2026 ലെ ഐപിഎൽ സീസണിന് മുന്നോടിയായി സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ ഔദ്യോഗികമായി ചേർന്നു. മിനി ലേലം നടക്കുന്നതിന് മുമ്പ് ആരാധകരെ ഞെട്ടിച്ച ഒരു നീക്കമായിരുന്നു ഇത്. രാജസ്ഥാൻ റോയൽസുമായുള്ള ട്രേഡ് ഡീലിനൊടുവിലാണ് സഞ്ജു ചെന്നൈ ക്യാമ്പിലെത്തിയത്. ഇതോടെ ധോണിക്ക് പകരക്കാരനെ ചെന്നൈ കണ്ടെത്തിയിരിക്കുകയാണ്.
സിഎസ്‌കെയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, സാംസൺ 11-ാം നമ്പർ ജേഴ്സിയിൽ പ്രത്യക്ഷപ്പെടുകയും പുതിയ ടീമിലെത്തിയ ശേഷമുള്ള വികാരങ്ങളെക്കുറിച്ച് തുറന്നുപറയുകയും ചെയ്തു. രാജസ്ഥാൻ റോയൽസിനൊപ്പം ഐപിഎൽ കരിയറിന്റെ ഭൂരിഭാഗ സമയവും ചെലവഴിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ, സിഎസ്‌കെ നിറങ്ങളിലേക്കുള്ള മാറ്റം മികച്ചതായി തോന്നിയെന്ന് സഞ്ജു പറഞ്ഞു.
“ഇങ്ങനെ ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു, മഞ്ഞ ജേഴ്‌സി ധരിക്കാൻ പോകുന്നത് വളരെ ഭാഗ്യമാണ്,” സാംസൺ പറഞ്ഞു. “എനിക്ക് എപ്പോഴും കടും നിറങ്ങളാണ്(ഐപിഎൽ ടീമുകൾ) വരുന്നത്, പക്ഷേ മഞ്ഞ ജേഴ്സി, തീർച്ചയായും അതൊരു മികച്ച അനുഭവമാണെന്ന് ഞാൻ കരുതുന്നു.”
സിഎസ്‌കെ ജേഴ്‌സി ധരിച്ച നിമിഷം, ഈ മാറ്റം എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണെന്ന് സാംസൺ സമ്മതിച്ചു. “ചെന്നൈ ജേഴ്‌സി ധരിക്കുമ്പോൾ ശരിക്കും സന്തോഷമാണ്. എന്താണ് പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥയാണ് . ശരിക്കും ഒരു പോസിറ്റീവ് അനുഭവമാണ് തോന്നുന്നത്. ഒരു ചാമ്പ്യൻ എന്ന നിലയിലാണ് നിൽക്കുന്നത്”
എംഎസ് ധോണിക്ക് ശേഷം ആര് എന്ന ചെന്നൈ ആരാധകർ ഏറെ നാളായി ചോദിച്ചതിന് അവർക്ക് കിട്ടിയ ഉത്തരമാണ് സാംസന്റെ വരവ്. 177 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 4,704 റൺസ് മൂന്ന് സെഞ്ച്വറികളുടെ സഹായത്തോടെ നേടിയ സഞ്ജുവിന്റെ വരവ് ടീമിന് ഗുണം ചെയ്യും എന്ന് ഉറപ്പാണ്.













Discussion about this post