കൊച്ചി; ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായെന്ന് മന്ത്രി പി രാജീവ്. വൈകിട്ടോടെ തീ പൂർണമായി അണയ്ക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് വലിയ ഹൈപവർ ഡീ വാട്ടറിംഗ് പമ്പ് സെറ്റുകൾ ഉപയോഗിച്ച് കടമ്പ്രയാറിൽ നിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്ളോട്ടിംഗ് ജെസിബി യുടെ സഹായത്തോടെ കടമ്പ്രയാർ വൃത്തിയാക്കിയാണ് ജലമെടുക്കുന്നത്. 32 ഫയർ എൻജിനുകളാണ് തീയണയ്ക്കുന്നത്. കൂടുതൽ പോർട്ടബിൾ പമ്പുകൾ കൂടി സജ്ജീകരിക്കും.
കടമ്പ്രയാറിൽ നിന്ന് വെള്ളമെടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായാൽ എഫ്.എ.സി.ടി.യിലെ തടാകത്തിൽ നിന്നെടുക്കും. മാലിന്യം ശേഖരിക്കൽ പുനരാരംഭിക്കുന്നതുവരെ മാലിന്യ സംസ്‌കരണത്തിന് താത്കാലിക സംവിധാനം ഏർപ്പെടുത്തും.
തീപിടിത്തത്തെ തുടർന്നുണ്ടായ പുകമൂലം നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പുക പടർന്നിരിക്കുന്ന പ്രദേശങ്ങളിലുളളവർ എൻ 95 മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
മന്ത്രിമാരായ പി. രാജീവ്, മന്ത്രി വീണാ ജോർജ്, എം.ബി. രാജേഷ്, മേയർ എം. അനിൽ കുമാർ, എം.എൽ.എമാരായ പി.വി. ശ്രീനിജിൻ, ടി.ജെ. വിനോദ്, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ഡോ. രേണു രാജ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ, സബ് കളക്ടർ പി. വിഷ്ണു രാജ്, വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഭാവിയിൽ തീപിടിത്തം ഉണ്ടായാൽ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊച്ചി കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ഏകോപന സമിതി രൂപീകരിച്ചു.
Discussion about this post