കണ്ണൂർ; മുഴപ്പിലങ്ങാട് സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ വിധി പ്രസ്താവിച്ച് കോടതി. 8 പ്രതികൾക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് മുതൽ ഒൻപത് വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ. ടിപി കേസ് കുറ്റവാളി ടികെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിൻറെ സഹോദരൻ മനോരാജ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, പദ്മനാഭൻ എന്നിവരുൾപ്പെടെ ഒൻപത് പേരാണ് കുറ്റക്കാർ. ഒരാളെ കോടതി വെറുതെ വിട്ടിരുന്നു
സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിൽ 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധത്തോടെ പ്രതികൾ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 32 വയസായിരുന്നു കൊല്ലപ്പെടുമ്പോൾ സൂരജിന്റെ പ്രായം
കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പോലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്തായി.
പ്രതികൾ നിരപരാധികളാണെന്നും അപ്പീൽ പോകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post