കൊച്ചി: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യർക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളാണ് ഈ മഹതിയെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുണ്ട്. ആ കൂട്ടത്തിൽപെട്ട മഹതിയാണ് പോസ്റ്റ് ഇട്ടത്. അതിനെ അത്രയെ കാണുന്നുള്ളൂ. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യുമെന്ന് കെ മുരളീധരൻ പറഞ്ഞു.
കർണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീർത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും നിരവധി കാര്യങ്ങൾ താൻ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ പുകഴ്ത്തിയിരുന്നു.
ദിവ്യക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ ഘടകം രംഗത്ത് വന്നിരുന്നു. ദിവ്യ സർക്കാർ ഉദ്യോഗസ്ഥയാണ്. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. എകെജി സെന്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ദിവ്യ ഓർക്കണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post