തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന് വേണ്ടി പോലീസ് ആരംഭിച്ച ഓപ്പറേഷൻ ഡി ഹണ്ടിൽ ഇതുവരെ അറസ്റ്റിലായത് 7000 ലധികം പേർ. ഒരു മാസം പിന്നിടുമ്പോൾ 7307 പേരെയാണ് ലഹരി കേസുകളിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലഹരിയുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
ലഹരി ഉപയോഗത്തെ തുടർന്നുള്ള അതിക്രമങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിലാണ് അരയും തലയും മുറുക്കി പോലീസ് രംഗത്ത് ഇറങ്ങിയത്. ഇതുവരെ 70,7222 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 7038 കേസുകൾ രജിസ്റ്റർ ചെയ്തു. കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളാണ് വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. 3.952 കി.ഗ്രാം എംഡിഎംഎയാണ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുള്ളത്. ഇതിന് പുറമേ 461.523 കി.ഗ്രാം കഞ്ചാവും 5132 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ മാത്രം നടത്തിയ പരിശോധനയിൽ 2288 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 207 കേസുകൾ രജിസ്റ്റർ ചെയ്തു. 151 കഞ്ചാവ് ബീഡിയും 84.23 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. 53.338 കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിനായുളള ആന്റി നാർക്കോട്ടിക് കൺട്രോൾ റൂമിന്റെ നമ്പർ (9497927797) സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഈ നമ്പറിലേക്ക് വിളിച്ച് വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ അറിയിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് ആണ്.
Discussion about this post