ഏകദിന ഫോർമാറ്റിൽ, സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗും ഓപ്പണിങ് കൂട്ടുകെട്ടിലൂടെ ക്രികറ്റ് പ്രേമികളുടെ മനസ്സിൽ മനോഹരമായ ഓർമ്മകൾ സൃഷ്ടിച്ചിട്ടുണ്ട്. 2003, 2011 ലോകകപ്പുകളിൽ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണർമാരായിരുന്നു അവർ. 2003 ൽ ഇന്ത്യ ഫൈനലിലെത്തിയപ്പോൾ 2011 ൽ കിരീടം നേടി. 2011 ലെ ക്രിക്കറ്റ് ലോകകപ്പിലുടനീളം ഇന്ത്യയുടെ വിജയങ്ങളിൽ ഈ ജോഡി നിർണായക പങ്ക് വഹിച്ചു.
പഴയ ഓർമ്മകൾ പങ്കുവച്ചപ്പോൾ, 2011 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ സച്ചിനൊപ്പം ബാറ്റ് ചെയ്തതിനെക്കുറിച്ചുള്ള ഒരു നർമ്മ കഥ സെവാഗ് അടുത്തിടെ വിവരിച്ചു. ഓവറുകൾക്കിടയിൽ സംസാരിക്കുന്ന ശീലം സച്ചിന് ഉണ്ടായിരുന്നുവെന്നും, എന്നാൽ കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ പാടാറുണ്ടായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഇനി പാടിയാൽ സച്ചിന് ഭ്രാന്ത് പിടിക്കും എന്ന് പറഞ്ഞതായിട്ടും വീരു ഓർത്തു.
“2011 ലോകകപ്പിൽ ഞങ്ങൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുകയായിരുന്നു. ബാറ്റ് ചെയ്യുമ്പോൾ ഞാൻ പാട്ടുകൾ പാടുന്നുണ്ടായിരുന്നു, ആ സമയത്ത് ഞങ്ങൾ നല്ല നിലയിൽ ആയിരുന്നു. ഓവറുകൾക്കിടയിൽ സംസാരിക്കുന്ന ശീലം സച്ചിനുണ്ടായിരുന്നു. പക്ഷേ ഞാൻ അന്ന് സംസാരിച്ചില്ല. ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ പാടുക മാത്രമാണ് ചെയ്തത്. ഇത് മൂന്ന് ഓവർ വരെ തുടർന്നു. നാലാം ഓവറിന് ശേഷം, അദ്ദേഹം പിന്നിൽ നിന്ന് വന്ന് എന്നെ ബാറ്റ് കൊണ്ട് അടിച്ചു. അദ്ദേഹം പറഞ്ഞു ‘നീ ഇതുപോലെ പാട്ടുകൾ പാടുന്നത് തുടർന്നാൽ എനിക്ക് ഭ്രാന്താകും’. അതോടെ ഞാൻ പാട്ട് നിർത്തി.” സെവാഗ് പറഞ്ഞു
ഓവറുകൾക്കിടയിൽ ബൗളർമാരെയും അവരുടെ തന്ത്രങ്ങളെയും കുറിച്ച് സംസാരിക്കാൻ സച്ചിൻ ആഗ്രഹിച്ചു, പക്ഷേ അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കാൻ താൻ മെനക്കെട്ടില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുക ആയിരുന്നു. 20 ഓവറുകളിൽ ഞങ്ങൾ അന്ന് 140-150 റൺസ് നേടി. ഓവർ പൂർത്തിയാകുമ്പോൾ, ബൗളർമാരെയും അവരുടെ തന്ത്രങ്ങളെയും കുറിച്ച് സംസാരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. പക്ഷേ എനിക്ക് അതൊന്നും പ്രശ്നം ഒന്നും ഇല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രദ്ധേയമായി ആ ലോകകപ്പിൽ, മത്സരത്തിൽ ഇന്ത്യയുടെ ഏക തോൽവി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു, രണ്ട് ഓപ്പണർമാരും ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യ ആ മത്സരം കൈവിട്ടു.
Discussion about this post