കറാച്ചി; ആട്ടയ്ക്കും ചിക്കനും പിന്നാലെ പാകിസ്താനിൽ തേയിലയ്ക്കും കാപ്പിപ്പൊടിക്കും വില കുതിക്കുന്നു. കഴിഞ്ഞ 15 ദിവസത്തിനുളളിൽ ഒരു കിലോ കാപ്പിപ്പൊടി്ക്ക് 1,100 പാകിസ്താൻ രൂപയിൽ നിന്ന് വില 1600 ലേക്ക് ഉയർന്നു. രാജ്യത്തേക്ക് തേയിലയും കാപ്പിപ്പൊടിയുമായി വന്ന കണ്ടെയ്‌നറുകൾ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നതും ഇറക്കുമതി പ്രതിസന്ധിയിലായതുമാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ഡിസംബർ അവസാനവാരം എത്തിയ 250 കണ്ടെയ്‌നർ തേയിലയും കാപ്പിപ്പൊടിയുമാണ് തുറമുഖങ്ങളിൽ തന്നെ തുടരുന്നത്. 170 ഗ്രാം പായ്ക്കറ്റുകൾക്ക് 60 രൂപയിലധികവും 900 ഗ്രാം പായ്ക്കറ്റുകൾക്ക് 100 രൂപയിലധികവുമാണ് പ്രമുഖ ബ്രാൻഡുകൾ വില വർദ്ധിപ്പിച്ചത്. കൂടുതൽ കമ്പനികൾ ഈ പാത പിന്തുടർന്ന് വില ഉയർത്താനുളള തീരുമാനത്തിലാണ്.
ലെറ്റർ ഓഫ് ക്രെഡിറ്റുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ നിശ്ചയിച്ച 180 ദിവസത്തെ കാലാവധിയും ഇറക്കുമതി ബിസിനസുകാർക്ക് വെല്ലുവിളിയായി. 180 ദിവസത്തെ കാലാവധിയിൽ ആരും കണ്ടെയ്‌നറുകൾ വിട്ടുനൽകില്ലെന്നും കാരണം ഡോളറിനെ അപേക്ഷിച്ചുളള രൂപയുടെ മൂല്യം ആറ് മാസങ്ങൾക്ക് ശേഷം എന്താകുമെന്ന് അവർക്ക് ഊഹിക്കാനാകില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് ബാങ്കുകൾ ലെറ്റർ ഓഫ് ക്രെഡിറ്റ് ഓപ്പൺ ചെയ്യുന്നില്ലെന്ന് പാകിസ്താൻ ടീ അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗം സീഷാൻ പറയുന്നു. റംസാന് മുന്നോടിയായുളള വിലക്കയറ്റം നിസാരമായി തളളിക്കളയാനാകില്ലെന്നും ഒരുപക്ഷെ റംസാൻ സമയത്ത് കിലോയ്ക്ക് 2500 രൂപ വരെയായി ഉയർന്നേക്കുമെന്നും വിപണി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കെട്ടിക്കിടക്കുന്ന ചരക്കുകൾ വിപണിയിലെത്തിച്ച് താൽക്കാലിക ആശ്വാസം ഒരുക്കുകയാണ് വില പിടിച്ചുനിർത്താനുളള വഴിയെന്ന് ഇവർ പറയുന്നു.
തുറമുഖങ്ങളിൽ പിടിച്ചിട്ടിരിക്കുന്ന കണ്ടെയ്‌നറുകൾ വിപണിയിലെത്തിച്ചാലും റേഷൻ സംവിധാനത്തിലൂടെ ഇത് നൽകേണ്ടി വരുമെന്നതാണ് അവസ്ഥ. ഇല്ലെങ്കിൽ പൂഴ്ത്തിവെയ്പും കരിഞ്ചന്തയും ഉൾപ്പെടെ നടക്കാൻ സാദ്ധ്യതയുണ്ടെന്നും രാജ്യത്തെ ദരിദ്ര വിഭാഗങ്ങളിലേക്ക് ഇത് എത്തില്ലെന്നും മാർക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ പാകിസ്താൻ പ്രധാനമായും തേയില ഇറക്കുമതി ചെയ്യുന്നത് കെനിയയിൽ നിന്നാണ്. അതുകൊണ്ടു തന്നെ പ്രതിസന്ധി പരിഹരിക്കാൻ കെനിയയുമായി മുൻഗണനാ വ്യാപാര കരാറിൽ ഒപ്പുവെയ്ക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന തേയിലയിലെ 90 ശതമാനവും മൊംബാസയിൽ നിന്നാണ് ലേലത്തിൽ പോകുന്നത്. 500 മില്യൻ ഡോളറിന്റെ തേയിലയാണ് പാകിസ്താൻ കെനിയയിൽ നിന്നും ഓരോ വർഷവും ഇറക്കുമതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഐഎംഎഫ് വായ്പയുമായി ബന്ധപ്പെട്ട് പാകിസ്താൻ ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നികുതി നിർദ്ദേശങ്ങൾ രാജ്യത്ത് നടപ്പാക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് ഭക്ഷ്യവസ്തുക്കളുടെ ക്ഷാമവും രൂക്ഷമാകുന്നത്.
Discussion about this post