പാകിസ്താനും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധകരാർ അന്താരാഷ്ട്ര തലത്തിൽ കോമഡിയാകുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാർ സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പാകിസ്താന് സാമ്പത്തിക സ്ഥിരത നൽകുന്നതിനും ലക്ഷ്യമിട്ടിട്ടുള്ളതാണെന്നാണ് വിവരം.
കരാറിന്റെ ഭാഗമായി ഏത് ആക്രമണത്തിൽ നിന്നും സൗദി അറേബ്യയെ സംരക്ഷിക്കുന്നതിനായി പാകിസ്താൻ രാജ്യത്ത് സൈന്യത്തെ വിന്യസിക്കും. പാക് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി സൗദി വലിയ സാമ്പത്തിക നിക്ഷേപം നടത്തുകയും ചെയ്യും. നാല് കരസേന ബ്രിഗേഡുകൾ, രണ്ട് വ്യോമസേനാ സ്‌ക്വാഡ്രണുകൾ, രണ്ട് നാവികസേന കപ്പൽവ്യൂഹങ്ങൾ എന്നിവയുൾപ്പെടുന്ന സൈനിക വിന്യാസമാണ് പാകിസ്താൻ സൗദിയിൽ നടത്തുക.
സ്വന്തം രാജ്യത്തെ സംരക്ഷിക്കാനും ആഭ്യന്തരപ്രശ്‌നങ്ങൾ പരിഹരിക്കാനും സാധിക്കാതെ വിയർക്കുന്ന പാകിസ്താനാണ് ഇനി സൗദിയെ പോലുള്ള രാജ്യത്തിന് സൈനികസഹായം നൽകാൻ ഒരുങ്ങുന്നതെന്നാണ് ആളുകൾ പരിഹസിക്കുന്നത്. അഫ്ഗാനിസ്താനുമായുള്ള സംഘർഷവും, ബലൂചിസ്ഥാൻ വിഷയവും,പാക് അധിനിവേശ കശ്മീരിലെ ജനങ്ങളുടെ പ്രതിഷേധവുമെല്ലാം പാകിസ്താനെ നിലവിൽ വീർപ്പുമുട്ടിക്കുകയാണ്. ഇതിനൊപ്പം കടുത്ത സാമ്പത്തികബുദ്ധിമുട്ടും പാകിസ്താൻ നേരിടുന്നുണ്ട്. അവശ്യസാധനങ്ങൾക്ക് പോലും രാജ്യത്ത് തീപിടിച്ച വിലയാണ് അനുഭവപ്പെടുന്നത്. പാലും മുട്ടയും ഇറച്ചിയുമെല്ലാം രാജ്യത്ത് ആഡംബര വസ്തുവായി എന്നേ മാറി കഴിഞ്ഞു. ഇത് കൂടാതെ, ഭരണകൂടത്തിന്റെ അസ്ഥിരതയും ജനങ്ങളോടുള്ള വിവേചനവും കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഇന്ത്യയുമായുള്ള സംഘർഷത്തിലൂടെ പാകിസ്താന്റെ പ്രതിരോധ സംവിധാനം ദുർബലമാണെന്ന് ലോകം നേരിട്ട് കണ്ടതുമാണ്. വേണ്ടത്ര ആയുധങ്ങളോ പ്രതിരോധ സംവിധാനമോ സ്വന്തമായി ഇല്ലാത്ത പാകിസ്താൻ ഇനി സൗദിക്ക് കാവൽ നിൽക്കുന്നതെങ്ങനെയെന്നാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന ചോദ്യം. ഈ വിഷയം ചൂണ്ടിക്കാട്ടി, നിരവധി ട്രോളുകളും സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട്.
Discussion about this post