2025-ലെ ഏഷ്യാ കപ്പ് വിജയത്തിന് ശേഷം, സൂര്യകുമാർ യാദവ് മാധ്യമപ്രവർത്തകനായ വിമൽ കുമാറുമായുള്ള അഭിമുഖത്തിൽ സഹതാരം സഞ്ജു സാംസണെക്കുറിച്ച് കുറച്ചധികം കാര്യങ്ങൾ സംസാരിച്ചു. ശുഭ്മാൻ ഗില്ലിന്റെയും ജിതേഷ് ശർമ്മയുടെയും വരവോടെ സഞ്ജുവിന്റെ പ്ലെയിങ് ഇലവനിൽ സ്ഥാനം ഭീഷണിയിലാകുമെന്ന് കുറെ പേർക്ക് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
“ഗില്ലും ജിതേഷും ടീമിലേക്ക് വരുന്നതോടെ സഞ്ജു ഓപ്പണർ ആകുകയോ സ്ഥാനം പോലും ലഭിക്കുകയോ ചെയ്യില്ലെന്ന് എല്ലാവരും കരുതി പക്ഷേ, എന്റെ മനസ്സിൽ, അദ്ദേഹം കളിക്കില്ലെന്ന് ഒരിക്കലും തോന്നിയില്ല. ആദ്യ പരിശീലന സെഷനിൽ തന്നെ അദ്ദേഹം നെറ്റ്‌സിൽ ഉണ്ടായിരുന്നു. ഗൗതം ഭായിയും ഞാനും അദ്ദേഹത്തെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. കഴിഞ്ഞ 10–15 ടി20കളിൽ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് ഗൗതം പറഞ്ഞു. അദ്ദേഹത്തിന്റെ ബാറ്റിംഗ് പൊസിഷൻ മാറിയേക്കാം, കുറച്ച് പന്തുകൾ മാത്രമേ ലഭിക്കൂ എന്നതൊക്കെ സത്യമാണ്. പക്ഷേ സഞ്ജു ഉണ്ടാക്കുന്ന ഇമ്പാക്ട് മാറില്ല എന്ന് ഞങ്ങൾ അവനോട് തന്നെ പറഞ്ഞു. ബാറ്റ് ചെയ്യാൻ വരുമ്പോഴെല്ലാം, ടീമിനായി നന്നായി കളിക്കണം എന്ന് മാത്രമാണ് സഞ്ജു ചിന്തിക്കേണ്ടത്.” സൂര്യകുമാർ പറഞ്ഞു.
അതേസമയം അടുത്തിടെ മുംബൈയിൽ നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാർഡിൽ സംസാരിക്കവേ, ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതാണ് തനിക്ക് ഏറ്റവും പ്രധാനമെന്ന് സാംസൺ പറഞ്ഞു. “നിങ്ങൾ ആ ഇന്ത്യൻ ജേഴ്‌സി ധരിക്കുമ്പോൾ, നിങ്ങൾക്ക് ഒന്നിനോടും നോ പറയാൻ കഴിയില്ല. ആ ജേഴ്‌സി ധരിക്കാൻ ഞാൻ ശരിക്കും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിലുപരി ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിൽ തുടരാൻ,” സാംസൺ വിശദീകരിച്ചു.
“എന്റെ രാജ്യത്തിനുവേണ്ടി ജോലി ചെയ്യുന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. അതിനാൽ അവർ എന്നെ 9-ാം നമ്പറിൽ ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചാലും, ഇടംകൈയ്യൻ സ്പിൻ എറിയാൻ ആഗ്രഹിച്ചാലും, അത് ചെയ്യാൻ എനിക്ക് സന്തോഷമുണ്ട്. ബാറ്റിംഗ് ഓപ്പൺ ചെയ്യാനോ ഒരു പിഞ്ച് ഹിറ്ററായി കളിക്കാനോ രാജ്യത്തിനുവേണ്ടി ഏത് ജോലി ചെയ്താലും, എനിക്ക് പ്രശ്‌നമില്ല.”
എന്തായാലും അടുത്ത വർഷത്തെ ടി20 ലോകകപ്പിലേക്ക് പോകുമ്പോൾ സാംസൺ അഞ്ചാം നമ്പറോ ആറാം നമ്പറോ നിലനിർത്തുമോ എന്ന് കണ്ടറിയണം.
Discussion about this post