തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ-ശോഭന കൂട്ടുകെട്ടിലെത്തി തിയേറ്ററുകൾ കീഴടക്കിയ ചിത്രമായിരുന്നു ‘തുടരും’. ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തുടരും സിനിമയിൽ ശോഭനയ്ക്ക് വേണ്ടി താൻ ശബ്ദം കൊടുത്തിരുന്നുവെന്നും എന്നാൽ താരത്തിന്റെ നിർബന്ധപ്രകാരം അത് മാറ്റുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എന്നാൽ ശബ്ദം മാറ്റിയത് ഒന്ന് വിളിച്ചുപറയാനുള്ള മര്യാദ പോലും അണിയറക്കാർ കാണിച്ചില്ലെന്നും ക്ലൈമാക്‌സിൽ തന്റെ ശബ്ദമാണ് ഉപയോഗിച്ചതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. ശോഭനയ്ക്ക് വേണ്ടി ഇനി ഡബ്ബ് ചെയ്യാൻ പേടിയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗുരുതര വെളിപ്പെടുത്തൽ.
‘ ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ…
‘ ഭാഗ്യലക്ഷ്മിയുടെ ശബ്ദം വേണ്ട എന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല,പക്ഷേ ഈ അടുത്ത് വിഷമിപ്പിക്കുന്ന ഒരു സംഭവം ഉണ്ടായി. ശോഭനയുടെ മിക്ക സിനിമകൾക്കും ഞാനാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കും അറിയാം. എല്ലാവരും പറയും ഏറ്റവും കൂടുതൽ ചേരുന്നത് എന്റെ ശബ്ദമാണെന്ന്. തുടരും സിനിമ സത്യത്തിൽ ഡബ്ബ് ചെയ്തതാണ്. തുടരും സിനിമയ്ക്ക് ഡബ്ബിങ്ങിന് വിളിച്ചപ്പോൾ തമിഴ് കഥാപാത്രം ആണെന്ന് പറഞ്ഞു. ശോഭന നന്നായി തമിഴ് പറയുമല്ലോ അതിനാൽ അവരെകൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചുകൂടെ എന്ന് ഞാൻ ചോദിച്ചു. ശോഭനയ്ക്ക് സ്വന്തമായി ഡബ്ബ് ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷേ നമ്മളെല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചു. സംവിധായകൻ തരുൺ മൂർത്തിയും തിരക്കഥാകൃത്ത് സുനിലുമെല്ലാം ഭാഗ്യ ചേച്ചിമതിയെന്ന് ആയിരുന്നു മറുപടി. അങ്ങനെ ഞാൻ പോയി. കുറച്ച് കാലങ്ങളായി എനിക്ക് ഡബ്ബിങ്ങിലുള്ള ആത്മവിശ്വാസം നഷ്ടമായിട്ടുണ്ട്. എന്റെ ശബ്ദം ഓവർ എക്സ്പോസ്ഡ് ആയെന്ന് തോന്നുന്നുണ്ട്. അത് കഥാപാത്രത്തെ ബാധിക്കും. ഭാഗ്യലക്ഷ്മിയെയാകും അവർ കാണുക. അതെനിക്ക് ഇഷ്ടമല്ല. അവിടെപ്പോയി സിനിമ കണ്ടപ്പോഴും ഞാൻ ചോദിച്ചു ഇത് ശോഭന തന്നെ ചെയ്താൽ പോരെയെന്ന്. എന്നാൽ തരുൺ മൂർത്തിയും സുനിലും കൂടെ ചേച്ചി തന്നെ ചെയ്യണമെന്ന് പറഞ്ഞു. മുഴുവൻ സിനിമയും ഞാൻ ഡബ്ബ് ചെയ്തു. ക്ലൈമാക്സൊക്കെ അലറി നിലവിളിച്ച്, ഭയങ്കരമായി എഫേർട്ട് എടുത്താണ് ചെയ്തത്. പറഞ്ഞ പ്രതിഫലവും തന്നു.മുഴുവൻ സിനിമയും ഞാൻ ഡബ്ബ് ചെയ്തു. ഒറ്റ ദിവസത്തിലാണ് ഞാൻ അതു തീർത്തത്. ക്ലൈമാക്‌സ് എല്ലാം അലറി നിലവിളിച്ച് നന്നായി ഹെവി ആയാണ് ചെയ്തത്. കറക്ഷൻ ഉണ്ടെങ്കിൽ പറയണം എന്നു കൂടി പറഞ്ഞാണ് ഞാൻ പോന്നത്. ഒരു മാസം ആയിട്ടും റിലീസ് ആകാതെ ആയപ്പോൾ ഞാൻ നിർമാതാവ് രഞ്ജിത്തിനെ വിളിച്ചു. തരുൺമൂർത്തിയുടെ നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. സുനിലിനെ വിളിക്കുമ്പോൾ ഡബ്ബിങ് ഗംഭീരമായിരുന്നു എന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. ‘എമ്പുരാന്റെ’ പ്രശ്‌നങ്ങൾ കൊണ്ടാണോ റിലീസ് വൈകുന്നത് എന്നായിരുന്നു എന്റെ സംശയം. റിലീസ് വൈകുന്നതിന്റെ പ്രശ്‌നങ്ങൾ പറയുന്നതിനൊപ്പം രഞ്ജിത് അക്കാര്യം എന്നോട് പറഞ്ഞു. ”ചേച്ചി, എങ്ങനെ ഇതു പറയും എന്നു കരുതിയിട്ടാണ് വിളിക്കാതിരുന്നത്. പറയാൻ ബുദ്ധിമുട്ടുണ്ട്. ശോഭന ഭയങ്കര വാശി പിടിച്ചു. അവർക്ക് ഡബ്ബ് ചെയ്യണം, ഇല്ലെങ്കിൽ പ്രമോഷനു വരില്ല എന്നു പറഞ്ഞു,” എന്ന്. സത്യത്തിൽ ഇത് ഞാൻ അങ്ങോട്ടു പറഞ്ഞതല്ലേ എന്ന് ഞാൻ തിരിച്ചു ചോദിച്ചു.
എന്നോടു പറയാതെ ശബ്ദം മാറ്റിയത് വളരെ മോശമായെന്ന് ഞാൻ പറഞ്ഞു. എന്റെ ശബ്ദം മാറ്റുന്നതിൽ എനിക്ക് പ്രശ്‌നമില്ല. പക്ഷേ, എന്നോട് അക്കാര്യം പറയുക എന്നത് ഒരു മര്യാദയാണ്. കാരണം, ഞാൻ അങ്ങോട്ടു കേറി ചോദിച്ച് ഡബ്ബ് ചെയ്തത് അല്ല. ഞാൻ ഒരു കാര്യം കൂടി പറഞ്ഞു. ”എന്റെ വോയ്‌സ് നിങ്ങൾ എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഞാൻ വെറുതെ ഇരിക്കില്ല.” ഇപ്പോഴും എന്റെ മൊബൈലിൽ ആ വോയ്‌സ് നോട്ട് ഉണ്ട്. റിലീസിനു മുൻപ് ആ സിനിമയുടെ സംവിധായകനോ തിരക്കഥാകൃത്തോ എന്നെ വിളിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. സുനിലിനെ ഞാൻ അങ്ങോട്ടു വിളിച്ചു പറഞ്ഞു, ചെയ്തത് മോശമായി എന്ന്. ‘അതു മനസ്സിലാകും’ എന്നു പറയുകയാണ് അദ്ദേഹം ചെയ്തത്. തിയേറ്ററിൽ പോയി ഞാൻ സിനിമ കണ്ടു. ഞാൻ പറഞ്ഞ അതേ മോഡുലേഷനിലാണ് സിനിമയിൽ ശോഭന ഡബ്ബ് ചെയ്തിരിക്കുന്നത് എന്ന്. എന്റെ ശബ്ദം കേട്ടിട്ടാണ് അവർ അതു ചെയ്തതെന്ന് എനിക്ക് മനസ്സിലായി. ഇതിന്റഎ ക്ലൈമാക്‌സിൽ അലറി വിളിക്കുന്ന ഭാഗമൊക്കെയുണ്ട്. അതിൽ എന്റെ ഒറിജിനൽ വോയ്‌സ് ആണ് അവർ ഉപയോഗിച്ചിരിക്കുന്നത്. ഡയലോഗ് ഒക്കെ അവരുടെ ശബ്ദം തന്നെ. അവർ ചെയ്തതിലല്ല എന്റെ പ്രശ്‌നം. അങ്ങനെ ചെയ്യുന്നെങ്കിൽ എന്നെ വിളിച്ചു പറയാമായിരുന്നില്ലേ!
റിലീസ് സമയത്ത് ഇതൊരു പ്രശ്‌നമാക്കണ്ട എന്നു കരുതി. ഇത്ര വർഷം ഞാനും കൂടെ ഭാഗമായ ഇൻഡസ്ട്രിയല്ലേ. പക്ഷേ, എന്നെങ്കിലും ഇതു ഞാൻ തുറന്നു പറയും എന്നു തീരുമാനിച്ചിരുന്നു. അതു ഞാൻ പറഞ്ഞു. ശോഭനയ്ക്ക് എന്നോട് കമ്മിറ്റ്‌മെന്റ് ഒന്നും ഇല്ലായിരിക്കാം. പക്ഷേ, തരുൺമൂർത്തി അങ്ങനെ അല്ലല്ലോ. ഞാൻ 50 വർഷമായി ഈ ഇൻഡസ്ട്രിയിൽ ഉള്ള ആളല്ലേ. ചെയ്തത് മാറ്റുകയാണ് എന്നു പറയാനുള്ള മര്യാദ കാണിക്കണ്ടേ? അങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്ക് പ്രശ്‌നമുണ്ടാകുമായിരുന്നില്ല. ഡബ്ബ് ചെയ്തത് മാറ്റിയ സംഭവങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതെല്ലാം അറിയിക്കാറുണ്ട്. എനിക്ക് കുഴപ്പമില്ല. ഞാൻ വർക്ക് ചെയ്തു. അതിനു പൈസ തന്നു. ശരിയാണ്. ഞാനിത്ര രൂപ വേണമെന്നു പറഞ്ഞു, രഞ്ജിത് അത്രയും പണം എനിക്ക് ഇട്ടു തന്നു. പക്ഷേ, സിനിമയുടെ ഉത്തരവാദിത്തം അതിന്റെ സംവിധായകനാണ്. അഭിമുഖങ്ങളിൽ അദ്ദേഹം ഇരുന്ന് ശോഭന തന്നെ ഡബ്ബ് ചെയ്യണം എന്ന് ആഗ്രഹിച്ചു എന്നൊക്കെ പറയുന്നത് കേൾക്കുമ്പോഴാണ് ദേഷ്യം വരുന്നത്. എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്? അപ്പോഴാണ് ഞാൻ പ്രകോപിതയാകുന്നത്. ഒരിടത്തെങ്കിലും അവർ സത്യം പറയണ്ടേ? ഭാഗ്യലക്ഷ്മിയെ വച്ച് ചെയ്തിരുന്നു, പക്ഷേ ശോഭന മാഡം ഡബ്ബ് ചെയ്യണമെന്ന് നിർബന്ധം പറഞ്ഞപ്പോൾ അവരെ വച്ച് ചെയ്തു എന്നു പറഞ്ഞാൽ എന്താണ് പ്രശ്‌നം? ഡബ്ബിങ് ആർട്ടിസ്റ്റുകളെ കേവലമായി കാണുന്നതു കൊണ്ടാണോ ഈ അപമാനിക്കൽ? നാളെ ഒരു സിനിമ ശോഭനയ്ക്കു വേണ്ടി ഡബ്ബ് ചെയ്യാൻ വിളിച്ചാൽ എനിക്കു പേടിയാണ്. കാരണം ഞാൻ ചെയ്തിട്ട് ഇതുപോലെ മാറ്റില്ലെന്ന് എന്താ ഉറപ്പ്? ഞാനീ കാര്യങ്ങൾ പുറത്തു പറഞ്ഞിട്ടും എന്നെ അവർ ആരും വിളിച്ചില്ല. കാരണം, ഞാൻ പറയുന്നതിൽ സത്യമുണ്ടെന്ന് അവർക്ക് അറിയാം. നുണ ആണെങ്കിൽ അല്ലേ ‘എന്താ ചേച്ചി ഇങ്ങനെ മാറ്റി പറയുന്നത്’ എന്ന് ചോദിക്കാൻ പറ്റൂയെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
Discussion about this post