മലപ്പുറം: എംഡിഎംഎയ്ക്ക് പണം നൽകാത്തതിനെ തുടർന്ന് മാതാപിതാക്കളെ ആക്രമിച്ച് യുവാവ്. മലപ്പുറം താനൂരിലാണ് സംഭവം. അക്രമാസക്തനായ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
ദീർഘനാളായി ലഹരിയ്ക്ക് അടിമയാണ് യുവാവ്. ഇന്നലെ വൈകീട്ട് എംഡിഎംഎ വാങ്ങാൻ യുവാവ് വീട്ടുകാരോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകാൻ കഴിയില്ലെന്ന് വീട്ടുകാർ അറിയിച്ചു. ഇതോടെ രക്ഷിതാക്കളെ യുവാവ് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടതോടെ നാട്ടുകാർ വീട്ടിലേക്ക് ഓടിയെത്തി. തുടർന്ന് യുവാവിനെ പിടിച്ച് മാറ്റുകയായിരുന്നു.
കൈകാലുകൾ ബന്ധിച്ചതോടെയാണ് യുവാവ് പരാക്രമം അവസാനിപ്പിച്ചത്. ഇതേ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.
നേരത്തെ ജോലി ചെയ്ത് വീടും വീട്ടുകാരെയും നോക്കിയിരുന്നത് യുവാവ് ആയിരുന്നു. ഇതിനിടെയാണ് ലഹരിയ്ക്ക് അടിമയായത്. ഇതോടെ ജോലി നഷ്ടമായി. തുടർന്ന് പൂർണമായി ലഹരി ഉപയോഗത്തിലേക്ക് കടക്കുകയായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന പണം തീർന്നപ്പോൾ യുവാവ് ലഹരി വാങ്ങാൻ വീട്ടുകാരോട് പണം ആവശ്യപ്പെടാൻ തുടങ്ങി. നൽകാതിരുന്നതോടെ വീട്ടുകാരെ ആക്രമിക്കാൻ ആരംഭിക്കുകയായിരുന്നു. ലഹരി ഉപയോഗിച്ച് വീട്ടിൽ ഇയാൾ ബഹളം ഉണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നത്.
Discussion about this post