ഡെന്നിസ് ജോസഫ് എഴുതി ജോഷി സംവിധാനം ചെയ്ത് 1987 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് ന്യൂഡൽഹി . മമ്മൂട്ടി ,സുരേഷ് ഗോപി , ത്യാഗരാജൻ , സുമലത , ഉർവശി , സിദ്ദിഖ് , വിജയരാഘവൻ , മോഹൻ ജോസ് , ദേവൻ , ജഗന്നാഥ വർമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിൽ തന്നെ വളരെ വലിയ സ്ഥാനമുള്ള ചിത്രം കൂടിയാണ് ന്യൂഡൽഹി. അഭിനയം വരെ മതിയാക്കി മറ്റെന്തെങ്കിലും ജോലി നോക്കാൻ വരെ തീരുമാനിച്ച താരത്തെ തിരികെ വിജയവഴിയിലെത്തിച്ചതും ഇന്നും സജീവമായി നിർത്തുന്നതിലും നിർണായക പങ്ക് വഹിച്ചതും ഈ ചിത്രമായിരുന്നു.
അതുവരെയുള്ള റെക്കോർഡുകൾ ഭേദിച്ച് ബോക്സ് ഓഫീസ് കളക്ഷനായി 2.5 കോടി രൂപ നേടിയ സിനിമയാണ്. ജി. കൃഷ്ണമൂർത്തി എന്ന പ്രതിഭാധനനായ പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ജികെയുടെ പഴയ ജീവിതത്തിൽ അദ്ദേഹം നേരിട്ട അപമാനങ്ങളിലിൽ നിന്നും ബുദ്ധിമുട്ടുകളിലിൽ നിന്നും അയാൾ എങ്ങനെ തിരിച്ചുവന്നു എന്നും എങ്ങനെയാണ് അയാൾ പ്രതികാരം ചെയ്യുന്നത് എന്നുമാണ് ചിത്രം ചർച്ച ചെയ്യുന്ന പ്രധാന തീം.
എങ്ങനെയാണ് താൻ ന്യൂഡൽഹി സിനിമയിലേക്ക് വന്നതെന്ന് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. മമ്മൂട്ടിയുടെ കരിയർ മാറ്റിമറിച്ച സിനിമയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
” 1980 കളായിരുന്നു അപ്പോൾ, ആ സമയത്ത് മമ്മൂട്ടിയുടെ സിനിമകൾ ഒന്നിന് പുറകെ ഒന്നായി പരാജയപെട്ടുകൊണ്ടിരിക്കുന്നു. വമ്പൻ പ്രതീക്ഷകളുമായി എത്തുന്ന ചിത്രങ്ങൾ പോലും പരാജയമാകുന്നു. ഞാനും ജോഷിയും മമ്മൂട്ടിക്ക് വേണ്ടി ഒരുക്കുന്ന പടങ്ങൾ പരാജയപെട്ടുകൊണ്ടിരിക്കുന്നു. അതെ സമയത്ത് ഞാൻ തമി കണ്ണന്താനത്തിന് വേണ്ടി മോഹൻലാലിനെ നായകനാക്കി ചെയ്ത സിനിമകൾ എല്ലാം ഹിറ്റ് ആകുന്നു. ജനം മമ്മൂട്ടിയുടെ പേര് കേട്ടാൽ വരെ കൂവുന്ന കാലം. മോഹൻലാൽ ആകട്ടെ അഭിനയിക്കുന്ന സിനിമകൾ എല്ലാം ഹിറ്റ്. ആ സമയത്ത് മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഗ്രഹിച്ച രണ്ട് ആളുകൾ ആയിരുന്നു നിർമ്മാതാവ് ജോയ് തോമസും, സംവിധായകൻ ജോഷിയും. മമ്മൂട്ടി വളർത്തിയ പലരും അദ്ദേഹത്തെ തിരിഞ്ഞുനോക്കാത്ത കാലത്തായിരുന്നു ഇവർ മമ്മൂട്ടിയെ തിരികെ കൊണ്ടുവരാൻ ആഗ്രഹിച്ചത്. “
” അങ്ങനെയാണ് ഞാൻ പെട്ടെന്ന് ഒരു കഥ പറയുന്നത്. അത് ഒരു യഥാർഥ സംഭവമാണ്, കേട്ടുകേൾവിയുമാണ്. ഒരു അമേരിക്കൻ പ്രസിഡന്റിനെ കൊല്ലാൻ അവിടത്തെ ഒരു ചെറുകിട ടാബ്ലോയ്ഡ് പത്രക്കാരൻ തീരുമാനിക്കുന്നു. പത്രക്കാരൻ പൊളിഞ്ഞ് നശിച്ചു നിൽക്കുകയാണ്. അയാൾ, തനിക്കായിട്ടുമാത്രം ഒരു വാർത്ത സൃഷ്ടിക്കാൻവേണ്ടി സ്വന്തം ഭ്രാന്തൻബുദ്ധിയിൽ അമേരിക്കൻ പ്രസിഡൻ്റിനെ കൊല്ലാൻവേണ്ടി ക്വട്ടേഷൻ കൊടുക്കുകയാണ്. ക്വട്ടേഷൻ ഗ്രൂപ്പുകാരുമായി കൃത്യമായി പ്ലാൻ ചെയ്തത്, ഇത്രമണിക്ക് ഇന്ന സ്ഥലത്തുവെച്ച് വെടിവെക്കുന്നു, കൊല്ലുന്നു. മരണം നടക്കുന്നതിന്റെ തലേദിവസം അയാൾ പത്രം അടിച്ചുവെച്ചു. കൃത്യം രണ്ടുമണിയോ മൂന്നുമണിയോ ആണ് മരണം പ്ലാൻ ചെയ്‌തുവെച്ചിരിക്കുന്നത്. രണ്ടേമുപ്പതിന് അയാൾ പത്രം പുറത്തിറക്കി. പക്ഷേ, കൊലപാതകം നടന്നില്ല. ക്വട്ടേഷൻ ചീറ്റിപ്പോയി. അങ്ങനെ അയാൾ പിടിക്കപ്പെട്ടു. കേട്ടുകേൾവിയിലെ ആ സംഭവത്തിൽ നിന്നാണ് ന്യൂഡൽഹിയുടെ തുടക്കം.”
” കേരളത്തിലെ ഒരു സാഹചര്യത്തിൽ ഈ കഥ പറഞ്ഞാൽ ആളുകൾ വിശ്വസിക്കില്ല എന്നതിനാൽ തന്നെ ഡൽഹി ബെയ്‌സ് ചെയ്തുള്ള ഇംഗ്ലീഷ് പത്രാധിപരാക്കി ഞങ്ങൾ മമ്മൂട്ടിയെ മാറ്റി. നല്ല ചിലവുള്ള കാര്യമായിട്ട് കൂടി നിർമ്മാതാവ് ജോയ് ഇതെല്ലാം സമ്മതിച്ചു. ന്യൂഡൽഹിയുടെ ഷൂട്ടിങ് തീർന്ന് എഡിറ്റിങ്ങും മറ്റു ജോലികളും നടക്കുന്നു. എന്തോ എനിക്കും ജോഷിക്കും ആത്മവിശ്വാസം കിട്ടുന്നില്ല. നന്നായോ ശരിയായോ എന്ന സംശയം. ആ സമയം ഞങ്ങൾ നായർസാബ് സിനിമയുടെ ഷൂട്ടിങ്ങുമായി തിരക്കിലായി.
” ഈ സിനിമകൂടി പൊളിഞ്ഞുകഴിഞ്ഞാൽ, പിന്നെ ഞങ്ങൾ സിനിമയിൽ ഇല്ല. തീർത്തും വാഷ് ഔട്ട് ആകും. റീ റെക്കോഡിങ്ങും കഴിഞ്ഞു. പുറത്തുള്ള ആരും സിനിമ കണ്ടിട്ടില്ല. ഞാൻ ജോഷിയോട് പറഞ്ഞു, ‘ജോഷീ, എനിക്ക് വിശ്വാസമുള്ള ഒരാളുണ്ട്. ഞാൻ ആ ആളെ ഒന്നു വിളിച്ചു കാണിക്കട്ടെ..?’ ആരാ ആള് എന്ന് ജോഷി ചോദിച്ചു. ഞാൻ പറഞ്ഞു. ‘പ്രിയദർശൻ.’ ജോഷി സമ്മതിച്ചു. അങ്ങനെ പ്രിയനെ മാത്രം സിനിമ കാണിച്ചു. ഞാനും ജോയിയും ജോഷിയും അല്ലാതെ റിലീസിങ്ങിനു മുൻപ് ആ സിനിമ കണ്ട ഏക മനുഷ്യൻ പ്രിയദർശനാണ് സിനിമ കണ്ട് പ്രിയദർശൻ ഒറ്റ ഇരിപ്പാണ്. എന്നിട്ട് പറഞ്ഞു, ‘ജോഷിയേട്ടാ, ഞാനിത് കണ്ടിട്ട് ഞെട്ടിപ്പോയി. ആദ്യത്തെ മൂന്നു റീൽ കണ്ട പ്പോൾത്തന്നെ ഇതുവരെയുള്ള എൻ്റെ ഫിലിം മേക്കിങ് രീതിയേ മാറ്റണം എന്ന് എനിക്ക് തോന്നിപ്പോയി.”
“പ്രിയൻ അവിടുന്ന് ഇറങ്ങി ആദ്യം ചെയ്തത് മോഹൻലാലിനെ ഫോണിൽ വിളിക്കുകയായിരുന്നു. ‘ദാ മമ്മൂട്ടി വീണ്ടും തിരിച്ചുവരാൻ പോകുന്നു. ഇത് സൂപ്പർഹിറ്റാകും എന്നു പറഞ്ഞ് പ്രിയൻ മടങ്ങി. എന്തായാലും പടം സൂപ്പർഹിറ്റ് ആകുകയും മമ്മൂട്ടി വീണ്ടും ജനമനസ്സിൽ ഇടം പിടിക്കുകയും ചെയ്തു.”













Discussion about this post