തിരുവനന്തപുരം: ജാതീയ അധിക്ഷപം സംബന്ധിച്ച പരാതിയിൽ പോലീസ് കേസ് എടുക്കാത്തതിൽ സി ഡിറ്റ് ഉദ്യോഗസ്ഥ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മ്യൂസിയം പോലീസിന്റെ അനാസ്ഥയിൽ മനംനൊന്താണ് ഉദ്യോഗസ്ഥ ജീവനൊടുക്കാൻ ശ്രമിച്ചത്. അതേസമയം ഇതിന് പിന്നാലെ പരാതിയിൽ പോലീസ് കേസ് എടുത്തു.
ഇക്കഴിഞ്ഞ അഞ്ചിനാണ് യുവതി പോലീസിൽ പരാതി നൽകിയത്. മേലുദ്യോഗസ്ഥ ജാതീയമായി അധിക്ഷേപിച്ചെന്നും നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതി. എന്നാൽ പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും സംഭവത്തിൽ കേസ് എടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. ഇതിനെല്ലാം പുറമേ പരാതി നൽകിയതിന് തൊട്ട് പിന്നാലെ ഒത്തു തീർപ്പിനായി വിളിച്ചുവരുത്തിയെന്നും ഉദ്യോഗസ്ഥ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞു കേസ് എടുക്കാത്തതിന്റെ കാരണം എന്തെന്ന് യുവതി ആരാഞ്ഞിരുന്നു. സി ഡിറ്റിലെ ആഭ്യന്തരപരാതി പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷമേ നടപടി സ്വീകരിക്കൂ എന്നായിരുന്നു ഇതിന് പോലീസ് നൽകിയിരുന്ന മറുപടി. ശനിയാഴ്ച മേലുദ്യോഗസ്ഥയ്‌ക്കെതിരെ ആഭ്യന്തര പരാതി കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും പോലീസ് കേസ് എടുക്കാൻ തയ്യാറായില്ല. ഇതോടെയാണ് ഉദ്യോഗസ്ഥ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അമിത അളവിൽ മയക്കുമരുന്ന് കഴിച്ചായിരുന്നു ആത്മഹത്യാശ്രമം. തക്ക സമയത്ത് കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചതിനാൽ അപായമുണ്ടായില്ല. നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. അതേസമയം പരാതി വിശദമായി പരിശോധിക്കേണ്ടതിനാലാണ് കേസ് എടുക്കാൻ വൈകിയത് എന്നാണ് സംഭവത്തിൽ പോലീസ് നൽകുന്ന വിശദീകരണം.
Discussion about this post