ചെന്നൈ: കുട്ടിക്കാലത്ത് താൻ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി ശരത്കുമാർ. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. അനുഭവം പങ്കുവയ്ക്കുന്നതിനിടെ നടി വികാരഭരിതയായി.
പരിപാടിയിൽ പങ്കെടുത്ത മത്സരാർത്ഥികളിൽ ഒരാൾ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നിന്റെ കഥ എന്റെയും കഥയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടി അനുഭവം പങ്കുവയ്ക്കാൻ ആരംഭിച്ചത്.
ഒരു കാര്യമറിയാമോ. നിന്റെ കഥ എന്റെയും കഥയാണ്. നടന്റെ മകളായതിനാൽ ഞങ്ങളൊക്കെ വലിയ താര കുടുംബമാണെന്നാണ് എല്ലാവരും കരുതുന്നത്. അതുകൊണ്ട് തന്നെ സുരക്ഷിതരായിരിക്കുമെന്നും യാതൊരു ചൂഷണവും നേരിടേണ്ടിവരില്ലെന്നും എല്ലാവരും കരുതുന്നു. എന്നാൽ സത്യം അതല്ല.
ഞങ്ങളെ മറ്റൊരാളുടെ അടുത്ത് നോക്കാൻ ഏൽപ്പിച്ചാണ് അമ്മയും അച്ഛനും ജോലിക്ക് പോകുക. നന്നായി നോക്കിക്കോണേ എന്ന് പറഞ്ഞായിരിക്കും അവർ പോകുക. അവർ നല്ലവരാണെന്ന് കരുതിയാണ് അവിടെ നമ്മളെ ആക്കിപ്പോകുന്നത്. ആ സമയത്ത് എന്നെ അഞ്ചോ ആറോ പേർ ഉപദ്രവിച്ചിട്ടുണ്ട്. ആ ട്രോമയിൽ നിന്നെല്ലാം ഞാൻ കരകയറി. അതുകൊണ്ട് എനിക്ക് നിന്നെയും നിന്റെ അനുഭവവും മനസിലാകുമെന്നും- വരലക്ഷ്മി ശരത് കുമാർ പറഞ്ഞു. റിയാലിറ്റി ഷോയിൽ ജഡ്ജ് ആയി എത്തിയതായിരുന്നു വരലക്ഷ്മി.
ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. കുട്ടികളെ ചെറുപ്പത്തിൽ തന്നെ ഗുഡ്- ബാഡ് ടച്ചുകൾ മാതാപിതാക്കൾ പഠിപ്പിക്കണം എന്നും വരലക്ഷ്മി പറഞ്ഞു.
Discussion about this post