2025 ലെ ഏഷ്യാ കപ്പിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇന്നലത്തെ മത്സരത്തിൽ കളിക്കളത്തിലിറങ്ങിയതോടെ, ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു യുഗത്തിന് തുടക്കമായി. ഒമ്പതാം ഏഷ്യാ കപ്പ് കിരീടവും ടി20 ഫോർമാറ്റിൽ നടക്കുന്ന രണ്ടാം കിരീടവും നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ യുഎഇ മണ്ണിൽ ഇറങ്ങുന്നത്.
ആദ്യം ബാറ്റ് ചെയ്ത യുഎഇ ഉയർത്തിയ 57 റൺ വിജയലക്ഷ്യം 97 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം പിന്തുടർന്ന് ഒമ്പത് വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് എന്തായാലും ഏഷ്യാ കപ്പിൽ കിട്ടിയത്.
ഇന്നലത്തെ മത്സരത്തെ എന്ത് കൊണ്ടാണ് ഇന്ത്യയുടെ പുതുയുഗം എന്ന് വിളിക്കുന്നത്? അതിന് ഒരു കാരണമുണ്ട്. 2004 ഓഗസ്റ്റ് 1 ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ 2004 ഏഷ്യാ കപ്പ് ഫൈനൽ തോൽവിക്ക് ശേഷം, ഇന്ത്യ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരില്ലാതെ ആദ്യമായി ഒരു മത്സരം കളിച്ചിരിക്കുകയാണ്.
അടുത്ത പതിപ്പ് പാകിസ്ഥാനിലാണ് നടന്നത്. രോഹിത് അപ്പോഴാണ് തന്റെ ഏഷ്യാ കപ്പ് അരങ്ങേറ്റം കുറിച്ചത്. 2010 ൽ വീണ്ടും ശ്രീലങ്കയിൽ ടൂർണമെന്റ് നടന്നപ്പോഴാണ് വിരാടും ജഡേജയും ഏഷ്യാ കപ്പിൽ അരങ്ങേറ്റം കുറിച്ചത്. പിന്നെ നടന്ന എല്ലാ ഏഷ്യാ കപ്പ് മത്സരങ്ങളിലും ഇവരിൽ ആരെങ്കിലുമൊക്കെ ടീമിൽ ഉണ്ടായിരുന്നു. ചിലപ്പോൾ മൂന്ന് പേരും ഒരുമിച്ച് കളിക്കുകയും ചെയ്തു. എന്നാൽ ഇന്നലത്തെ മത്സരത്തിൽ അതിനൊരു മാറ്റമുണ്ടായി.
ഏഷ്യാ കപ്പിൽ രോഹിത് 37 മത്സരങ്ങൾ കളിച്ചിട്ടുണ്ട് (എല്ലാ ഫോർമാറ്റുകളിലുമായി). ഇത് ഒരു റെക്കോഡാണ്. ജഡേജയും കോഹ്‌ലിയും ടൂർണമെന്റിൽ 26 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2024 ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം മൂവരും ടി20 മത്സരങ്ങളിൽ നിന്ന് വിരമിക്കുക ആയിരുന്നു.
മറ്റൊരു പ്രത്യേകത, 2007 സെപ്റ്റംബർ 16 ന് ന്യൂസിലൻഡിനെതിരെ നടന്ന 2007 ലെ ടി20 ലോകകപ്പ് സൂപ്പര് 4 മത്സരത്തിലാണ് ഇന്ത്യ അവസാനമായി ഏതെങ്കിലും മൾട്ടി-നാഷണൽ ടൂർണമെന്റിൽ (5 അല്ലെങ്കിൽ അതിൽ കൂടുതൽ ടീമുകൾ കളിക്കുന്ന) ഈ മൂന്ന് കളിക്കാരും ഇല്ലാതെ ഒരു മത്സരം കളിച്ചത്. അത് 6569 ദിവസം മുമ്പായിരുന്നു. ആ പോരിന് ശേഷം നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണ് രോഹിത് തന്റെ ടി20 ഐ അരങ്ങേറ്റം കുറിച്ചത്.
Discussion about this post