കാസർകോട്: നാദാപുരത്ത് കാറിനുള്ളിൽ പടക്കം പൊട്ടിത്തെറിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. നാദാപുരം പേരോട് സ്വദേശികളായ ഷെഹ്‌റാസ്, റയീസ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. പടക്കം പൊട്ടിച്ച് കാറിലുണ്ടായിരുന്ന ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പെരുന്നാൾ ആഘോഷിക്കാൻ പടക്കം വാങ്ങി കാറിൽ വീട്ടിലേക്ക് വരികയായിരുന്നു യുവാക്കൾ. വീടിന് അടുത്ത് എത്തിയപ്പോൾ വാഹനം നിർത്തി കാറിൽ ഇരുന്ന് പടക്കം പൊട്ടിച്ചു. കാറിന്റെ പിൻസീറ്റിൽ ആയിരുന്നു വാങ്ങിയ പടക്കങ്ങൾ ഇവർ സൂക്ഷിച്ചിരുന്നത്. പടക്കം പൊട്ടിക്കുന്നതിനിടെ ഇതിലേക്ക് തീപ്പൊരി വീഴുകയായിരുന്നു. ഇതോടെ കാറിൽ ഇരുന്ന് ഇവയെല്ലാം പൊട്ടിത്തെറിച്ചു.
ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് കാറിനുള്ളിൽ പടക്കം പൊട്ടിത്തെറിച്ചതായി കണ്ടത്. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരുവർക്കും സാരമായ രീതിയിൽ തന്നെ പൊള്ളലേറ്റിട്ടുണ്ട്.
സംഭവം അറിഞ്ഞ് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി വാഹനം പരിശോധിച്ചു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ സ്‌ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Discussion about this post