ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഎൽ 2026 മിനി-ലേലം ഡിസംബർ 13-15 ദിവസങ്ങളിലായി നടക്കുമെന്ന് റിപ്പോർട്ടുകൾ. താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15 ആയിരിക്കുമെന്ന് ക്രിക്ക്ബസിലെ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. അതിന് മുമ്പ് വരാനിരിക്കുന്ന സീസണിലേക്ക് നിലനിർത്തിയതും വിട്ടയച്ചതുമായ കളിക്കാരുടെ പട്ടിക എല്ലാ ഫ്രാഞ്ചൈസികളും സമർപ്പിക്കേണ്ടതുണ്ട്.
കഴിഞ്ഞ ഐപിഎൽ ലേലം മിഡിൽ ഈസ്റ്റിൽ നടന്നപ്പോൾ ഇത്തവണ അത് ഇന്ത്യൻ മണ്ണിൽ തന്നെ നടക്കാനാണ് സാധ്യത. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച്, ഐപിഎൽ 2025 ൽ വെറും നാല് വിജയങ്ങളുമായി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് ശേഷം സിഎസ്‌കെ നിരവധി കളിക്കാരെ റിലീസ് ചെയ്യും. ദീപക് ഹൂഡ, വിജയ് ശങ്കർ, രാഹുൽ ത്രിപാഠി, സാം കറൻ, ഡെവൺ കോൺവേ എന്നിവരാണ് ടീം റിലീസ് ചെയ്യാൻ സാധ്യതയുള്ള ചില കളിക്കാർ.
ആർ അശ്വിൻ വിരമിച്ചതോടെ സിഎസ്‌കെയുടെ കൈവശം 9.75 കോടി രൂപയുടെ അധിക പേഴ്സ് ഉണ്ട്. ടീമിനെ ശക്തിപ്പെടുത്താൻ കൂടുതൽ കരുത്തുറ്റ കളിക്കാരുമായി ലേലത്തിൽ പങ്കെടുക്കുകഎന്നതാണ് അവരുടെ ലക്ഷ്യം. രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണെ ഒഴിവാക്കും എന്ന് റിപ്പോർട്ടുണ്ട് . ലേലത്തിൽ സിഎസ്‌കെ അദ്ദേഹത്തെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്/. സഞ്ജുവിനെ കൂടാതെ ശ്രീലങ്കൻ സ്പിന്നർമാരായ വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ എന്നിവരെയും ടീം ഒഴിവാക്കും.
ടി നടരാജൻ (ഡൽഹി ക്യാപിറ്റൽസ്), മിച്ചൽ സ്റ്റാർക്ക് (ഡൽഹി ക്യാപിറ്റൽസ്), ആകാശ് ദീപ് (ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്), മായങ്ക് യാദവ് (ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്), ഡേവിഡ് മില്ലർ (ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്) എന്നിവരും അതാത് ടീമുകളിൽ നിന്ന് പുറത്തേക്ക് പോയേക്കാം.
Discussion about this post