കോഴിക്കോട്: റംസാൻ ദിനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അവധിയില്ല. റംസാൻ ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചു. ഈ മാസം 29, 30, 31 തിയതികളിൽ എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും ഓഫീസിൽ ഹാജരാകണം എന്നാണ് നിർദ്ദേശം. അതേസമയം ഉത്തരവ് ജീവനക്കാരിൽ അതൃപ്തി ഉളവാക്കിയിട്ടുണ്ട്.
കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആർക്കും അവധി നൽകരുത് എന്ന് സൂപ്പർവൈസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും നിർബന്ധമായും ഓഫീസിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സൂപ്പർവൈസർ മാർക്ക് നിർദ്ദേശം നൽകി.
സാമ്പത്തിക വർഷം അവസാനം ആയതിനാൽ ധാരാളം ജോലികൾ ബാക്കിയുണ്ട്. ഈ സാഹചര്യത്തിൽ അവധി നൽകിയാൽ അത് ജോലിയെ ബാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് നിർബന്ധിത പ്രവൃത്തി ദിനം ആക്കിയത്. രാജ്യവ്യാപകമായി കസ്റ്റംസ്, ജിഎസ്ടി ഓഫീസുകൾ അന്നേദിനം പ്രവർത്തിക്കുന്നുണ്ട്.
Discussion about this post