ഏഷ്യാ കപ്പിന്റെ വരാനിരിക്കുന്ന പതിപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) അടുത്തിടെ പ്രഖ്യാപിച്ചു. ടി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റ് ഓഗസ്റ്റ് 9 ന് ആരംഭിക്കും. കിരീടത്തിനായി പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ടീമുകൾ ഇന്ത്യക്ക് ഒപ്പം ഏറ്റുമുട്ടും. ഏകദിന ഫോർമാറ്റിൽ നടന്ന കഴിഞ്ഞ ഏഷ്യാ കപ്പ് ഇന്ത്യയാണ് ജയിച്ചത്.
എന്തായാലും ഇന്ത്യയുടെ ഏഷ്യാ കപ്പ് 2025 ടീമിലെ ഏറ്റവും ശ്രദ്ധേയമായ ഉൾപ്പെടുത്തലുകളിലൊന്നാണ് സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ആണ്. ഇന്ത്യയുടെ ടി20 ഐ സെറ്റപ്പിൽ കുറച്ചധികം നാളായി സ്ഥിരം സ്ഥാനമാണ് സഞ്ജു സാംസണ് ഉള്ളത്. എന്നാൽ ശുഭ്മാൻ ഗിൽ ടീമിൽ തിരിച്ചെത്തുകയും വൈസ് ക്യാപ്റ്റനാകുകയും ചെയ്യുമ്പോൾ സഞ്ജുവിന് ടീമിൽ സ്ഥാനം ഉണ്ടാകുമോ എന്നുള്ളത് കണ്ടറിയണം. സഞ്ജു- അഭിഷേക് ഓപ്പണിങ് ഇറങ്ങും എന്ന് കരുതുന്ന സ്ഥാനത്ത് ഗിൽ – അഭിഷേക് സഖ്യമാകും ഇറങ്ങുക. ഇതോടെ കീപ്പറായി ജിതേഷ് ശർമ്മയാകും മധ്യനിരയിൽ ഇറങ്ങുക എന്ന കാര്യം ഉറപ്പായി കഴിഞ്ഞു. സഞ്ജുവിന് സ്ഥാനം കിട്ടില്ല എന്നാണ് മുഹമ്മദ് കൈഫ് പറയുന്നത്.
“സഞ്ജു സാംസണിന്റെ ഇലവനിലെ സ്ഥാനം ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതുന്നു. ടീം യുഎഇയിൽ എത്തുമ്പോൾ, മറ്റുള്ള ടീമുകൾ എങ്ങനെയാണെന്നും കളിക്കാർ എങ്ങനെയാണെന്നും അവർ കാണും. അങ്ങനെ, ഇലവൻ തീരുമാനിക്കും. സഞ്ജു സാംസണിന് ടോപ് ഫോറിൽ ഇടം നേടാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല. ഗില്ലും അഭിഷേക് ശർമ്മയും ഓപ്പണർമാരാകും. തിലക് വർമ്മ മൂന്നാം സ്ഥാനത്ത് കളിക്കും; ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ റെക്കോർഡ് മികച്ചതാണ്. സൂര്യകുമാർ യാദവ് നാലാം നമ്പറിൽ കളിക്കും” കൈഫ് പറഞ്ഞു.
“സഞ്ജു സാംസൺ ആദ്യ നാലിൽ ഇല്ലെങ്കിൽ, ജിതേഷ് ശർമ്മ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ഇറങ്ങും. ആ രണ്ട് സ്ഥലത്തും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അടുത്തിടെ ആർസിബിയെ ട്രോഫി നേടാൻ അദ്ദേഹം സഹായിച്ചു,” കൈഫ് പറഞ്ഞു.
Discussion about this post