2025 ലെ ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് ലീഗിൽ ഇന്നലെ ഏരീസ് കൊല്ലത്തിനെതിരെ നടന്ന മത്സരത്തിൽ 42 പന്തിൽ നിന്ന് സെഞ്ച്വറി നേടിയാണ് സഞ്ജു സാംസൺ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് പുറത്തെടുത്തത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി 51 പന്തിൽ നിന്ന് 121 റൺസ് നേടിയ സഞ്ജു ടീമിന്റെ ആവേശ ജയത്തിൽ നിർണായക പങ്കും വഹിച്ചു.
ഗ്രീൻഫീൽഡിന്റെ മൈതാനത്ത് നടന്ന പോരിൽ അടിക്ക് തിരിച്ചടി ആയിരുന്നു ഓരോ നിമിഷവും കാണാനായത്. ആദ്യം ബാറ്റ് ചെയ്ത ഏരീസ് കൊല്ലത്തിനായി 94 റൺ നേടിയ വിഷു വിനോദ് 91 റൺ നേടിയ നായകൻ സച്ചിൻ ബേബി എന്നിവരുടെ മികവിൽ 236 റൺസാണ് ടീം സ്കോർ ബോർഡിൽ ചേർത്തത്. ബോളർമാർക്ക് പ്രത്യേകിച്ച് ഒന്നും ഓർക്കാൻ ഇല്ലാത്ത മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു തന്നെ ആയിരുന്നു കൊച്ചിയുടെ സ്റ്റാറായത്. സഞ്ജുവിനായി കൈയടിക്കാനും ജയ് വിളിക്കാനും തടിച്ചുകൂടിയ ആരാധകർക്ക് വിരുന്ന് സമ്മാനിച്ച ആ ഇന്നിങ്സിൽ 14 ബൗണ്ടറിയും 7 സിക്‌സും അടങ്ങിയ മാരക ബാറ്റിങ് ആയിരുന്നു.
വിക്കറ്റുകൾ ഒരറ്റത്ത് വീഴുമ്പോൾ തന്നെ തന്റെ പരിചയസമ്പത്ത് മുഴുവൻ പുറത്തെടുത്ത ബാറ്റിംഗിൽ മുഹമ്മദ് ആഷിക്ക് എന്ന യുവതാരം ക്രീസിൽ എത്തിയതോടെയാണ് സഞ്ജുവിന് നല്ല ഒരു പാർട്ണറെ കിട്ടിയത്. ഇരുവരും തകർപ്പൻ പ്രകടനം നടത്തുന്ന സമയത്ത് ടീമിനെ വിജയപ്രതീക്ഷ നൽകി സഞ്ജു 19 ആം ഓവറിൽ മടങ്ങിയതിന് ശേഷവും ആത്മവിശ്വാസം കൈവിടാതെ 18 പന്തിൽ 45 റൺ നേടിയ ആഷിക്ക് കൊച്ചിയെ ജയിപ്പിക്കുക ആയിരുന്നു. അവസാന ഓവറിൽ 17 റൺസായിരുന്നു കൊച്ചിക്ക് ജയിക്കാൻ ആവശ്യം. ഷറഫുദ്ദീനായിരുന്നു ബൗളിങ് എൻഡിൽ. ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ ആഷിക്ക് അടുത്ത പന്തിൽ സിക്സ് നെടു. മൂന്നാം പന്തിൽ ബൈ റണ്ണിലൂടെ സ്‌ട്രൈക്ക് ആൽഫി ഫ്രാൻസിസിൽ എത്തുന്നു.
എന്നാൽ നാലാം പന്തിൽ ആൽഫി റണ്ണൗട്ട് ആകുന്നു, പക്ഷെ ആ സമയം കൊണ്ട് ആഷിക്ക് മറു എൻഡിൽ എത്തി. അഞ്ചാം പന്തിൽ റൺ ഒന്നും കിട്ടി ഇല്ലെങ്കിലും അവസാന പന്തിൽ ധോണി സ്റ്റൈൽ സിക്‌സിലൂടെ മത്സരം സ്വന്തമാക്കാൻ ആഷിക്കിനായി.
Discussion about this post