ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ചഭക്ഷണത്തിന് ശേഷം മുഹമ്മദ് സിറാജ് ശുഭ്മാൻ ഗില്ലിൽ നിന്ന് പന്ത് ചോദിച്ച് മേടിക്കേണ്ടത് ആയിരുന്നു എന്ന് മുൻ ഇന്ത്യൻ താരം സാബ കരീം അഭിപ്രായപ്പെട്ടു. രാവിലെ മുതൽ താരം മികച്ച താളത്തിൽ കാണപ്പെട്ടുവെന്നും രണ്ടാം സെഷൻ ആരംഭിച്ചപ്പോൾ ഹാരി ബ്രൂക്കിന്റെയും ജാമി സ്മിത്തിന്റെയും കൂട്ടുകെട്ട് തകർക്കാൻ അദ്ദേഹത്തെ ഉപയോഗിക്കണമായിരുന്നുവെന്നും സാബ ചൂണ്ടിക്കാട്ടി.
6/70 എന്ന നിലയിൽ മികച്ച ബോളിങ് സ്പെൽ എറിഞ്ഞ സിറാജ് ഇന്ത്യയുടെ രക്ഷകനായി. സിറാജിന്റെ മികവിൽ തന്നെയാണ് ഇന്ത്യ ലീഡ് വഴങ്ങാതിരുന്നതും. ശേഷം രണ്ടാം ഇന്നിംഗ്‌സിൽ 64/1 എന്ന നിലയിൽ നിന്ന് 244 റൺസിന്റെ ലീഡോടെയാണ് ഇന്ത്യ ദിവസം അവസാനിപ്പിച്ചത്.
“ലഞ്ചിന് ശേഷം പന്ത് സിറാജ് ചോദിച്ച് വാങ്ങണമായിരുന്നു. അത്ര മികച്ച ഫോമിലാണ് അവൻ കളിച്ചത്. അങ്ങനെ ഉള്ള താരത്തെ ഏറ്റവും ആവശ്യം ഉള്ളപ്പോൾ ഉപയോഗിക്കണമായിരുന്നു. പ്രസീദ് എറിയാൻ വന്നപ്പോൾ അവിടെ അവന് സ്ലിപ്പ് കൊടുത്തതും ഇല്ല ഗിൽ. ആ സമയത്ത് വിക്കറ്റ് എടുക്കാനാണ് ശ്രമിക്കേണ്ടത്, ” അദ്ദേഹം പ്രതികരിച്ചു.
സിറാജ് തന്റെ പരമാവധി പരിശ്രമം നടത്തുന്നു എന്നും ഇപ്പോഴത്തെ അയാളുടെ ഫോം ഇന്ത്യക്ക് ഗുണം ആണെന്നും സാബ പറഞ്ഞു.
“അദ്ദേഹം (സിറാജ്) എപ്പോഴും കഠിനമായി പരിശ്രമിക്കുന്ന പേസ് ബൗളറാണ്. ഓരോ പന്തും 100 ശതമാനത്തിലധികം പ്രതിബദ്ധതയോടെ എറിയുന്നു. ആ അഭിനിവേശത്തോടെയാണ് അദ്ദേഹം പന്തെറിയുന്നത്. ലൈനിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഇന്നലത്തെ ഗ്രൂപ്പിംഗ് അതിശയകരമായിരുന്നു. കാരണം പിച്ചിൽ ബൗൺസ് കുറവായിരുന്നു. എന്നിട്ടും അവൻ ഇമ്പാക്ട് ഉണ്ടാക്കി.” സാബ വിശദീകരിച്ചു
എന്തായാലും നിലവിലെ താരത്തിന്റെ ഫോം ഇന്ത്യക്ക് വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ പ്രതീക്ഷ നൽകുന്ന ഘടകമാണ്.
Discussion about this post