ആ നേരം അൽപ്പദൂരം എന്ന സിനിമ മമ്മൂട്ടിയെ നായകനാക്കി തമ്പി കണ്ണന്താനം എടുത്ത സിനിമയാണ്. തിരക്കഥയും തമ്പി തന്നെയായിരുന്നു. സിനിമ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. സംവിധായകനെന്ന നിലയിൽ തമ്പിയുടെ മാർക്കറ്റ് ഇടിഞ്ഞു നിൽക്കുന്ന സമയമാണ്. അപ്പോഴാണ് അടുത്ത സുഹൃത്തും സംവിധായകനുമായ ജോഷി തമ്പിയെ സഹായിക്കാനെത്തിയത്. നിറക്കൂട്ടും ശ്യാമയുമെഴുതി പേരെടുത്തുകൊണ്ടിരിക്കുന്ന ഡെന്നിസ് ജോസഫിനോട് , തമ്പി കണ്ണന്താനത്തിന് കഥയെഴുതി കൊടുക്കാൻ ജോഷി ആവശ്യപ്പെട്ടു.
ജോഷിയും തമ്പിയും ആത്മാർത്ഥ സുഹൃത്തുക്കളാണ്. ഇരുവരും സംവിധാന സഹായികളായാണ് സിനിമയിലേക്ക് വരുന്നത്. അന്ന് തന്നെ ഇരുവരും തമ്മിൽ ഒരു കരാറുണ്ടായിരുന്നു. ആരാണോ ആദ്യം സ്വതന്ത്ര സംവിധായകനാകുന്നത്. അയാളുടെ സിനിമയിൽ മറ്റേയാൾ സംവിധാന സഹായിയാകും. ആദ്യം ജോഷി സംവിധായകനായി. തമ്പി ജോഷിയുടെ അസിസ്റ്റന്റുമായി..
ജോഷി പറഞ്ഞത് ഡെന്നിസ് ജോസഫ് കേട്ടു. അങ്ങനെ തമ്പി കണ്ണന്താനവും ഡെന്നിസ് ജോസഫും സിനിമയുടെ ചർച്ച നടത്തി. ഒടുവിൽ വില്ലൻ സ്വഭാവമുള്ള ഒരു നായകന്റെ കഥ ഡെന്നിസ് ജോസഫ് പറയുന്നു , തമ്പിക്ക് ഇഷ്ടപ്പെടുന്നു. കഥ തീരുമാനിക്കുന്നു. സിനിമയുടെ നിർമ്മാണം തമ്പി കണ്ണന്താനം തന്നെ..
ഡെന്നിസ് ജോസഫിന് സിനിമയിൽ മമ്മൂട്ടി അഭിനയിക്കണമെന്നാണ് ആഗ്രഹം. തമ്പിക്കും അതേ. ഇരുവരും തമ്മിൽ നല്ല ബന്ധവുമാണ്. പക്ഷേ ആ നേരം അല്പദൂരം പരാജയപ്പെട്ടതോടെ മമ്മൂട്ടിക്ക് തമ്പി കണ്ണന്താനത്തിന്റെ സിനിമയിൽ അഭിനയിക്കാൻ മടി. ഡെന്നിസ് ജോസഫും തമ്പിയും സൗഹൃദം വച്ച് നിർബന്ധിച്ചെങ്കിലും മമ്മൂട്ടി കേട്ടില്ല. ഇടയ്ക്ക് തമ്പിക്ക് വിഷമമുണ്ടാക്കുന്ന രീതിയിൽ മമ്മൂട്ടി അല്പം പരുഷമായി സംസാരിക്കുകയും ചെയ്തു.
അതോടെ മമ്മൂട്ടിയെ വെച്ച് ആ സിനിമ ചെയ്യാനുള്ള മോഹം ഇരുവരും ഉപേക്ഷിച്ചു. തമ്പിക്ക് വാശിയുമായി. അങ്ങനെ മോഹൻ ലാലിനെ കാണാൻ തീരുമാനിച്ചു. മറ്റൊരു സിനിമയുടെ സെറ്റിലെത്തി . കാര്യം പറഞ്ഞതിനു ശേഷം കഥ കേൾക്കാൻ പിറ്റേന്ന് സൗകര്യമുള്ള സമയം പറഞ്ഞാൽ വരാമെന്ന് തമ്പിയും ഡെന്നിസ് ജോസഫും പറഞ്ഞു.. മോഹൻ ലാൽ അന്ന് തിരക്കുള്ള നായകനായി ഉയർന്ന് തുടങ്ങുന്ന സമയമാണ്..
മോഹൻ ലാൽ പക്ഷേ ഞെട്ടിച്ചു കളഞ്ഞു..
ഏയ് എനിക്ക് കഥയൊന്നും കേൾക്കണ്ട.. നിങ്ങൾക്ക് എല്ലാം അറിയാമല്ലോ .. പിന്നെ ഞാനെന്തിനാ കേൾക്കുന്നത്.. ഞാൻ അഭിനയിക്കാൻ റെഡി..
അങ്ങനെ സിനിമ ആരംഭിക്കാൻ തീരുമാനമായി.. ഡെന്ന്സിസ് ജോസഫ് തിരക്കഥയെഴുതാൻ തുടങ്ങി.. അതിനിടയിൽ മമ്മൂട്ടി ഡെന്ന്സിന്റെ മുറിയിൽ വരും . കഥയെടുത്ത് വായിക്കും.. നായകനടന്റെ സംഭാഷണം പറഞ്ഞ് അഭിനയിക്കും..
ഡെന്നിസ് ജോസഫിന് സംശയമായി . തീരുമാനം മാറ്റണോ.. എന്ന് തമ്പിയോട് ചോദിച്ചു..
തമ്പി സംശയമൊന്നുമില്ലാതെ പറഞ്ഞു.. ഇനി മമ്മൂട്ടി ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട..
തമ്പി കണ്ണന്താനം അന്ന് നല്ല സാമ്പത്തിക സ്ഥിതിയിലല്ല. കാർ വിറ്റും റബ്ബർ തോട്ടം പണയംവെച്ചുമാണ് തമ്പി പടം പിടിക്കുന്നത്. നിർമാതാവും അദ്ദേഹം തന്നെയായിരുന്നല്ലോ..
പടം സൂപ്പർ ഹിറ്റായി.. മോഹൻ ലാലിന്റെ ഡയലോഗുകൾ അന്ന് സിനിമാ പ്രേമികൾ കാണാതെ പഠിച്ച് പറഞ്ഞ് നടന്നു.. മൈ ഫോൺനമ്പർ ഈസ് 2255 എന്ന ഡയലോഗും സൂപ്പർ ഹിറ്റായി. മോഹൻ ലാലിന്റെ കാറുകൾക്ക് സ്ഥിരമായി ഈ രജിസ്ട്രേഷൻ നമ്പർ വരുന്നതിന്റെ കാരണം ഇതാണ്.
ലാലേട്ടന്റെ വിൻസന്റ് ഗോമസ് .. പ്രതിനായകനായും നായകനായും തിളങ്ങി.. അദ്ദേഹം സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു..
മമ്മൂട്ടി ഉപേക്ഷിച്ച ആ സിനിമയാണ് രാജാവിന്റെ മകൻ
തമ്പി കണ്ണന്താനം പിന്നെ സംവിധാനം ചെയ്ത ഒറ്റപടത്തിലും മമ്മൂട്ടിയെ വിളിച്ചില്ല.. ഇന്ദ്രജാലവും നാടോടിയും മാന്ത്രികവും ഒന്നാമനും അടക്കമുള്ള പടങ്ങൾ മോഹൻ ലാലിനെ വെച്ച് സംവിധാനം ചെയ്തു. പടങ്ങൾ സൂപ്പർഹിറ്റാവുകയും ചെയ്തു..
Discussion about this post