2026 ടി20 ലോകകപ്പ് ആരും കാണാൻ താല്പര്യപ്പെടില്ലെന്ന കടുത്ത വാദവുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ലോകകപ്പുകൾ നാല് വർഷത്തിലൊരിക്കൽ നടക്കുമ്പോഴുള്ള ആവേശം ഇപ്പോൾ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഓരോ വർഷവും ഓരോ ഐസിസി ടൂർണമെന്റുകൾ വരുന്നത് കാണികളിൽ വിരസത ഉണ്ടാക്കുന്നു എന്ന വാദവും അദ്ദേഹം ഉന്നയിച്ചു.
2023-ൽ ഏകദിന ലോകകപ്പ്, 2024-ൽ ടി20 ലോകകപ്പ്, 2025-ൽ ചാമ്പ്യൻസ് ട്രോഫി, ഇപ്പോൾ വീണ്ടും 2026-ൽ ടി20 ലോകകപ്പ് എന്നിങ്ങനെ തുടർച്ചയായി മത്സരങ്ങൾ വരുന്നത് ആരാധകരുടെ താല്പര്യം കുറയ്ക്കുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെ, “ഇത്തവണത്തെ ടി20 ലോകകപ്പ് കാണാൻ ആരും മെനക്കെടില്ല” എന്ന കടുത്ത പരാമർശമാണ് അശ്വിൻ നടത്തിയത്. ഇന്ത്യയും അമേരിക്കയും അല്ലെങ്കിൽ ഇന്ത്യയും നമീബിയയും തമ്മിലുള്ള ഏകപക്ഷീയമായ മത്സരങ്ങൾ ആരാധകരെ ടെലിവിഷൻ സ്ക്രീനുകളിൽ നിന്ന് അകറ്റുമെന്നും അശ്വിൻ നിരീക്ഷിക്കുന്നു.
ഐസിസി ടൂർണമെന്റുകൾ നടക്കുമ്പോൾ പഴയ കാലങ്ങളിൽ ആദ്യ റൗണ്ടുകളിൽ തന്നെ ഇന്ത്യയും ഇംഗ്ലണ്ടും അല്ലെങ്കിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വാശിയേറിയ മത്സരങ്ങൾ നടക്കുമായിരുന്നു. ആ ആവേശം പുതിയ ഫോർമാറ്റുകളിൽ നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. ടീമുകൾ തമ്മിലുള്ള നിലവാര വ്യത്യാസം സ്ഥിരമായി കളിക്കുന്ന രാജ്യങ്ങളും പുതുതായി എത്തുന്ന രാജ്യങ്ങളും തമ്മിലുള്ള കളിയിലെ നിലവാരത്തിലുള്ള വലിയ വിടവ് മത്സരത്തിന്റെ ഗൗരവം കുറയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
വമ്പൻ ടീമുകൾ ദുർബലരായ ടീമുകളെ പരാജയപ്പെടുത്തുന്ന പ്രവചനാതീതമല്ലാത്ത മത്സരങ്ങൾ ടൂർണമെന്റിന്റെ ആവേശം കെടുത്തുന്നു. ശക്തരായ ടീമുകൾ തമ്മിലുള്ള കടുത്ത പോരാട്ടങ്ങളാണ് ലോകകപ്പിന്റെ മാറ്റ് കൂട്ടേണ്ടതെന്നും അശ്വിൻ ഐസിസിക്ക് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കുന്നു.












Discussion about this post