സ്ത്രീവിമോചനത്തിന്റെ പോരാട്ടനാളുകളെ വിദേശീയരുടെ മാത്രം പരിഷ്‌ക്കരണങ്ങളോട് ചേർത്ത് വയ്ക്കുവാനാണ് പല ചരിത്രകാരന്മാർക്കും താത്പര്യം. സ്ത്രീവിമോചനവക്താക്കളെന്നാൽ ആദ്യ പേരുകാർ വിദേശീയരെന്നാണ് അന്നും ഇന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. സ്വയം പരിഷ്‌ക്കാരികളെന്ന് അഭിമാനിക്കുന്നതിന് മുൻപ് പാശ്ചാത്യവനിതകൾ അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ ചരിത്രത്താളുകളിൽ നിന്ന് മന:പൂർവ്വം കുഴിച്ചുമൂടാൻ അവർ മറന്നില്ല.
എത്ര മായ്ക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തുവരും എന്ന പോലെ 19 ാം നൂറ്റാണ്ടിലെ ബ്രീട്ടീഷ് വനിതകളുടെ ദയനീയവസ്ഥ വിവരിക്കുന്ന ഒന്നാണ് ഡോ. കേറ്റ് ലിസ്റ്ററിയുടെ ലേഖനം. ഭാര്യയെ വിൽക്കാൽ പോലും മടിക്കാണിക്കാത്ത പുരുഷന്മാരെ വരച്ചുവയ്ക്കുകയാണ് കേറ്റ്.
ഭർത്താവിന് തന്നിൽ താത്പര്യം നഷ്ടപ്പെടുന്നതോടെ കാലിചന്തയിൽ വിൽപ്പനച്ചരക്കായി മാറേണ്ടിവന്ന സ്ത്രീജീവിതങ്ങളെപറ്റിയും കേറ്റ് ചർച്ച ചെയ്യുന്നു. 1857 ലെ മാട്രിമോണിയൽ കോസസ് ആക്ട് നിലവിൽ വരുന്നത് വരെ ബ്രിട്ടനിൽ വിവാഹമോചനം എന്നത് അങ്ങനെ എളുപ്പം സാധ്യമായ ഒന്നായിരുന്നില്ല. വ്യഭിചാരകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്ന് തെളിഞ്ഞാൽ മാത്രമേ അന്ന് വിവാഹമോചനം സാധ്യമായിരുന്നുള്ളൂ.
വിവാമോചനമല്ലെങ്കിൽ പിന്നെന്ത്? ;ചിരിച്ച് പങ്കാളിയെ സഹിക്കുക, അല്ലെങ്കിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുക,ഉപേക്ഷിക്കുക,അങ്ങനെ പല വഴികളാണ് പുരുഷന്മാർക്ക് മുമ്പിലുള്ളത്. ഇതിൽ ഏറ്റവും ക്രൂരമായും പൈശാചികമായതും ലേലചന്തയിൽ ഭാര്യയെ വിൽക്കുന്നതായിരുന്നു. കന്നുകാലികളെ പോലെ കഴുത്തിൽ കയർകെട്ടി ജീവിതപങ്കാളിയെ ചന്തയിലെത്തിക്കും. ഏറ്റവും കൂടുതൽ വില പറയുന്ന ആൾക്ക് ഭാര്യയെ വിറ്റ് പണം പോക്കറ്റിലാക്കും. വിൽക്കപ്പടേണ്ട സ്ത്രീകളെ കന്നുകാലികളെപ്പോലെയാണ് പരിഗണിച്ചിരുന്നത്. അന്നത് രാജ്യത്ത് സർവ്വസാധാരണമായിരുന്നു. ലേലത്തിന് മുൻപ്, സ്ത്രീയെ വിൽക്കാനുണ്ടെന്ന് മുൻകൂട്ടി പരസ്യം ചെയ്ത് ഡിമാന്റും വർദ്ധിപ്പിക്കും. തുടർന്ന് പ്രസ്തുത ദിവസം ഒരു ലേലക്കാരന്റെ മേൽനോട്ടത്തിൽ ലേലം ആരംഭിക്കുകയായി. സൗന്ദര്യവും ആകാരവടിവും എല്ലാം മാനദണ്ഡമാകും. ചിലർ ഒരു പാത്രം മദ്യത്തിനും ഒരു പൈന്റ് ബിയറിന് വരെ ഭാര്യമാരെ ലേലത്തിന് വിറ്റു.
സ്ത്രീകൾ പിശാചിന്റെ സൃഷ്ടിയാണെന്ന് വാദിച്ച് മന്ത്രവാദികളെന്ന് മുദ്രകുത്തിയും അവരെ ചുട്ടരിക്കും. ഗ്രാമീണ വൈദ്യം സ്വായത്വമാക്കിയ സ്ീ്രകൾ, പ്രസവവേദനയും മറ്റ് സ്ത്രീസംബന്ധമായ ബുദ്ധിമുട്ടുകളുടെ വേദനകൾ ലഘൂകരിക്കാനുള്ള ചികിത്സകൾ അറിയുന്നവർ, സഭയുടെ കൽപ്പനകൾ പാലിക്കാത്ത സ്ത്രീകൾ എന്നിവർ അക്കാലത്ത് നോട്ടപ്പുള്ളികളായി. പതിനഞ്ചാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയ്ക്ക് ഏകദേശം 60,0000 ത്തിലധികം സ്ത്രീകളാണ് ഇത്തരത്തിൽ അഗ്നിക്കിരയായത്.
ഇത്തരം കൊടും ക്രൂരതകൾ പിന്തുടർന്ന് പോന്നിരുന്ന രാജ്യത്ത് നൂറ്റാണ്ടുകൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്ക് ശേഷമാണ് ക്രൂരമായ ആചാരങ്ങൾക്ക് അവസാനം കണ്ടത്.
Discussion about this post