സിനിമയിൽ നല്ലൊരു വേഷം ലഭിക്കാത്തതിൽ ഇപ്പോഴും വിഷമമാണെന്ന് തുറന്നുപറഞ്ഞ് നടി സീനത്ത്. സിനിമയിലുളളവരുമായി അധികം സൗഹൃദം ഇല്ലാത്തതുകൊണ്ടായിരിക്കാം അവസരങ്ങൾ കുറഞ്ഞിട്ടുളളതെന്നും അവർ വ്യക്തമാക്കി.മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തെ ആദ്യമായി കണ്ടതിനെ കുറിച്ചുമുള്ള അനുഭവവും താരം പങ്കിട്ടു. തന്റെ ഭർത്താവായിരുന്ന കെടി എഴുതിയ ആറ്റുവഞ്ചിയുലഞ്ഞപ്പോൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ചയെന്നും തന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു സംഭവമായിരുന്നു അതെന്നും സീനത്ത് പറഞ്ഞു.അദ്ദേഹത്തിന് ഭയങ്കര സ്‌നേഹമാണ് എല്ലാവരോടും. മമ്മൂക്ക സ്‌നേഹം കൂടുതൽ പ്രകടിപ്പിക്കില്ല. റോഷാക്കിൽ എനിക്ക് നല്ലൊരു റോൾ തന്നുവെന്നും താരം വ്യക്തമാക്കി.
നടി സീനത്തിന്റെ വാക്കുകൾ
ആദ്യം ഞാൻ മമ്മൂക്കയെ കണ്ടത് കെടി എഴുതിയ ആറ്റുവഞ്ചിയുലഞ്ഞപ്പോൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു. ലക്ഷ്മിയായിരുന്നു മമ്മൂക്കയുടെ നായിക. എനിക്കും ഭയങ്കര ഇഷ്ടമായിരുന്നു. ഞാൻ സ്റ്റെപ്പിലൊക്കെ വന്ന് നോക്കി നിൽക്കും കാർ പോകുന്നതൊക്കെ. എന്നാൽ സംസാരിക്കാനോ പരിചയപ്പെടാനോ ഒന്നും പറ്റിയിട്ടില്ല. മൂപ്പര് എന്നെ കണ്ടിട്ടുണ്ടാകും. കണ്ടപ്പോൾ ഒന്നുചിരിച്ചു, അത്രയേ ഉള്ളൂ. പിന്നെ ഞാൻകാണുന്നത് മഹാനഗരം എന്ന സിനിമയിൽ ഞാൻ അഭിനയിക്കാൻ പോയപ്പോഴാണ്.
ഞാൻ അവിടെ മേക്കപ്പ് ചെയ്യുമ്പോൾ മമ്മൂക്ക കുറച്ച് ദൂരെ ഇരിക്കുന്നുണ്ട്. എല്ലാവരും പോയിട്ട് മമ്മൂക്കയോട് നമസ്‌കാരം പറയുന്നുണ്ട്, സംസാരിക്കുന്നുണ്ട്. എനിക്ക് അതറിയില്ലല്ലോ. സംസാരിക്കണം എന്നൊന്നും അറിയില്ല. എന്നാൽ എന്റെ ഉള്ളിൽ ഭയങ്കര ബഹുമാനവും ആരാധനയുമൊക്കെ ഉണ്ട്. പക്ഷേ പ്രകടിപ്പിക്കാൻ അറിയില്ല. ഞാൻ നോക്കുമ്പോൾ ഓരോരുത്തരും വന്ന് പോകുന്നുണ്ട്. ഞാൻ നോക്കുമ്പോൾ മമ്മൂക്ക ഇടക്കൊന്ന് നോക്കും. പക്ഷേ ഒന്നും മിണ്ടുന്നില്ല. അങ്ങനെ ഷൂട്ടിങ് കഴിഞ്ഞ് വൈകുന്നേരമായി. ഞാൻ മേക്കപ്പ് അഴിക്കാൻ പോയി. ഞാൻ നോക്കുമ്പോൾ അദ്ദേഹം എന്റെ നേരെ വന്നു, ഞാൻ മമ്മൂട്ടിയെന്ന് അദ്ദേഹം തൊഴുത് കൊണ്ട് പറഞ്ഞു, എന്റെ പടച്ചോനെ ഞാൻ ഐസ് ആയി പോയി. ഞാൻ ചാടി എഴുന്നേറ്റു. അയ്യോ ഒന്നും വിചാരിക്കരുതെന്ന് ഞാൻ പറഞ്ഞപ്പോൾ അല്ല ഞാൻ മമ്മൂട്ടിയാണെന്ന് പറഞ്ഞതാണെന്ന് അദ്ദേഹം മറുപടി നൽകി.
അങ്ങനെ ഞാൻ വീട്ടിൽ പോയി പറഞ്ഞു. എനിക്ക് പിന്നെ അത് ആലോചിച്ചപ്പോൾ ഭയങ്കര മോശമായി തോന്നി. ചെന്ന് സംസാരിക്കണമായിരുന്നു ഞാൻ. ഞാൻ മാത്രം ചെല്ലുന്നില്ല. എല്ലാവരും സംസാരിക്കുന്നുണ്ട്. എന്നാൽ ഞാൻ നോക്കുന്നുമുണ്ട്. മമ്മൂക്കയെ ഞാൻ അന്ന് അവിടെ വെച്ച് കണ്ടത് മറക്കില്ലെന്ന് താരം പറഞ്ഞു.
Discussion about this post