സഞ്ജു സാംസണിനോട് തനിക്ക് യാതൊരു പക്ഷപാതവുമില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ക്രിസ് ശ്രീകാന്ത്. എന്നിരുന്നാലും, 2025 ലെ ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിലെ ഒന്നാം നമ്പർ കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു ആയിരിക്കില്ല എന്ന തന്റെ നിലപാടിൽ ഉറച്ചുനിന്നു. സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 28 വരെ യുഎഇയിൽ നടക്കുന്ന ടി20 ടൂർണമെന്റിനുള്ള ടീം ഇന്ത്യയുടെ ടീമിനെ ഇന്നലെ മുംബൈയിൽ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്തി, വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ശ്രേയസ് അയ്യർക്ക് ടീമിൽ സ്ഥാനം കിട്ടിയില്ല. ടീമിലെ രണ്ട് കീപ്പർ ബാറ്റ്‌സ്മാന്മാരയി സഞ്ജുവും ജിതേഷും സ്‌ക്വാഡിലെത്തി.
‘ചീക്കി ചീക്ക’ എന്ന തന്റെ യൂട്യൂബ് ചാനലിൽ 2025 ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ, ഇന്ത്യ പ്ലേയിംഗ് ഇലവനിൽ കീപ്പർ ബാറ്ററായി ജിതേഷ് ശർമ്മയെ തിരഞ്ഞെടുക്കുമെന്നും ഗിൽ സാംസണിന് പകരം ഓപ്പണറായി ഇറങ്ങുമെന്നും ശ്രീകാന്ത് പ്രവചിച്ചു. തന്റെ കാഴ്ചപ്പാടുകൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
“സഞ്ജു സാംസണോട് എനിക്ക് പക്ഷപാതം തോന്നുന്നില്ല. പറയൂ, അദ്ദേഹം എപ്പോഴാണ് ആ മൂന്ന് സെഞ്ച്വറികൾ നേടിയത്? അത് കഴിഞ്ഞവർഷം നടന്ന കാര്യമാ. സമീപകാല ട്രാക്ക് റെക്കോർഡ് നോക്കേണ്ടതുണ്ട്. ഐപിഎല്ലിലും അദ്ദേഹം മികച്ചതൊന്നും ചെയ്തിട്ടില്ല. കഴിഞ്ഞ അഞ്ച് ടി20 മത്സരങ്ങളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല.”
“ഐപിഎൽ പ്രകടനം പരിഗണിക്കുന്നില്ലെങ്കിൽ, ഐപിഎൽ നടത്തിയിട്ട് എന്താണ് പ്രയോജനം? എനിക്ക് സാംസണെ ഇഷ്ടമാണ്, പക്ഷേ അവൻ എവിടെ കളിക്കും? ജിതേഷ് ശർമ്മ ഫിനിഷറായി കളിക്കണം. ഞാൻ ജിതേഷ് ശർമ്മയെ അനുകൂലിക്കുന്നയാളാണ്, സഞ്ജു സാംസണെ എതിർക്കുന്നയാളല്ല. നിലവിലെ ഫോമിൽ സാംസണിന് ടീമിൽ ഇടം ലഭിച്ചിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും മൂലം തകർന്ന ഒരു സീസണിൽ, സാംസൺ ഐപിഎൽ 2025 ൽ ഒമ്പത് മത്സരങ്ങൾ കളിച്ചു, 140.39 സ്ട്രൈക്ക് റേറ്റിൽ 285 റൺസ് നേടി, അവിടെ താരത്തിനാകെ ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് നേടിയത്. ജിതേഷിനെ സംബന്ധിച്ചിടത്തോളം, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) വിജയകരമായ സീസണിൽ 11 ഇന്നിംഗ്‌സുകളിൽ നിന്ന് 176.35 സ്ട്രൈക്ക് റേറ്റിൽ 261 റൺസ് അദ്ദേഹം നേടി. താരം മിക്ക മത്സരങ്ങളിലും ഫിനിഷർ റോളിലാണ് കളിച്ചത്.
Discussion about this post