ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇന്ന് നടന്ന എസ്ഐആർ ചർച്ചയിൽ രാഹുൽഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി എംപി നിഷികാന്ത് ദുബെ. ഇന്ത്യയിൽ ഒരു വോട്ട് ചോരി നടന്നിട്ടുണ്ടെങ്കിൽ, അത് നടത്തിയിട്ടുള്ളത് ഇന്ദിരാഗാന്ധിയാണ് എന്ന് നിഷികാന്ത് ദുബെ സൂചിപ്പിച്ചു. ഇന്ദിരാഗാന്ധി വോട്ട് ചോരി നടത്തി റായ്ബറേലി തിരഞ്ഞെടുപ്പിൽ വിജയിച്ചത് കോടതി തടഞ്ഞപ്പോഴാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് എന്നും നിഷികാന്ത് ദുബെ വ്യക്തമാക്കി.
കോടതിയുടെ പ്രതികൂല വിധിക്ക് ശേഷം ഇന്ദിരാഗാന്ധി ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ നിയമനം ഉൾപ്പെടെയുള്ള ജനാധിപത്യ പ്രക്രിയകളെ അട്ടിമറിച്ചു. യോഗ്യതയുള്ള മൂന്ന് ജഡ്ജിമാരെ മറികടന്ന് 8.5 വർഷം തന്റെ സ്ഥാനത്ത് തുടർന്ന ഒരു ചീഫ് ജസ്റ്റിസിനെ തന്റെ താല്പര്യങ്ങൾ നടപ്പിലാക്കാനായി നിയമിച്ചു. ഇപ്പോൾ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് സംസാരിക്കുന്നു, രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെൻ വിരമിക്കുമ്പോൾ അദ്ദേഹത്തെ സുഡാന്റെ അംബാസഡറാക്കുന്നു. വി.എസ്. രമാദേവി വിരമിച്ച ശേഷം ഹിമാചൽ പ്രദേശ് ഗവർണറാകുന്നു. വിരമിച്ച ശേഷം ടി.എൻ. ശേഷൻ ഗുജറാത്തിൽ ബിജെപിക്കെതിരെ സ്ഥാനാർത്ഥിയായി. എം.എസ്. ഗിൽ വിരമിച്ച ശേഷം, 10 വർഷത്തിലേറെ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിക്കുകയും പാർലമെന്റിൽ തുടരുകയും ചെയ്തു. ഇങ്ങനെ ഓരോ തിരഞ്ഞെടുപ്പ് കമ്മീഷനേയും തങ്ങളുടെ പാവകളായി കൊണ്ട് നടന്നവരാണ് കോൺഗ്രസ്. എന്ത് ന്യായത്തെക്കുറിച്ചാണ് ഇപ്പോൾ നിങ്ങൾ സംസാരിക്കുന്നത്? ഇപ്പോൾ കോൺഗ്രസ് സിബിഐയെക്കുറിച്ച് സംസാരിക്കുന്നു, സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അശ്വനി കുമാറിനെ സിബിഐ ഡയറക്ടറാക്കിയവരാണ് കോൺഗ്രസ്സ്. കോൺഗ്രസിന്റെ അഹമ്മദ് പട്ടേലുമായി ദിവസവും കൂടിക്കാഴ്ച നടത്തിയിരുന്ന രഞ്ജിത് സിൻഹയെ സിബിഐ ഡയറക്ടറായി നിയമിച്ചവരാണ്. ഇപ്പോൾ ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കാൻ നോക്കുന്നത്? എന്നും നിഷികാന്ത് ദുബെ ചോദ്യമുന്നയിച്ചു.










Discussion about this post