ക്രിക്കറ്റിൽ ചില പുതിയ നിയമങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ഐസിസി. ചില ആശയക്കുഴപ്പം മുമ്പൊക്കെ ഉണ്ടായിരുന്ന കാര്യങ്ങളിൽ അടക്കം കൃത്യമായ മാറ്റങ്ങളാണ് ഐസിസി നിർദേശിച്ചിരിക്കുന്നത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) സൈക്കിളിന്റെ ആരംഭത്തോടെ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) ടെസ്റ്റ് മത്സരങ്ങളിൽ സ്റ്റോപ്പ് ക്ലോക്ക് അവതരിപ്പിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
നിയമം അനുസരിച്ച്, ഫീൽഡിംഗ് ടീം മുമ്പത്തെ ഓവർ അവസാനിച്ച് ഒരു മിനിറ്റിനുള്ളിൽ അടുത്ത ഓവർ ആരംഭിക്കണം. നിയമം ലംഘിച്ചാൽ, ഫീൽഡിംഗ് ടീമിന് രണ്ട് മുന്നറിയിപ്പുകൾ നൽകും. മൂന്നാമത്തെ തവണ കുറ്റം ആവർത്തിച്ചാൽ, നിയമം ലംഘിക്കുന്ന ഓരോ തവണയും ബാറ്റിംഗ് ടീമിന് അഞ്ച് റൺസ് അധികമായി നൽകും.
എന്തായാലും ഇത് കൂടാതെ മാറ്റങ്ങൾ വരുന്ന വിഭാഗങ്ങൾ നമുക്ക് നോക്കാം:
ഉമിനീരും പന്ത് മാറ്റലും
പന്തിൽ ഉമിനീർ ഉപയോഗിക്കുന്നതിനുള്ള നിരോധനം ഇപ്പോഴും പ്രാബല്യത്തിലാണെങ്കിലും, ഇനി മുതൽ പന്തിൽ ഉമിനീർ കണ്ടെത്തിയാൽ അമ്പയർമാർ അത് മാറ്റേണ്ടതില്ല. പന്ത് മാറ്റാൻ ശ്രമിക്കുന്ന ബൗളിംഗ് ടീം മനഃപൂർവ്വം പന്തിൽ ഉമിനീർ പുരട്ടുന്ന സാഹചര്യത്തെ ചെറുക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. അമ്പയറിന് ബോധ്യപ്പെട്ട എന്തെങ്കിലും ശക്തമായ സാഹചര്യം വന്നാൽ മാത്രമേ അല്ലാത്ത അവസ്ഥയിൽ പന്ത് മാറ്റാൻ അനുവദിക്കുക ഉള്ളു
ഡിആർഎസും മാറ്റങ്ങളും
ഡിആർഎസുമായി ബന്ധപ്പെട്ട മാറ്റത്തിൽ, ടിവി അമ്പയർ, റിവ്യൂ പരിശോധിക്കുന്നതിൽ മാറ്റം വന്നിട്ടുണ്ട്. എൽബിഡബ്ല്യുവിന് അപ്പീൽ നൽകിയതിന് ശേഷം റൺ ഔട്ട് ശ്രമം ഉണ്ടായാൽ, റൺ ഔട്ട് ആയോ (അമ്പയർ അഭ്യർത്ഥിക്കുന്നത്)എന്ന് പരിശോധിക്കുന്നതിന് മുമ്പ് ലെഗ്-ബിഫോർ തീരുമാനം ആകും പരിശോധിക്കുക. അതായത് ഇവിടെ ഫീൽഡിങ് ടീമിന്റെ റിവ്യൂ കഴിഞ്ഞായിരിക്കും റണ്ണൗട്ട് തീരുമാനത്തിൽ തീരുമാനം ഉണ്ടാകുക.
നോ-ബോളും ക്‌ളീൻ ക്യാച്ചും
ഫീൽഡിലെ അമ്പയർമാർ ഒരു ക്യാച്ച് ക്ലീൻ ആയി എടുത്തിട്ടുണ്ടോ എന്ന് നോക്കുകയും, തുടർന്ന് ടിവി അമ്പയർ അത് നോ -ബോൾ ആയി അറിയിക്കുകയും ചെയ്താൽ, ക്യാച്ച് ക്ളീൻ ആണോ എന്ന് ഇനി മുതൽ പരിശോധിക്കും. ഇതുവരെ, ഒരു നോ-ബോൾ എറിയുകയും അതിൽ ഒരു ക്യാച്ച് എടുക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്താൽ ക്യാച്ച് കൊണ്ട് പ്രത്യേകിച്ച് പ്രാധാന്യം ഒന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, അപ്‌ഡേറ്റ് ചെയ്ത കളി സാഹചര്യങ്ങളിൽ, ക്യാച്ച് ഫെയർ ആയി കണക്കാക്കിയാൽ, ബാറ്റിംഗ് ടീമിന് നോ-ബോളിന് ഒരു റൺ മാത്രമേ ലഭിക്കൂ. ക്യാച്ച് ക്ലീൻ അല്ലാത്ത സാഹചര്യത്തിൽ, ബാറ്റർമാർ ആ പന്തിൽ എത്ര റൺസ് എടുത്തിട്ടുണ്ടെന്ന് നോക്കി അത് ബാറ്റിംഗ് ടീമിന് നൽകും.
മനഃപൂർവ്വം ഷോർട്ട് റൺ
ഷോർട്ട് റൺ മനഃപൂർവ്വം ചെയ്താൽ അഞ്ച് റൺസ് പെനാൽറ്റി കിട്ടും എന്ന നിയമം നിലവിലുണ്ടെങ്കിലും, അത്തരമൊരു സാഹചര്യത്തിൽ ഏത് ബാറ്റർ സ്ട്രൈക്ക് ചെയ്യണമെന്ന് ഫീൽഡിംഗ് ടീമിന് തീരുമാനിക്കാമെന്ന് പുതുക്കിയ നിയമങ്ങൾ അനുശാസിക്കുന്നു.
Discussion about this post