ഞായറാഴ്ച റാഞ്ചിയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയ ശേഷം വിരാട് കോഹ്‌ലി നടത്തിയ വിശദീകരണം ചർച്ചയാകുകയാണ്. വിരാട് കോഹ്‌ലിയോടും രോഹിത് ശർമ്മയോടും ടെസ്റ്റ് വിരമിക്കലിൽ നിന്ന് പിന്മാറാൻ ബിസിസിഐ ആവശ്യപ്പെട്ടുവെന്ന ചർച്ചകളും ഇരുവരുടെയും ഏകദിന ഫോർമാറ്റിലെ ഭാവി സംബന്ധിച്ചുള്ള ചർച്ചകളും നടക്കുമ്പോൾ ആയിരുന്നു കോഹ്‌ലി പലതും പറയാതെ പറഞ്ഞത്.
സെലക്ടർമാർ ആവശ്യപ്പെട്ടതനുസരിച്ച് ആഭ്യന്തര 50 ഓവർ മത്സരത്തിൽ ഡൽഹിയെ പ്രതിനിധീകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം പരോക്ഷമായ ഉത്തരങ്ങൾ നൽകി. റാഞ്ചിയിൽ 135 റൺസ് നേടിയതിന് ‘പ്ലേയർ ഓഫ് ദി മാച്ച്’ അവാർഡ് നേടിയ ശേഷം, മെയ് മാസത്തിൽ എടുത്ത ടെസ്റ്റ് വിരമിക്കൽ തീരുമാനം മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുമോ എന്ന് ഹർഷ ഭോഗ്ലെ കോഹ്‌ലിയോട് ചോദിച്ചു. “എല്ലായ്‌പ്പോഴും അങ്ങനെ തന്നെ ആയിരിക്കും. ഞാൻ ഇപ്പോൾ ഒരു ഫോർമാറ്റ് മാത്രമാണ് കളിക്കുന്നത്,” മത്സരശേഷം കോഹ്‌ലി നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഓസ്‌ട്രേലിയൻ പര്യടനത്തിനുശേഷം കോഹ്‌ലി ഒരു മത്സര ക്രിക്കറ്റും കളിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ മത്സരം നടന്ന റാഞ്ചിയിൽ നേരത്തെ എത്തിയ കോഹ്‌ലി തന്റെ ഒരുക്കങ്ങളും വേഗത്തിലാക്കി. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അദ്ദേഹം രാവും പകലും പരിശീലന സെഷനുകൾ നടത്തി. എന്തായാലും ആ തന്ത്രം ഫലിച്ചു എന്ന് ഇന്നലത്തെ ഇന്നിംഗ്സ് കാണിച്ചു തന്നു. തന്റെ വിജയം എപ്പോഴും തന്റെ മൈൻഡ് സീറ്റിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കോഹ്‌ലി പറഞ്ഞു. വാക്കുകൾ ഇങ്ങനെ;
“ഇങ്ങനത്തെ ഒരു ഇന്നിംഗ്സ് കളിക്കാൻ കഴിഞ്ഞത് സന്തോഷം തരുന്നു. പിച്ച് തുടക്കത്തിൽ നല്ല സഹായം നൽകി എന്നാൽ പിന്നീട് വേഗത കുറഞ്ഞു. ഞാൻ പന്ത് അടിക്കാൻ ശ്രമിക്കുകയായിരുന്നു, മറ്റ് കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. നിങ്ങൾക്ക് ഒരു നല്ല തുടക്കം കിട്ടിയാൽ ശേഷം എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാം. ഒരുപാട് തയ്യാറെടുപ്പുകളിൽ വിശ്വാസമുള്ള ആളല്ല ഞാൻ. എന്റെ മുഴുവൻ ക്രിക്കറ്റും മൈൻഡ് സെറ്റ് ആശ്രയിച്ചാണ് ഇരിക്കുന്നത്. ഞാൻ എന്റെ ഫിറ്റ്നസിൽ കഠിനാധ്വാനം ചെയ്യുന്നു. മൈൻഡ് സെറ്റ് മികച്ചതായി നിൽക്കുന്ന കാലത്തോളം എനിക്ക് റൺസ് നേടാൻ കഴിയും. ഞാൻ കളത്തിലിറങ്ങിയാൽ, എന്റെ 120 ശതമാനവും ഞാൻ നൽകുന്നു. ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ വന്നത്. എനിക്ക് 37 വയസ്സായി, അതിനാൽ എന്റെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്.” കോഹ്‌ലി കൂട്ടിച്ചേർത്തു.
എന്തായാലും ആഭ്യന്തര ക്രിക്കറ്റ് കളിച്ചില്ല എങ്കിലും തനിക്ക് കളത്തിൽ വന്നാൽ 100 % ഇപ്പോഴും കളത്തിൽ നൽകാൻ സാധിക്കും എന്ന് കോഹ്‌ലി പറയുകയാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ താരങ്ങൾക്ക് ഒന്നും ടീമിൽ സ്ഥാനം നൽകില്ല എന്ന അഗാർക്കറിന്റെ പുതിയ റൂളിനുള്ള മറുപടിയായിരുന്നു ഈ വാക്കുകൾ.













Discussion about this post