു. എന്താണ് സംഭവിച്ചതെന്നറിയാനായി ബൈനോക്കുലർ എടുത്ത് വെടിയൊച്ച കേട്ടിടത്തേക്ക് നോക്കി.
കാവൽ നിൽക്കുന്ന തീവ്രവാദികൾ ആകാശത്തേക്ക് നിറയൊഴിച്ചതായിരുന്നു അവർ കേട്ടത്. ആരെങ്കിലും ശത്രുക്കൾ പതിയിരിക്കുന്നുണ്ടെങ്കിൽ ഇതിനു മറുപടി തന്നേക്കും എന്ന നിഗമനത്തിലായിരുന്നു അത്. പട്രോളിംഗ് നടത്തുന്ന ആ തീവ്രവാദ സംഘം കമാൻഡോകൾ പതിയിരിക്കുന്നതിന് നൂറ്റിയമ്പത് മീറ്റർ അകലെ വരെ എത്തിയിരുന്നു. തുടർന്ന് ടോർച്ചുകൾ നീട്ടിയടിച്ചതിനു ശേഷം അവർ തിരിച്ചു പോവുകയും ചെയ്തു. വെളുപ്പിന് 3 മണിക്ക് അവർ ഇത് വീണ്ടും ആവർത്തിച്ചു.
നാല് ടീമായി ആക്രമണം നടത്താനുള്ള ആദ്യ തീരുമാനത്തിൽ ലെഫ്റ്റനന്റ് കേണൽ നെക്ടർ സഞ്ജൻ ബാം ചെറിയൊരു മാറ്റം വരുത്തി. ഇരുപത് പേരടങ്ങുന്ന രണ്ട് ടീം നേരിട്ട് ആക്രമണം നടത്തും. 24 കമാൻഡോകളുടെ മൂന്നാം ടീം പിന്നിൽ നിന്നുള്ള ആക്രമണത്തെ ചെറുക്കുകയും ഒപ്പം മടങ്ങിപ്പോകുന്നതിനുള്ള വഴിയൊരുക്കുകയും ചെയ്യും.
വെളുപ്പിന് 5 മണി. അന്നത്തെ ആദ്യ ഭക്ഷണത്തിനായി തീവ്രവാദികൾ പ്രധാന ഹോളിൽ ഒത്തുകൂടി. ക്യാമ്പിന് തൊട്ടടുത്തേക്കെത്തിയ പാരാ എസ് എഫ് കമാൻഡോകൾ ആക്രമണത്തിന് സജ്ജരായി. രണ്ട് സെൻട്രി പോസ്റ്റുകളിൽ ആറ് തീവ്രവാദികളായിരുന്നു കാവലുണ്ടായിരുന്നത്.
ഒരു നിമിഷം .. കാൾ ഗുസ്താവ് ലോഞ്ചറിൽ നിന്ന് പാഞ്ഞ റോക്കറ്റുകൾ വലിയൊരു സ്ഫോടനത്തോടെ കാവൽ നിന്ന ആറു പേരെ തവിടു പൊടിയാക്കി.
അർദ്ധ വൃത്താകൃതിയിൽ ക്യാമ്പ് വളഞ്ഞ് നിന്ന ഇന്ത്യൻ പാരാ എസ് എഫ് കമാൻഡോകൾ തുരുതുരാ നിറയൊഴിച്ചു. ആദ്യ ഷോട്ട്, അതിനൊപ്പം അടുപ്പിച്ച് രണ്ട് ഷോട്ട് ഈ രീതിയിലായിരുന്നു വെടിവെച്ചത്. കൃത്യതയ്ക്കും വെടിയുണ്ടകളുടെ എണ്ണം കുറയ്ക്കാനുമായിരുന്നു ഈ രീതി അവലംബിച്ചത്.
ഒന്നും രണ്ടും ക്യാമ്പുകൾ വളരെ എളുപ്പം ക്ലിയർ ചെയ്യാൻ കമാൻഡോകൾക്ക് കഴിഞ്ഞു. ആദ്യ 20 മിനുട്ടിൽ എന്ത് സംഭവിക്കുകയാണെന്ന് മനസ്സിലാകുന്നതിനു മുൻപ് തന്നെ തീവ്രവാദികൾ വെടിയേറ്റ് വീണു. മൂന്നാമത്തെ ക്യാമ്പിൽ നിന്ന് ചെറുത്ത് നിൽപ്പുണ്ടായി. എന്നാൽ കമാൻഡോകളുടെ ലോഞ്ചറുകളിൽ നിന്ന് പാഞ്ഞ ഗ്രനേഡുകൾ ബങ്കറിൽ നിന്ന് വെടിയുതിർത്തുകൊണ്ടിരുന്ന തീവ്രവാദികളെ തകർത്തു.
45 മിനുട്ട് നീണ്ട് നിന്ന ഓപ്പറേഷനിൽ കമാൻഡോകൾ ഏതാണ്ട് പതിനയ്യായിരം റൗണ്ട് വെടിയുതിർത്തു. നൂറ്റിയമ്പതിൽ പരം ഗ്രനേഡുകളും പത്തിലധികം റോക്കറ്റുകളുമാണ് തീവ്രവാദ ക്യാമ്പുകൾക്ക് നേരേ പാഞ്ഞത്.
കമാൻഡോ സംഘത്തിലെ ഒരാൾക്ക് പോലും പരിക്കേൽക്കാതെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി അവർ മടങ്ങി. ഇന്ത്യൻ അതിർത്തിക്ക് തൊട്ടടുത്തെത്തിയപ്പോൾ ലെഫ്റ്റനന്റ് കേണൽ നെക്ടർ സഞ്ജൻ ബാം സൈനിക ആസ്ഥാനത്തേക്ക് മെസ്സേജ് അയച്ചു.
ഓപ്പറേഷൻ വിജയകരം .. നമ്മുടെ ആർക്കും പരിക്കില്ല..
ഇംഫാലിലെ സൈനിക ആസ്ഥാനത്ത് കാത്തിരുന്ന ലെഫ്റ്റനന്റ് ജനറൽ ബിപിൻ റാവത്തിന്റെ മുഖത്ത് വിജയസ്മിതം വിടർന്നു..
യെസ് .. 18 ഇന്ത്യൻ സൈനികരുടെ ചോരയ്ക്ക് നാം പകരം വീട്ടിയിരിക്കുന്നു..
ലെയ്മഖോംഗിലെ സൈനിക ആസ്ഥാനത്തെത്തി മിനുട്ടുകൾക്കുള്ളിൽ ലെഫ്റ്റനന്റ് കേണലിന് ആ ഫോൺ കോളെത്തി. പ്രതിരോധ മന്ത്രി മനോഹർ പരീക്കറായിരുന്നു അങ്ങേ തലയ്ക്കൽ.
അഭിനന്ദനങ്ങൾ കേണൽ .. നിങ്ങൾ നടത്തിയത് ഒന്നാന്തരം ഓപ്പറേഷനാണ്..
ഇടയിൽ അവിചാരിതമായി വന്നുപെട്ട ഉടുമ്പ് പിടുത്തക്കാരുടെ കാര്യമായിരുന്നു കഷ്ടം. കമാൻഡോകളോടൊപ്പം കുറെയധികം നടക്കേണ്ടി വന്നു. തങ്ങളുടെ വിധി എന്താകുമെന്ന് അവർ ഭയപ്പെടുകയും ചെയ്തു. പക്ഷേ നിരപരാധികളെ ഉപദ്രവിക്കുന്ന സ്വഭാവം ഇന്ത്യൻ സൈന്യത്തിനില്ലല്ലോ. ആക്രമണം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് അവരെ വിട്ടയച്ചു. അവരനുഭവിച്ച കഷ്ടപ്പാടുകൾക്ക് ക്ഷമ പറഞ്ഞ് അയ്യായിരം രൂപ വീതം നൽകിയാണ് ഇന്ത്യൻ സൈന്യം അവരെ വിട്ടയച്ചത്.
ആ വർഷം ഓഗസ്റ്റ് 15 ന് ലെഫ്റ്റനന്റ് കേണൽ നെക്ടർ സഞ്ജൻ ബാമിന് കീർത്തി ചക്രയും അദ്ദേഹത്തിന്റെ സംഘത്തിലെ ഒരു കമാൻഡോക്ക് ശൗര്യ ചക്രയും മറ്റ് അഞ്ച് കമാൻഡോകൾക്ക് സേനാമെഡലുകളും രാജ്യം പ്രഖാപിച്ചു. ധീരമായ പോരാട്ടത്തിന് രാജ്യത്തിന്റെ ആദരവ്..
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദ പ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടിയായിരുന്നു മ്യാന്മർ അതിർത്തി കടന്നുള്ള ആ ആക്രമണം. ഇന്ത്യയിൽ ആക്രമണം നടത്തി പഴയപോലെ മ്യാന്മറിലേക്ക് കടന്നാൽ രക്ഷപ്പെടാം എന്ന അവരുടെ കണക്കുകൂട്ടലായിരുന്നു തെറ്റിയത്. അവിടെ ഇന്ത്യൻ സൈന്യം നൽകിയത് ഒരു മുന്നറിയിപ്പായിരുന്നു.
നിങ്ങൾ ഞങ്ങളെ ആക്രമിച്ചാൽ നിങ്ങളിരിക്കുന്നിടത്ത് എവിടെയായാലും ഞങ്ങളെത്തും.. ഒന്നൊഴിയാതെ തകർത്ത് കളയും ..
Discussion about this post