നടൻ മമ്മൂട്ടിക്കെതിരെ ഗുരുതരമായ ആരോപണവുമായിം നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. നിർമ്മാതാക്കൾക്കെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്നും അതിന് താൻ തയ്യാറല്ലെന്ന് പറഞ്ഞതോടെ കമ്മിറ്റ് ചെയ്ത പടത്തിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര ആരോപിക്കുന്നു.
മമ്മൂക്കയുടെ മകൾക്കാണ് ഇത് സംഭവിച്ചതെങ്കിൽ അദ്ദേഹം ഇത് പറയുമോ? പ്രതികരിക്കരുതെന്ന്? മിണ്ടാതെ സഹിക്കാൻ പറയുമോ? അത്രയേ ഉള്ളൂ. അവനവന്റെ കുടുംബത്തിൽ വരുമ്പോഴെ ഇത് അവനവനെ ബാധിക്കുകയുള്ളൂ എന്നായിരുന്നു മമ്മൂട്ടിയോട് സാന്ദ്ര പറഞ്ഞത്. ഇതിന് പിന്നാലെ ഒരുമിച്ച് ചെയ്യാനിരുന്ന സിനിമയിൽ നിന്ന് പിന്മാറിയതായും സാന്ദ്ര വെളിപ്പെടുത്തുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. അതേസമയം സാന്ദ്രയുടെ ആരോപണത്തോട് മമ്മൂട്ടിയോ അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങളോ ഇത് വരെ പ്രതികരിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം പ്രൊഡ്യൂസർ അസോസിയേഷൻ തിരഞ്ഞെടുപ്പിലേക്ക് സാന്ദ്ര സമർപ്പിച്ച പത്രിക തള്ളിയിരുന്നു. പ്രസിഡന്റ് ട്രെഷറർ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചിരുന്നത്. ചുരുങ്ങിയത് 3 സിനിമകൾ എങ്കിലും നിർമ്മിച്ചാൽ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
രണ്ട് സിനിമകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂവെന്ന വരണാധികാരിയുടെ വാദത്തെ സാന്ദ്രതോമസ് എതിർത്തു. ലിറ്റിൽ ഹാർട്‌സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ചിത്രങ്ങൾ. എന്നാൽ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാർട്ണർ താനായിരുന്നുവെന്നും ആ ബാനറിൽ എടുത്ത ചിത്രങ്ങൾ തന്റെ പേരിലാണ് സെൻസർ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചു.ഒരു സ്ഥിരം അംഗത്തിന് മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ മത്സരത്തിന് യോഗ്യത ഉണ്ടെന്നാണ് ബൈലോയിൽ പറയുന്നതെന്നും ഒൻപത് സിനിമകൾ തന്റെ പേരിൽ സെൻസർ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു. എന്നാൽ ഒരു സിനിമ നിർമ്മിച്ചാൽ മാത്രം മത്സരിക്കാവുന്ന എക്‌സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് സാന്ദ്രയ്ക്ക് മത്സരിക്കാമെന്നും വരണാധികാരി പറഞ്ഞു. ഇതോടെ വാക്കേറ്റമായി. പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് സാന്ദ്ര തോമസും സുരേഷ് കുമാറും തമ്മിൽ വാക്കുതർക്കവും ഉണ്ടായി.
Discussion about this post