2026 ലെ ഐപിഎൽ മിനി-ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) തന്ത്രങ്ങളെക്കുറിച്ച് സംസാരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. നിരാശാജനകമായ മുൻ സീസണിന് ശേഷം ടീമിനെ തിരിച്ചുകൊണ്ടുവരാനാണ് ടീം മാനേജ്മെന്റ് ശ്രമിക്കുന്നത്. 43.40 കോടി രൂപയുമായി, മിനി ലേലത്തിനെത്തുന്ന ചെന്നൈ ടീം ഒന്ന് സെറ്റ് ആകണം എന്ന് ഉറപ്പിച്ചാണ് എത്തുന്നത്.
ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ മുൻഗണന ഇന്ത്യൻ ഓൾറൗണ്ടറെയും വിദേശ ഓൾറൗണ്ടറെയും സ്വന്തമാക്കാൻ ശ്രമിക്കുമെന്ന് അശ്വിൻ പറഞ്ഞു. ഇത് കൂടാതെ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ലിയാം ലിവിംഗ്‌സ്റ്റോണിനെ ചെന്നൈ സ്വന്തമാക്കാൻ ശ്രമിക്കും എന്നും അശ്വിൻ പറഞ്ഞു. “സിഎസ്‌കെയുടെ ആദ്യ മുൻഗണന വെങ്കിടേഷ് അയ്യർ ആയിരിക്കും. ശരിക്കും അവർ മാക്‌സ്‌വെല്ലിനെ പരിഗണിക്കുമായിരുന്നു. ഇപ്പോൾ അദ്ദേഹം ഇല്ലാത്ത സാഹചര്യത്തിൽ, അത് ലിവിംഗ്‌സ്റ്റോണായിരിക്കും” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
കഴിഞ്ഞ മെഗാ ലേലത്തിൽ 23.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ (കെകെആർ) അയ്യർക്ക് തിളങ്ങാൻ സാധിച്ചില്ല. വരാനിരിക്കുന്ന ലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് അദ്ദേഹം ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്. അതേസമയം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) പുറത്താക്കിയ ലിവിംഗ്‌സ്റ്റൺ, 2025 ലെ ഇന്റർനാഷണൽ ലീഗ് ടി20യിൽ തന്റെ ഫോം കണ്ടെത്തിയിരുന്നു. ഇത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള വിദേശ ഓപ്ഷനുകളിൽ ഒന്നാക്കി മാറ്റി.
മതീഷ പതിരണ പോലുള്ള കളിക്കാരെ വിട്ടയച്ചുകൊണ്ട് സിഎസ്‌കെ ലേലത്തിന് മുമ്പ് ആരാധകരെ ഞെട്ടിച്ചു. ഇത് കൂടാതെ രവിചന്ദ്രൻ അശ്വിൻ ഐപിഎല്ലിൽ നിന്ന് വിരമിച്ചത് അവരുടെ സമ്പാദ്യത്തിലേക്ക് 9 കോടി രൂപ കൂടി കൂട്ടിച്ചേർത്തു. പതിരണയെ വിട്ടയക്കാനുള്ള ചെന്നൈയുടെ തീരുമാനം കാൽകുലേറ്റഡ് ആണെന്നും ലേലത്തിൽ ചെന്നൈക്ക് ബാക്കപ്പ് പ്ലാനുകൾ ഉണ്ടായിരിക്കും എന്നും അശ്വിൻ പറഞ്ഞു.













Discussion about this post