തദ്ദേശതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മൂന്നാം ഇടതുപക്ഷ സർക്കാരെന്ന എൽഡിഎഫിൻ്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയെന്നോണം ഫലസൂചനകൾ. കാസർകോട് മുതൽ തിരുവനന്തപുരം വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞിരിക്കുകയാണ് ഇടതുപക്ഷം. എൽഡിഎഫിന് കോട്ടമുണ്ടായ ഇടങ്ങളിലധികവും എൻഡിഎ ശക്തമായ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കുപ്രകാരം 941 പഞ്ചായത്തുകളിൽ 441 പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. 372 പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറ്റം. 80 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫാണ് മുന്നിൽ. 63 ഇടത്ത് എൽഡിഎഫ് മുന്നിലെത്തി. ജില്ലാ പഞ്ചായത്തുകളിൽ 7-7 എന്ന നിലയിലാണ്. 27 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നു.
കോർപ്പറേഷനുകളിൽ കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് നിലനിർത്താനായത്. ഇവിടെയും ഗണ്യമായ തോതിൽ സീറ്റുകൾ നഷ്ടമായി. തിരുവനന്തപുരത്ത് മികച്ച ലീഡുമായിി എൻഡിഎ കുതിക്കുകയാണ്. കൊല്ലം കോർപ്പറേഷൻ, ആലപ്പുഴ ജില്ല എന്നിവിടങ്ങളിലെ ബിജെപിയുടെ മുന്നേറ്റം ഇടത് വലത് മുന്നണികൾക്ക് വലിയ അങ്കലാപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കൊല്ലം കോര്‍പ്പറേഷന്‍ വന്‍ തിരിച്ചടിയാണ് എല്‍ഡിഎഫിനുണ്ടായത്. മൂന്നുതവണ കോര്‍പറേഷന്റെ മേയറായിരുന്ന ഹണി ബെഞ്ചമിന്‍, മുൻമേയർമാരായ വി.രാജേന്ദ്രബാബു, മുൻ ഡെപ്യൂട്ടിമേയർ വിജയ ഫ്രാൻസിസ് എന്നിവർ തോറ്റു.









Discussion about this post