എറണാകുളം: എംപുരാൻ സിനിമയിൽ വിവാദ രംഗങ്ങൾ കടന്നുവന്നതിൽ മോഹൻലാലിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി മേജർ രവി. സിനിമ ഇറങ്ങുന്നതിന് മുൻപ് മോഹൻലാൽ പടം കാണാറില്ലെന്നും, ലഫ്റ്റനന്റ് പദവി എടുത്ത് കളയണം എന്ന ആവശ്യം വിരോധാഭാസം ആണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോഹൻലാലുമായി വലിയ ആത്മബന്ധം എനിക്കുണ്ട്. അദ്ദേഹത്തിനൊപ്പം 5 സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരു കഥകേട്ട് അദ്ദേഹത്തിന് ഓകെ ആയാൽ പിന്നീട് അതിൽ മോഹൻലാൽ ഇടപെടില്ല. സിനിമ റിലീസാകുന്നതിന് മുൻപ് അദ്ദേഹം സിനിമ കാണാറില്ല. എംപുരാനും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. മോഹൻലാൽ പടം കണ്ടിട്ടില്ലേ എന്ന് ഒരുപാട് കമന്റുകൾ കണ്ടു. ഇല്ല എന്നതാണ് വാസ്തവം. പലയിടത്തും പല സിസ്റ്റം ആണ്. അത് ആദ്യം മനസിലാക്കിയാൽ നന്നുവെന്നും മേജർ രവി കൂട്ടിച്ചേർത്തു.
മോഹൻലാലിന്റെ ലഫ്റ്റനന്റ് പദവി എടുത്ത് മാറ്റണം എന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം. സൈനികരായ എന്റെ സുഹൃത്തുക്കളും ഇതേ ആവശ്യം ഉന്നയിച്ചു. എല്ലാവരോടും ഒന്നാണ് പറയാനുള്ളത് ഇതൊരു വിരോധാഭാസം ആണ്. നിരവധി പ്രക്രിയകൾക്ക് ശേഷമാണ് അദ്ദേഹത്തിന് ആ പദവി ലഭിച്ചത്. കീർത്തിചക്ര എന്ന സിനിമയിൽ എന്റെ ആശയം മോഹൻലാൽ എന്ന നടനിലൂടെ അവതരിപ്പിക്കുകയാണ് ചെയ്തത്. അപ്പോൾ നിങ്ങൾ അദ്ദേഹത്തെ രാജ്യസ്‌നേഹമുള്ള ഒരു വ്യക്തിയായി കണ്ടു. ഒരു എഴുത്തുകാരനാണ് കഥാപാത്രങ്ങളെ ഉണ്ടാക്കിയെടുക്കുന്നത്. എന്റെ സുഹൃത്താണ് മുരളി ഗോപി. അദ്ദേഹത്തിന്റെ സങ്കൽപ്പങ്ങളാണ് അദ്ദേഹം എഴുതുന്നത്. ലഫ്‌നന്റ് പദവി ലഭിച്ച സിനിമയിൽ നിന്നുള്ള ഏക വ്യക്തിയാണ് മോഹൻലാൽ. അതിനാൽ ഇത്തരത്തിലുള്ള ആവശ്യം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post