അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം പാകിസ്താനെന്ന് തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ.ന്യൂയോർക്കിൽ നടന്ന 80-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാകിസ്താനിൽ ഭീകരകേന്ദ്രങ്ങൾ വ്യാവസായിക തലത്തിൽ പ്രവർത്തിക്കുകയാണ്. അതിനൊപ്പം തീവ്രവാദികളെ പരസ്യമായി മഹത്വപ്പെടുത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരതയ്ക്ക് ധനസഹായം നൽകുന്നത് അടിച്ചമർത്തണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതുമുതൽ ഇന്ത്യ തീവ്രവാദ വെല്ലുവിളിയെ നേരിടുന്നു. രാജ്യത്തിന്റെ അയൽക്കാർ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.
‘നമസ്‌കാരം ഫ്രം ദി പീപ്പിൾ ഓഫ് ഭാരതം’ എന്ന അഭിവാദനത്തോടെയാണ് യുഎൻജിഎ വേദിയിൽ ജയശങ്കർ പ്രസംഗം ആരംഭിച്ചത്. ‘പാകിസ്താന്റെ അതിർത്തി കടന്നുള്ള ക്രൂരതയുടെ ഏറ്റവും പുതിയ ഉദാഹരണം പഹൽഗാം ആക്രമണമാണ്. പതിറ്റാണ്ടുകളായി, പ്രധാനപ്പെട്ട അന്താരാഷ്ട്ര ഭീകരാക്രമണങ്ങളെല്ലാം ആ ഒരു രാജ്യത്ത് നിന്നാണ് ആരംഭിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മുതൽ ഇന്ത്യ തീവ്രവാദ വെല്ലുവിളിയെ നേരിട്ടിട്ടുണ്ട്. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ ഒരു അയൽക്കാരനുണ്ട് ഇന്ത്യയ്ക്കെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ വാക്കുകൾ.
സ്വാശ്രയത്വം, സ്വയം സുരക്ഷിതത്വം, ആത്മവിശ്വാസം എന്നീ മൂന്ന് പ്രധാന ആശയങ്ങളുമായാണ് ഇന്ത്യ സമകാലിക ലോകത്തെ സമീപിക്കുന്നത്. സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും അവരുടെ താൽപ്പര്യങ്ങൾ സ്വദേശത്തും വിദേശത്തും സുരക്ഷിതമാക്കാനും ഇന്ത്യ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ഭീകരതയ്ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ല. അതിർത്തികളിൽ ശക്തമായ പ്രതിരോധം തീർക്കും. ഭീകരത എല്ലാവരും നേരിടുന്ന ഭീഷണിയായതിൽ, ഇക്കാര്യത്തിൽ ശക്തമായ അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. സ്വാതന്ത്യത്തിനു വേണ്ടി ഇന്ത്യ എക്കാലവും നിലകൊള്ളുമെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.
Discussion about this post