ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ശേഷം മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് പരമ്പരയിൽ ഏറ്റവും മികച്ച രീതിയിൽ തുടങ്ങിയിരിക്കുന്നത്.
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലറുമായുള്ള സംഭാഷണത്തിൽ, ആദ്യ ടെസ്റ്റിലെ ഇരട്ട സെഞ്ച്വറികൾ നേടിയ പന്തിനെ സ്റ്റുവർട്ട് ബ്രോഡ് പ്രശംസിച്ചു. ഹെഡിംഗ്ലിയിലെ കാണികൾ പന്തിനെ സ്വീകരിച്ചതിനെയും ബ്രോഡ് അനുസ്മരിച്ചു. സച്ചിൻ ടെണ്ടുൽക്കറുടെ അവസാന ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ഒരു കളിക്കാരന് കിട്ടാവുന്നതിൽ താൻ കണ്ട ഏറ്റവും വലിയ അഭിനന്ദനമാണ് ഇപ്പോൾ പന്തിന് കിട്ടിയതെന്നും ബ്രോഡ് കൂട്ടിച്ചേർത്തു.
“ഹെഡിംഗ്ലിയിൽ അദ്ദേഹം സെഞ്ച്വറി നേടിയ ശേഷം അദ്ദേഹം മടങ്ങുമ്പോൾ ഞാൻ ശ്രദ്ധിച്ച കാര്യം, കാണികൾ എഴുന്നേറ്റു നിൽക്കുകയായിരുന്നു. അദ്ദേഹം നടത്തിയ മികച്ച ബാറ്റിംഗിനെ അഭിനന്ദിക്കാതെ ഇരിക്കാൻ തരമില്ല. ഇംഗ്ലീഷ് കാണികൾ എല്ലായ്പ്പോഴും എതിർ ടീമുകളും കളിക്കാരും മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ അവരെ പിന്തുണച്ചിട്ടുണ്ട്. പക്ഷേ, സച്ചിൻ ഇവിടെ അവസാനമായി നടത്തിയ പര്യടനത്തിനുശേഷം ഞാൻ കണ്ട ഏറ്റവും വലിയ കൈയ്യടിയായിരിക്കാം ഇത്,” അദ്ദേഹം പറഞ്ഞു.
ആദ്യ ഇന്നിംഗ്സിൽ 178 പന്തിൽ 12 ഫോറുകളും ആറ് സിക്സറുകളും സഹിതം 134 റൺസ് നേടിയ പന്ത് രണ്ടാം ഇന്നിംഗ്സിൽ 140 പന്തിൽ 15 ഫോറുകളും മൂന്ന് സിക്സറുകളും സഹിതം 118 റൺസ് കൂടി നേടി മറ്റൊരു സെഞ്ച്വറി കൂടി നേടി മികവ് കാണിച്ചു.
Discussion about this post