2014-ൽ ഇന്ത്യയ്‌ക്കെതിരായ ഓക്ക്‌ലൻഡ് ടെസ്റ്റിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ന്യൂസിലൻഡ് പേസർ നീൽ വാഗ്നർ . തന്റെ ഷോർട്ട്-ബോൾ തന്ത്രം സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയെ അസ്വസ്ഥനാക്കിയതും ഒടുവിൽ അന്നത്തെ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ വിക്കറ്റ് വീഴ്ത്തിയതും എങ്ങനെയെന്ന് അദ്ദേഹം പറഞ്ഞു.
ബൗൺസർ തന്ത്രങ്ങളുടെ പൂട്ടൊക്കെ പൊളിച്ച് ധോണി നന്നായി കളിച്ചു എങ്കിലും ഒടുവിൽ അദ്ദേഹത്തെ വീഴ്ത്തിയെന്നും വാഗ്നർ പറഞ്ഞു. ആ സമയത്ത്, യുവ കോഹ്‌ലിയേക്കാൾ വിദേശ സാഹചര്യങ്ങളിൽ ധോണി പേസിനെതിരെ കൂടുതൽ ആത്മവിശ്വാസത്തോടെ കാണപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ഓർത്തു. ഈഡൻ പാർക്കിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡ് അവിസ്മരണീയമായ ഒരു വിജയം നേടിയപ്പോൾ കോഹ്‌ലിയെ തീർക്കാൻ താൻ എങ്ങനെ പദ്ധതി തയ്യാറാക്കിയെന്ന് ഇടംകൈയ്യൻ ബൗളർ വിശദീകരിച്ചു.
“ഈ ടെസ്റ്റ് മത്സരത്തിൽ, വിക്കറ്റ് വളരെ ഫ്ലാറ്റ് ആയിരുന്നു എന്ന് എനിക്ക് ഓർമ്മയുണ്ട്, പക്ഷേ കുറച്ച് പേസും ബൗൺസും ഉണ്ടായിരുന്നു. ഈഡൻ പാർക്ക് വളരെ ചെറിയ ഗ്രൗണ്ടാണ്. പക്ഷെ അവിടെ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. രണ്ട് ബൗൺസറുകൾ എറിഞ്ഞതും അവർ അത് എങ്ങനെ കളിച്ചെന്നും ഞാൻ ഓർക്കുന്നു. പ്രത്യേകിച്ച് [വിരാട്] കോഹ്‌ലി അൽപ്പം അസ്വസ്ഥനായി കാണപ്പെട്ടു. ഷോട്ടുകൾ കളിക്കണോ വേണ്ടയോ എന്നും എങ്ങനെ കളിക്കണമെന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു,” റെഡ് ഇങ്കർ ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ വാഗ്നർ പറഞ്ഞു.
“കോഹ്‌ലി അന്ന് ശരിക്കും ബുദ്ധിമുട്ടി. സ്ക്വയറിന് മുകളിലൂടെ ഷോട്ട് കളിക്കാൻ ശ്രമിച്ച അവന് പിഴച്ചു. ആ മിസ് ഹിറ്റ് ബിജെ വാട്ട്ലിങ് കൈയിലൊതുക്കി. പിന്നീട് ധോണിയും ജഡേജയും നല്ല ഒരു ഇന്നിംഗ്സ് കളിച്ചു.”
“ധോണി അന്ന് നന്നായി കളിച്ചു എന്ന് ഞാൻ ഓർക്കുന്നു. എന്റെ പല തന്ത്രങ്ങളും അവനെ വീഴ്ത്താൻ പറ്റുന്നത് ആയിരുന്നില്ല. പക്ഷെ ഞാൻ എന്റെ തന്ത്രത്തിൽ ഉറച്ചു നിന്നു. അതിൽ നിന്ന് എനിക്ക് ധോണിയുടെ വിക്കറ്റും കിട്ടി.” വാഗ്നർ പറഞ്ഞു.
മത്സരത്തിൽ 40 റൺസിനായിരുന്നു ന്യൂസിലൻഡ് ജയം.













Discussion about this post