മലപ്പുറം: പോക്‌സോ കേസിലെ അതിജീവിതയുടെ പേര് വിവരങ്ങൾ പ്രചരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പുത്തൂർ സ്വദേശി ജാസിർ ആണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമത്തിലൂടെ ആയിരുന്നു ഇയാൾ അതിജീവിതയുടെ വ്യക്തിത്വം വെളിവാക്കുന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ഭക്ഷണത്തിൽ എംഡിഎംഎ കലർത്തി നൽകി അബ്ദുൾ ഗഫൂർ എന്ന യുവാവ് പീഡിപ്പിച്ച പെൺകുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇയാൾ പങ്കുവച്ചത്. ശബ്ദസന്ദേശം ആയിരുന്നു ജാസിർ സമൂഹമാദ്ധ്യമം വഴി പുറത്തുവിട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി പോലീസിനോട് ഈ വിവരം പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ലൈംഗികാതിക്രമണത്തിന് ഇരയാകുന്നവരുടെ വ്യക്തിത്വം വ്യക്തമാകുന്ന തരത്തിലുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ പാടില്ലെന്നാണ് നിയമം. ഇത് ലംഘിച്ചാണ് ഇയാൾ അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ ശബ്ദസന്ദേശം പങ്കുവച്ചത്.
ഇൻസ്റ്റഗ്രാം വഴിയായിരുന്നു പെൺകുട്ടി പീഡന കേസിലെ പ്രതിയായ അബ്ദുൾ ഗഫൂറുമായി അടുത്തത്. പിന്നീട് ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി പലതവണ പീഡിപ്പിക്കുകയായിരുന്നു. ഇതിൽ കേസ് എടുത്തപോലീസ് അബ്ദുൾ ഗഫൂറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post