2025 ലെ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ ടീമുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സൂര്യകുമാർ യാദവ് നായകനാകുന്ന ടീമിൽ ഗിൽ ഉപനായകൻ ആയത് ഉൾപ്പടെ ഒരുപാട് സർപ്രൈസ് കാര്യങ്ങൾ ഉണ്ട്. യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ എന്നിവരെപ്പോലുള്ള താരങ്ങൾക്ക് സ്ഥാനം നഷ്ടമായതും പലർക്കും അത്ഭുതമായി. എന്നിരുന്നാലും, ഗില്ലിന്റെ തിരിച്ചുവരവോടെ സഞ്ജു സാംസണും ടീമിൽ നിന്ന് പുറത്താകുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.
“നോക്കൂ, സെലക്ഷൻ ഒരു നന്ദികെട്ട ജോലിയാണെന്ന് എനിക്ക് മനസ്സിലായി. ഒരാളെ ഒഴിവാക്കുക, ആരെയെങ്കിലും പുറത്താക്കി എന്ന് പറയുക, അത് എളുപ്പമുള്ള കാര്യമല്ല. നിങ്ങൾ കളിക്കാരോട് സംസാരിക്കണം, ശേഷം ദുഃഖത്തിലൂടെ കടന്നുപോകണം. ശ്രേയസ് അയ്യരെയും യശസ്വി ജയ്‌സ്വാളിനെയും വിളിച്ച്, അവരെ തിരഞ്ഞെടുക്കാത്തതിന്റെ കാരണങ്ങൾ അവരോട് പറയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അശ്വിൻ തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തിൽ’ പറഞ്ഞു.
“ഗില്ലിന്റെ സെലക്ഷൻ അവൻ അർഹിച്ചത് ആയിരുന്നു. അദ്ദേഹം വൈസ് ക്യാപ്റ്റൻ കൂടിയാണ്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി അദ്ദേഹം ധാരാളം റൺസ് നേടിയിട്ടുണ്ട്. ടി20 ഐ സെറ്റപ്പിൽ തിരഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തിന് യോഗ്യതയുണ്ട്. ഗിൽ ഓപ്പണറായി എത്തുമ്പോൾ സഞ്ജു പുറത്താകാനാണ് സാധ്യത. ” അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയെ നയിക്കാനുള്ള ആളായി ഗില്ലിനെ വളർത്തിയെടുക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ടി20 ഐ വൈസ് ക്യാപ്റ്റനായി ഉയർത്തുന്നതെന്നും അഗാർക്കർ ഇന്നലെ സൂചന നൽകി. പക്ഷേ, അത്തരമൊരു നീക്കം നടത്തേണ്ട ആവശ്യമില്ല എന്നും അശ്വിൻ പറഞ്ഞു.
“ജയ്‌സ്വാളും മികച്ച ഫോമിലാണ്. ഭാവിയിൽ ശുഭ്മാൻ ഗില്ലിനെയാണ് അവർ നായകനായി പരിഗണിക്കുന്നത്. ഒരുപക്ഷേ അദ്ദേഹത്തിന് എല്ലാ ഫോർമാറ്റിലും ക്യാപ്റ്റനാകാൻ കഴിഞ്ഞേക്കും. എന്നാൽ എല്ലാ ഫോർമാറ്റുകളിലും ഒരേ ക്യാപ്റ്റൻ വേണമെന്നില്ല,” അശ്വിൻ പറഞ്ഞു.
സൂര്യകുമാറിന്റെ ഡെപ്യൂട്ടി ആയി ഗില്ലിന് സ്ഥാനക്കയറ്റം ലഭിച്ചതോടെ എല്ലാ ഫോര്മാറ്റുകളിലും ബുംറക്ക് പിന്നാലെ സ്ഥാനം കിട്ടും എന്ന് ഉറപ്പുള്ള പേരായി ഗില്ലിന്റെയും.
Discussion about this post