പാലക്കാട്: മാത്തൂരിൽ ഒട്ടകത്തെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മാത്തൂർ സ്വദേശികളും ഇതര സംസ്ഥാനക്കാരുമായ ആറ് പേരാണ് അറസ്റ്റിലായത്. ഒട്ടകത്തെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
മാത്തൂരിലെ പള്ളിപ്പെരുന്നാളിൽ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഒട്ടകത്തെ എത്തിച്ചത്. പരിപാടി കഴിഞ്ഞ ശേഷം ഒട്ടകത്തെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ക്രൂര മർദ്ദം. ഒട്ടകത്തിന് ചുറ്റും നിന്ന് പ്രതികൾ വടി കൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് ഒട്ടകം ഞെരിപിരി കൊള്ളുന്നതിന്റെയും അവശനായി വീഴുന്നതിന്റെയും ദൃശ്യങ്ങൾ സംഭവ സമയം അവിടെയുണ്ടായിരുന്ന ഒരാളാണ് ഫോണിൽ പകർത്തിയത്. അവശനായ ഒട്ടകത്തെ പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് വാഹനത്തിൽ കയറ്റിയത്.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ മൃഗ സംരക്ഷണ വകുപ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു പോലീസ് കേസ് എടുത്തത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശിയായ മണികണ്ഠൻ (40), തെലങ്കാന സ്വദേശി ശ്യാം ഷിൻഡെ (32), മധ്യപ്രദേശ് സ്വദേശി കിഷോർ ജോഗി (35), മാത്തൂർ സ്വദേശികളായ അബ്ദുൾ കരീം (32), സെയ്ദു മുഹമ്മദ് (36), ഷമീർ (32) എന്നിവരാണ് അറസ്റ്റിലായത്. ഒട്ടകത്തിന്റെ ഉടമയാണ് മണികണ്ഠൻ. അബ്ദുൾ കരീം, സെയ്ദു മുഹമ്മദ്, ഷമീർ എന്നിവർ പള്ളിക്കമ്മിറ്റി ഭാരവാഹികളാണ്.
Discussion about this post