ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാനദിവസവും യുഡിഎഫിന് മുന്നിൽ ഉപാധികളുമായി പിവി അൻവർ. തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വനം വകുപ്പും ആഭ്യന്തര വകുപ്പും തനിക്ക് നൽകുകയോ അല്ലെങ്കിൽ വി.ഡി.സതീശനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നു മാറ്റുകയോ ചെയ്താൽ മാത്രമേ പത്രിക പിൻവലിക്കൂവെന്ന് യുഡിഎഫിനെ അറിയിച്ചതായി അൻവർ പറഞ്ഞു. ഇതൊക്കെ അംഗീകരിച്ചാൽ യുഡിഎഫിന്റെ മുന്നണിപോരാളിയായി താൻ രംഗത്തുണ്ടാകുമെന്നും അൻവർ വ്യക്തമാക്കി. വിഡി സതീശനെ മുക്കാൽ പിണറായി എന്നാണ് അൻവർ വിശേഷിപ്പിച്ചത്. ംലപ്പുറം ജില്ല വിഭജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി.ഡി. സതീശനെ യുഡിഎഫ് നേതൃസ്ഥാനത്ത് ഇരുത്തിക്കൊണ്ട് ഞാൻ അതിലേക്ക് വരില്ല. ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാൽ പിണറായിയെ ഭരണത്തിൽ കയറ്റാൻ ഞാനില്ല. 2026ലെ തിരഞ്ഞെടുപ്പിൽ ആഭ്യന്തരവകുപ്പും വനംവകുപ്പും തരാൻ തയ്യാറാണെന്ന് രേഖയാക്കി പരസ്യമായി പറയുകയാണെങ്കിൽ 2026-ൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കാനുള്ള മുന്നണിപടയാളിയായി ഞാൻ ഉണ്ടാകും. ഒരു വലിയ പിണറായിയെ ഇറക്കിയിരുത്തിയിട്ട് കേരളത്തിൽ ഒരു മുക്കാൽ പിണറായിയെ കയറ്റി ഇരുത്തി മുഖ്യമന്ത്രിയാക്കാനാണല്ലോ നടക്കുന്നത്. അതിന് പിവി അൻവർ ഇല്ലെന്നാണ് പറയുന്നത്. അതില്ലാത്ത യുഡിഎഫിൽ പിവി അൻവർ ഉണ്ടാകും, ഒരു തർക്കവുമില്ലെന്നാണ് അൻവറിന്റെ വാക്കുകൾ.
അൻവറിന്റെ പുതിയ ഉപാധികളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്തെത്തി. ‘പ്രതിരോധവകുപ്പും വിദേശകാര്യവകുപ്പും കൂടി ചോദിക്കാമായിരുന്നുവെന്നാണ് പരിഹാസം.
Discussion about this post