ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, എം.ജി. സോമൻ, രതീഷ്, ശോഭന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കമ്മീഷണർ. സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നായാണ് ഈ സിനിമയെ കണക്കാക്കുന്നത്. ഭരത് ചന്ദ്രൻ എന്ന കഥാപാത്രം അദ്ദേഹത്തിന് ‘ആക്ഷൻ സൂപ്പർസ്റ്റാർ’ എന്ന പദവി നേടിക്കൊടുത്തു.
സിനിമയിലെ തീപ്പൊരി ഡയലോഗുകൾക്ക് വലിയ ആരാധകരുണ്ട്. രഞ്ജി പണിക്കരുടെ എഴുത്തിലെ ആവേശകരമായ ആ ഡയലോഗുകൾ ഒരു സമയത്ത് കേരളത്തിൽ തരംഗമായിരുന്നു. സിനിമയിലെ ” ജസ്റ്റ് റിമെംബർ ദാറ്റ്” എന്ന ഡയലോഗൊക്കെ ഒരിക്കലെങ്കിലും പറയാത്ത മലയാളികൾ ഉണ്ടാകില്ല. ഭരത് ചന്ദ്രൻ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി പിന്നീട് രണ്ട് സിനിമകൾ കൂടി പുറത്തിറങ്ങി എന്നതിൽ നിന്ന് തന്നെ മനസിലാകുമല്ലോ ആ സിനിമയുടെ റേഞ്ച്.
ഈ സിനിമയിൽ ഒരുപാട് മാസ് സീനുകൾ ഉണ്ടെങ്കിലും ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്നത് നടുറോഡിലിട്ട് സുരേഷ് ഗോപി വില്ലന്റെ അനുജനായ ബൈജുവിനെ തള്ളുന്ന രംഗമായിരുന്നു. ശരിക്കും സുരേഷ് ഗോപിയുടെ ഒരു വൺ മാൻ ഷോ തന്നെ ആയിരുന്നു ഈ സിനിമയിലെ ആ രംഗങ്ങൾ എല്ലാം. എന്നാൽ നടുറോഡിൽ അത്രയും ജനങ്ങളുടെ മുന്നിലിട്ട് ഈ സീൻ അന്നത്തെ കാലത്ത് എടുത്തത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ.
അന്ന് തിരക്കേറിയ തിരുവനന്തപൂരം നഗരത്തിൽ 2 മണിക്കൂർ ട്രാഫിക്ക് മുഴുവൻ പിടിച്ചിട്ട വേണ്ട രംഗങ്ങൾ എല്ലാം ഷൂട്ട് ചെയ്യാൻ ഷാജി കൈലാസിന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ അനുമതി കൊടുക്കുക ആയിരുന്നു. അതുകൊണ്ട് തന്നെയാണ് ജനങ്ങൾ എല്ലാം കൂടി നിൽക്കുന്ന ആ രംഗത്തിന് സ്വാഭാവികത ഉണ്ടായത്. അന്ന് രണ്ട് ക്യാമറയിൽ ഷൂട്ട് ചെയ്ത ഈ രംഗങ്ങൾ വേഗം എടുത്ത് തീർക്കാൻ ഒരു ക്യാമറയിൽ ഷൂട്ട് ചെയ്തത് സംവിധായകൻ ഷാജി കൈലാസ് തന്നെ ആയിരുന്നു.













Discussion about this post